ഇടുക്കിയില്‍ വാക്കുതർക്കത്തിനിടെ സഹോദരനെ വെടിവെച്ചു; പ്രതി ഒളിവില്‍
കഴുത്തിന് വെടിയേറ്റ സിബി നിലവില്‍ അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
17 March 2022 11:34 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഇടുക്കി: വാക്ക് തര്‍ക്കത്തിനിടെ സഹോദരന് നേരെ വെടിയുതിര്‍ത്ത മാങ്കുളം സ്വദേശി ഒളിവില്‍. സുഹൃത്തിനെ ചൊല്ലിയുണ്ടായ വാക്ക് തര്‍ക്കമാണ് വെടിവെയ്പ്പില്‍ കലാശിച്ചത്. തര്‍ക്കം രൂക്ഷമായതോടെയാണ് ജേഷ്ഠ സഹോദരനായ മാങ്കുളം കുരിശുപാറ സ്വദേശി സിബി ജോര്‍ജിന് നേരെ അനിയന് സാന്റോ വെടിവെച്ചത്. കഴുത്തിന് വെടിയേറ്റ സിബി നിലവില്‍ അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
കഴിഞ്ഞ ദിവസം രാത്രിലാണ് സംഭവം. സഹോദരങ്ങളായ സിബിയും സാന്റോയും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടാകുകയും തുടര്‍ന്ന് സാന്റോ സിബിക്ക് നേരെ എയര്‍ ഗണ്‍ ഉപയോഗിച്ച് വെടിവെയ്ക്കുകയുമായിരുന്നു. സിബിയുടെ കഴുത്തിന് നേരെ മൂന്ന് തവണയാണ് സാന്റോ വെടിവെച്ചത്. തുടര്‍ന്ന് അവശനിലയിലായ സിബിയെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്.
കഴുത്തിനേറ്റ വെടുവെയ്പ്പില് അന്നനാളം വഴി ശ്വാസകോശത്തിലേക്ക് എത്തിയ പെല്ലറ്റ് അഞ്ചു മണിക്കൂര്‍ നീണ്ടുനിന്ന ശാസ്ത്രക്രിയയിലൂടെയാണ് പുറത്ത് എടുത്തത്. സിബി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
സംഭവത്തില്‍ പ്രതി സാന്റോയ്ക്കെതിരെ 307 വകുപ്പ് പ്രകാരം ഉടുമ്പന്‍ചോല പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഒളിവിലായ പ്രതിയ്ക്കായി അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. രണ്ട് മാസത്തിനുള്ളില്‍ എയര്‍ ഗണ്‍ ഉപയോഗിച്ചുള്ള രണ്ടാമത്തെ വെടി വയ്പ്പാണ് ഇടുക്കിയില്‍ നടന്നതെന്നും പൊലീസ് പറയുന്നു. ബി എല്‍ റാമില്‍ വഴിതര്‍ക്കത്തെ തുടര്‍ന്ന് കഴിഞ്ഞ മാസവും സമാനമായ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
STORY HIGHLIGHTS: Man shot in Idukki during argument with brother