Top

'നുപുർ ശർമ്മ പ്രവാചകനെതിരെ പറഞ്ഞതും, ബൽറാം എകെജിക്കെതിരെ പറഞ്ഞതും തമ്മിൽ എന്താണ് വ്യത്യാസം'; രണ്ടത്താണിയോട് കെ ടി ജലീൽ

ദൈവദൂതനായ മുഹമ്മദ് നബിയും ഇന്ത്യയിലെ പാവങ്ങളുടെ പടത്തലവനായ എകെജിയും ഒരുപോലെയാണെന്നല്ല താൻ പറഞ്ഞതെന്നും കെ ടി ജലീൽ ഫേസ്ബുക്കിലിട്ട കുറിപ്പിൽ വ്യക്തമാക്കി.

2 July 2022 7:08 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നുപുർ ശർമ്മ പ്രവാചകനെതിരെ പറഞ്ഞതും, ബൽറാം എകെജിക്കെതിരെ പറഞ്ഞതും തമ്മിൽ എന്താണ് വ്യത്യാസം; രണ്ടത്താണിയോട് കെ ടി ജലീൽ
X

തിരുവനന്തപുരം: ബിജെപി ദേശീയ വക്താവ് നുപുർ ശർമ്മ പ്രവാചകനെതിരെ പറഞ്ഞതും കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബൽറാം എകെജിക്കെതിരെ പറഞ്ഞതും നിന്ദ്യമായ വാക്കുകളാണെന്ന് മുൻ എംഎൽഎ അബ്ദുറഹ്മാൻ രണ്ടാത്താണിയോട് കെ ടി ജലീൽ എംഎൽഎ. ഇവർ രണ്ടു പേരും പറഞ്ഞതിൽ എന്താണ് വ്യത്യാസമെന്നും ജലീൽ ചോദിച്ചു. ദൈവദൂതനായ മുഹമ്മദ് നബിയും ഇന്ത്യയിലെ പാവങ്ങളുടെ പടത്തലവനായ എകെജിയും ഒരുപോലെയാണെന്നല്ല താൻ പറഞ്ഞതെന്നും കെ ടി ജലീൽ ഫേസ്ബുക്കിലിട്ട കുറിപ്പിൽ വ്യക്തമാക്കി.

പ്രായമായ മുഹമ്മദ് നബി കുട്ടിയായ ആയിശയെ വിവാഹം ചെയ്ത് ബാല പീഡനം നടത്തി എന്നാണ് നുപുർ ശർമ്മ പറഞ്ഞത്, പ്രായമായ എകെജി ബാലികയായ സുശീലയെ വിവാഹം ചെയ്ത ബാലപീഡകനാണ് എന്നാണ് വി ടി ബൽറാം പറഞ്ഞത്. ഇരുവരും പറഞ്ഞ വാക്കുകൾ വ്യത്യസ്തമല്ല. ചില കുബുദ്ധികളുടെ വ്യാഖ്യാനത്തിൽ തന്റെ ഇപ്പോഴെത്തേയും സുഹൃത്തായ അബ്ദുറഹിമാൻ രണ്ടത്താണി പെട്ടുപോയിരിക്കുകയാണെന്നും ജലീൽ പറഞ്ഞു.

മുഹമ്മദ് നബിയെ ഇകഴ്ത്തുന്നവരുടെ പട്ടികയിൽ ഭൂതക്കണ്ണാടി വെച്ച് നോക്കിയാലും എൻ്റെ പേര് കാണില്ല. താങ്കളുടെ മുന്നണിയിലുള്ളവരുടെയും മുന്നണിക്ക് പുറത്തുള്ള ഒക്കച്ചങ്ങാതിമാരുടെയും പേരുകൾ അക്കൂട്ടത്തിൽ വരാതെ നോക്കാൻ ജാഗ്രത കാണിച്ചാൽ നന്നാകും. ശിഹാബ് തങ്ങൾ സഹകരണ ആശുപത്രിയുടെ പ്രവർത്തനങ്ങൾ മോശമല്ലാതെ കൊണ്ടു പോകുന്ന തിരക്കിലും ഞാൻ "വഴി തെറ്റി പോകുമോ" എന്ന ആശങ്ക താങ്കളെ 'വേദനിപ്പിച്ചതി'ൽ സന്തോഷമുണ്ടെന്നും ജലീൽ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

നേരത്തെ വി ടി ബൽറാമിന്റെ ഫേസ്‌ബുക്ക്‌ പേജിൽ കെ ടി ജലീൽ നൽകിയ മറുപടിയിൽ പ്രതികരിച്ച് അബ്ദുറഹ്മാൻ രണ്ടത്താണി ഫേസ്ബുക്കിൽ കുറിപ്പിട്ടിരുന്നു. മുഹമ്മദ്‌ നബിയെ അങ്ങ്‌ സഖാവ്‌ എകെജിയോട്‌ തുലനം ചെയ്തത്‌ കാണാനിടയായി. സിപിഐഎം എന്ന രാഷ്ട്രീയ പാർട്ടിയുടെ കാലം ചെയ്ത നേതാവും അള്ളാഹുവിന്റെ പ്രവാചകനും സമാനമായി അങ്ങേക്ക്‌ തോന്നുന്നുവെങ്കിൽ അങ്ങയെകുറിച്ച്‌ ദുഖിക്കാൻ മാത്രമേ കഴിയൂ. അങ്ങനെയൊരു പരാമർശം അരുതായിരുന്നു എന്ന് കുറിപ്പിൽ പറയുന്നു.

നമ്മെ പോലുള്ളവർ ഈ ശൈലി സ്വീകരിച്ചാൽ സൽമാൻ റുഷ്ദിമാരുടേയും നുപുർ ശർമ്മമാരുടേയും എണ്ണം പെരുകാനേ ഉപകാരപ്പെടുകയുള്ളു. പ്രവാചക നാമം നിസാരവത്കരിക്കപ്പെടുന്നവരുടെ പട്ടികയിൽ ജലീൽ എന്ന അങ്ങയുടെ പേരു പെട്ടുപോകരുതെന്ന് എന്റെ മനസ്സ്‌ ആഗ്രഹിക്കുന്നു. ചാണകം ചാരി നിൽക്കുന്നത്‌ കൊണ്ട്‌ ചന്ദനത്തിന്റെ ഗന്ധം നഷ്ടപ്പെടാതിരിക്കാൻ നോക്കണമെന്നും രണ്ടത്താണി ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ ജലീലിനോട് ആവശ്യപ്പെട്ടിരുന്നു.

കെ ‍ടി ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം,

പ്രിയപ്പെട്ട എൻ്റെ ഇപ്പോഴത്തെയും സുഹൃത്ത് അബ്ദുറഹിമാൻ രണ്ടത്താണി അറിയാൻ, അങ്ങ് എനിക്കായി അയച്ച മുഖപുസ്തകക്കത്ത് വായിച്ചു. വസ്തുത താഴെ പറയും പ്രകാരമാണ്;

ബി.ജെ.പി വക്താവ് നൂപുർ ശർമ്മ പ്രവാചകൻ മുഹമ്മദ് നബിയെ കുറിച്ച് പറഞ്ഞത്: "പ്രായമായ മുഹമ്മദ് നബി കുട്ടിയായ ആയിശയെ വിവാഹം ചെയ്ത് ബാല പീഢനം നടത്തി"

കോൺഗ്രസ് നേതാവ് ബൽറാം AKG യെ കുറിച്ച് പറഞ്ഞത്: "പ്രായമായ AKG ബാലികയായ സുശീലയെ വിവാഹം ചെയ്ത ബാലപീഢകനാണ്"

ഇരുവരും പറഞ്ഞ നിന്ദ്യമായ വാക്കുകൾ വ്യത്യസ്തമല്ല, ഒന്നാണ്. ഇതാണ് ഞാൻ പറഞ്ഞത്. അല്ലാതെ ദൈവദൂതനായ മുഹമ്മദ് നബിയും ഇന്ത്യയിലെ പാവങ്ങളുടെ പടത്തലവനായ AKG യും ഒരു പോലെയാണ് എന്നല്ല. ചില കുബുദ്ധികളുടെ ദുർവ്യാഖ്യാനത്തിൽ താങ്കളും പെട്ടു പോയതാണെന്ന് തോന്നുന്നു. നമ്മുടെ പലരും, എഴുതിയതല്ല എഴുതാപ്പുറമാണ് വായിക്കാൻ മിടുക്കർ എന്ന് അങ്ങയോട് പ്രത്യേകം പറയേണ്ടതില്ലല്ലോ?

സ്നേഹത്തിൻ്റെയും പരമത സഹിഷ്ണുതയുടെയും നിറകുടമായ മുഹമ്മദ് നബിയെ ഇകഴ്ത്തുന്നവരുടെ പട്ടികയിൽ ഭൂതക്കണ്ണാടി വെച്ച് നോക്കിയാലും എൻ്റെ പേര് കാണില്ല. താങ്കളുടെ മുന്നണിയിലുള്ളവരുടെയും മുന്നണിക്ക് പുറത്തുള്ള ഒക്കച്ചങ്ങാതിമാരുടെയും പേരുകൾ അക്കൂട്ടത്തിൽ വരാതെ നോക്കാൻ ജാഗ്രത കാണിച്ചാൽ നന്നാകും. ശിഹാബ് തങ്ങൾ സഹകരണ ആശുപത്രിയുടെ പ്രവർത്തനങ്ങൾ മോശമല്ലാതെ കൊണ്ടു പോകുന്ന തിരക്കിലും ഞാൻ "വഴി തെറ്റി പോകുമോ" എന്ന ആശങ്ക താങ്കളെ 'വേദനിപ്പിച്ചതി'ൽ സന്തോഷമുണ്ട്.

എൻ്റെ എഴുത്തുകളുമായും പ്രസംഗങ്ങളുമായും ബന്ധപ്പെട്ട തെറ്റിദ്ധാരണകൾ ഇത്തരം കുറിപ്പുകളിലൂടെ യഥാസമയം മേലിലും തീർക്കുമെന്ന പ്രതീക്ഷയോടെ

സ്നേഹപൂർവ്വം,സ്വന്തം ജലീൽ

STORY HIGHLIGHTS: KT Jaleel Respons to Abdurahiman Randathani on VT Balaram Statmenet About AKG

Next Story