ജീവന് രക്ഷാ ഉപകരണങ്ങള്‍ക്ക് സൗജന്യ വൈദ്യുതി നല്‍കുന്നില്ല; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്
വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ബെഡ്, ഓക്സിജന്‍ കോണ്സണ്ട്രേറ്റര് തുടങ്ങിയ ജീവന് രക്ഷാ ഉപകരണങ്ങള്‍ക്ക് വൈദ്യുതി പൂര്‍ണമായി സൗജന്യമാക്കിയത് 2019 ലാണ്.
22 Dec 2021 12:19 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ജീവന് രക്ഷാ ഉപകരണങ്ങള്‍ക്ക് സൗജന്യമായി വൈദ്യുതി നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ലെന്ന പരാതിയില്‍ കേസ് എടുത്ത് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്. ഇക്കാര്യം പരിശോധിച്ച് നാലാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വൈദ്യുതി ബോര്‍ഡ് ചീഫ് എഞ്ചിനീയറോട് കമ്മീഷന് അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. മനുഷ്യാവകാശ പ്രവര്‍ത്തകനായ രാഗം റഹിം സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന് കേസ് എടുത്തത്.
വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ബെഡ്, ഓക്സിജന്‍ കോണ്സണ്ട്രേറ്റര് തുടങ്ങിയ ജീവന് രക്ഷാ ഉപകരണങ്ങള്‍ക്ക് വൈദ്യുതി പൂര്‍ണമായി സൗജന്യമാക്കിയത് 2019 ലാണ്. പതിനായിരക്കണക്കിന് കുടുംബങ്ങള്‍ക്ക് ഇത് ഗുണം ചെയ്യും. 2014 ലെ ഉത്തരവില്‍ 100 യൂണിറ്റ് വൈദ്യുതി മാത്രമായിരുന്നു സൗജന്യം. 2014 ലെ ഉത്തരവ് ഭേദഗതി ചെയ്താണ് 2019 ല്‍ ഉത്തരവിറക്കിയത്. എന്നാല്‍ 2014ലെ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗസ്ഥര്‍ വൈദ്യുതി നല്‍കുന്നതിന് തടസം നില്‍ക്കുന്നത്.
ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കാണ് ആനുകൂല്യത്തിന് അര്‍ഹത. ബന്ധപ്പെട്ട സെക്ഷന്‍ ഓഫീസില്‍ അപേക്ഷയും രോഗി ഉപയോഗിക്കുന്ന ഉപകരണം ജീവന് നിലനിര്‍ത്താന്‍ അത്യാവശ്യമാണെന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും സമര്‍പ്പിക്കണം. 200 രുപയുടെ മുദ്രപത്രത്തില്‍ സത്യവാങ്മൂലവും സമര്‍പ്പിക്കണം. എന്നാല്‍ ഈ ഉത്തരവ് ബോര്‍ഡ് അംഗീകരിക്കുന്നില്ലെന്ന് പരാതിയില്‍ പറഞ്ഞു. ജീവന് രക്ഷാ ഉപകരണങ്ങള്‍ക്ക് ആവശ്യമുള്ള കറന്റിന് അമിത ചാര്‍ജ് അടയ്ക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും പരാതിയില്‍ പറയുന്നു.