Top

'പ്രതിഷേധിക്കുന്നവരെ ഉന്മൂലനം ചെയ്യൽ ഭരണകൂടത്തിന്റെ പ്രഖ്യാപിത ലക്ഷ്യമായി മാറുന്നു'; മുനവറലി ശിഹാബ് തങ്ങൾ

ന്യൂനപക്ഷത്തിന്റെ അവകാശങ്ങൾ ഏറ്റവും ക്രൂരമായി ഇല്ലാതാക്കുന്ന രാജ്യമായി ഫാസിസ്റ്റ് ഏകാധിപതികൾ ഇന്ത്യയെ മാറ്റുകയാണെന്നും അദ്ദേഹം വിമർശിച്ചു.

14 Jun 2022 12:59 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പ്രതിഷേധിക്കുന്നവരെ ഉന്മൂലനം ചെയ്യൽ ഭരണകൂടത്തിന്റെ പ്രഖ്യാപിത ലക്ഷ്യമായി മാറുന്നു; മുനവറലി ശിഹാബ് തങ്ങൾ
X

കോഴിക്കോട്: ഫാസിസ്റ്റ് വ്യാപനത്തിന് തടയിടാൻ ജുഡീഷ്യറിക്കും ജനാധിപത്യ ബ്ലോക്കുകൾക്കുമല്ലാതെ സാധിക്കില്ലെന്ന് വ്യക്തമാവുകയാണെന്ന് യൂത്ത് ലീ​ഗ് നേതാവ് പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍. പ്രതിഷേധിക്കുന്നവരെ ഉന്മൂലനം ചെയ്യുന്ന രീതി ഭരണകൂടത്തിന്റെ പ്രഖ്യാപിത ലക്ഷ്യമായി മാറുകയാണ്. ഭരണകൂട അനീതിയുടെ ചിഹ്നമായി ബുൾഡോസർ രാജ് മാറുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രവാചകൻ മുഹമ്മദ് നബിയുടെ വ്യക്തിത്വം യാതൊരു തത്വദീക്ഷയുമില്ലാതെ നിന്ദിക്കപ്പെടുകയാണെന്നും മുനവറലി ശിഹാബ് തങ്ങൾ ഫേസ്ബുക്കിൽ കുറിച്ചു.

ന്യൂനപക്ഷത്തിന്റെ അവകാശങ്ങൾ ഏറ്റവും ക്രൂരമായി ഇല്ലാതാക്കുന്ന രാജ്യമായി ഫാസിസ്റ്റ് ഏകാധിപതികൾ ഇന്ത്യയെ മാറ്റുകയാണെന്നും അദ്ദേഹം വിമർശിച്ചു. നീതി ലഭ്യമാക്കേണ്ട സർക്കാർ തന്നെ ഹിംസയുടെ നടത്തിപ്പുകാരായി മാറുമ്പോൾ നിസ്സഹായരായവരുടെ പ്രതീക്ഷയാണ് അസ്തമിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

മുനവറലി ശിഹാബ് തങ്ങളുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം,

ഒരു സമൂഹം ജീവനേക്കാൾ സ്നേഹിക്കുന്ന,അന്ത്യ പ്രവാചകൻ എന്ന് വിശ്വസിക്കുന്ന ഉത്‌കൃഷ്ടനായ ഒരു മഹദ് വ്യക്തിത്വം യാതൊരു തത്വദീക്ഷയുമില്ലാതെ നിന്ദിക്കപ്പെടുന്നു. പ്രതിഷേധിക്കുന്നവരെ ക്രൂരമായി ഇല്ലാതാക്കുകയും അടിച്ചമർത്തുകയും ചെയ്യുന്നു. ഭരണകൂട അനീതിയുടെ ചിഹ്നമായി ബുൾഡോസർ രാജ് രൂപം കൊള്ളുന്നു. മുസ്ലികളും ദളിതുകളും ഈ അനീതിയുടെ ഇരകളായി തീരുന്നു. പ്രതിഷേധിക്കുന്നവരെ ഉന്മൂലനം ചെയ്യുക എന്നത് ഭരണകൂടത്തിന്റെ പ്രഖ്യാപിത ലക്ഷ്യമായി മാറുന്നു.

പൗരാവകാശങ്ങൾ അഥവാ ന്യൂനപക്ഷാവകാശങ്ങൾ ഏറ്റവും ക്രൂരമായി ഇല്ലായ്‌മ ചെയ്യുന്ന രാജ്യമായി ഫാഷിസ്റ്റ് ഏകാധിപതികൾ ഇന്ത്യയെ മാറ്റി കൊണ്ടിരിക്കുന്നു. വിശ്വസ്നേഹത്തിന്റെ പ്രതീകമായി ലോകം ദർശിച്ചിരുന്ന ഇന്ത്യ എന്ന നമ്മുടെ അഭിമാന രാജ്യത്തിന്റെ മനോഹരമായ പൈതൃകത്തെ ഭരണകൂടം ദയാരഹിതമായി തിരുത്തി കുറിക്കുന്നതിന്റെ അട്ടഹാസങ്ങൾ നിരന്തരം കേട്ടുകൊണ്ടിരിക്കുന്നു. ഫാഷിസത്തിലേക്ക് നടന്നടുത്തു കൊണ്ടിരിക്കുന്ന ഒരു രാഷ്ട്രീയത്തിന്റെ ഭയപ്പെടുത്തുന്ന ഒരു ഘട്ടമാണ് ഇത്തരത്തിൽ നമുക്ക് മുൻപിലൂടെ കടന്നു പോവുന്നത്.

നീതി ലഭ്യമാക്കേണ്ട സർക്കാർ തന്നെ ഹിംസയുടെ നടത്തിപ്പുകാരായി മാറുമ്പോൾ നിസ്സഹായരായ മനുഷ്യരുടെ അവസാന പ്രതീക്ഷകളും ഇല്ലാതാവുകയാണ്. നീതി പീഠങ്ങളുടെ ഇടപെടലുകളും ജനാധിപത്യ രാഷ്ട്രീയത്തിന്റെ ബ്ലോക്കുകൾക്കും മാത്രമല്ലാതെ,ഈ ഫാഷിസ്റ്റ് വ്യാപനത്തിന് പ്രതിരോധം തീർക്കാനാവില്ലെന്ന യാഥാർത്ഥ്യം കൂടുതൽ വ്യക്തമാവുകയാണ്. ഇന്ത്യ ഇന്ത്യ അല്ലാതാവുന്നതിന് മുമ്പ് അത് സാധ്യമാവുമോ എന്നതാണ് നമുക്ക് മുൻപിലുള്ള ചോദ്യം !

STORY HIGHLIGHTS: Sayyid Munavvar Ali Shihab Thangal says Eliminating the protesters is the declared goal of the government

Next Story