Top

പൊട്ടിക്കരഞ്ഞ് ഫ്രാങ്കോ, ദൈവത്തിന് സ്തുതിയെന്ന് ആദ്യ പ്രതികരണം; കന്യസ്ത്രീ ബലാത്സംഘക്കേസിന്റെ നാള്‍വഴികള്‍

2018 സെപ്റ്റംബര്‍ 21-ാം തീയതി എട്ട് മണിയോടെയാണ് ഫ്രാങ്കോ മുളക്കല്‍ അറസ്റ്റിലാവുന്നത്.

14 Jan 2022 5:58 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പൊട്ടിക്കരഞ്ഞ് ഫ്രാങ്കോ, ദൈവത്തിന് സ്തുതിയെന്ന് ആദ്യ പ്രതികരണം; കന്യസ്ത്രീ ബലാത്സംഘക്കേസിന്റെ നാള്‍വഴികള്‍
X

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെവിടുമ്പോള്‍ സമാനതകളില്ലാത്ത നിയമപോരാട്ടങ്ങള്‍ക്കാണ് വിരാമമാകുന്നത്. സമീപ കാല കേരള ചരിത്രത്തില്‍ സമാനതകളില്ലാത്ത സംഭവമായിരുന്നു ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസ്. കേസുമായി ബന്ധപ്പെട്ട് പല നാടകീയ മുഹൂര്‍ത്തങ്ങള്‍ക്കും പൊതു സമൂഹം സാക്ഷിയായി. ബിഷപ്പിനെതിരെ ലൈംഗിക ചൂഷണത്തിന് പരാതിപ്പെട്ട കന്യാസ്ത്രീയ്ക്ക് കഴിഞ്ഞ 6 വര്‍ഷമായി നേരിട്ടുകൊണ്ടിരിക്കുന്നത് അഗ്‌നിപരീക്ഷ തന്നെയായിരുന്നു. പരാതിയില്‍ നിന്ന് പിന്തിരിയാന്‍ സഹോദരനെ കള്ളകേസില്‍ കുടുക്കിയും കന്യസ്ത്രീയുടെ സ്വഭാവ ശുദ്ധിയെ സമൂഹമാധ്യമങ്ങളിലൂടെ ചോദ്യം ചെയ്തും വേട്ടക്കാര്‍ വളഞ്ഞിട്ട് ആക്രമിച്ചപ്പോഴും അവര്‍ പരാതിയില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു.

 • 2014 മുതല്‍ 2016 വരെ 13 തവണ കുറവിലങ്ങാട് മഠത്തില്‍ വച്ച് ജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്തുവെന്നതാണ് കേസ്.
 • 2018 മാര്‍ച്ച് 26ന് ഫ്രാങ്കോ തന്നെ പലവട്ടം പീഡിപ്പിച്ചുവെന്ന് കന്യാസ്ത്രീ മദര്‍ സുപ്പീരിയറിന് പരാതി നല്‍കുന്നത്. സംഭവം ഒതുക്കാനുള്ള ആദ്യ ശ്രമം നടക്കുന്നത് ജൂണ്‍ 2നും. കോടനാട് വികാരിയുടെതായിരുന്നു അനുരഞ്ജന ശ്രമം. ജൂണ്‍ 7ന് കന്യാസ്ത്രീ ജില്ലാ പൊലീസ് മേധാവിയായിരുന്ന ഹരിശങ്കറിന് പരാതി നല്‍കി.
 • 21 ദിവസങ്ങള്‍ക്ക് ശേഷം ജൂണ്‍ 28നാണ് പൊലീസ് കേസില്‍ എഫ്‌ഐആര്‍ ഇടുന്നത്. കേസന്വേഷണ ചുമതല വൈക്കം ഡിവൈഎസ്പി കെ സുഭാഷിന്. ജൂലൈ ഒന്നിന് കന്യാസ്ത്രീയുടെ മൊഴിയെടുത്തു.
 • 2018 ജൂലൈ 5ന് ചങ്ങനാശ്ശേരി മജിസ്ട്രേറ്റിനു മുന്നില്‍ പരാതിക്കാരിയായ കന്യാസ്ത്രീ രഹസ്യ മൊഴി നല്‍കി.
 • ജൂലൈ 7ന് ദേശീയ വനിത കമ്മീഷന്റെ ഇടപെടലുണ്ടാവുന്നു. ദേശീയ വനിത കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ മഠത്തിലെത്തി കന്യാസ്ത്രീയെ കണ്ടു. ജൂലൈ 8ന് കന്യാസ്ത്രീയുടെ ബന്ധുക്കള്‍ ബിഷപ്പിനെ ഭീഷണിപ്പെടുത്തിയെന്ന് സാക്ഷി സിജോയുടെ മൊഴി. ഇത് വ്യാജമെന്ന് കണ്ടെത്തി പിന്നീട് തള്ളി.

 • ജൂലൈ 14ന് അന്വേഷണസംഘം പാലാ ബിഷപ്പിന്റെ മൊഴിയെടുത്തു. കന്യാസ്ത്രീ വാക്കാല്‍ പരാതി പറഞ്ഞെന്നായിരുന്നു കല്ലറങ്ങാട്ടിന്റെ മൊഴി. പിന്നാലെ കേസില്‍ നിന്ന് പിന്‍മാറാന്‍ കന്യാസ്ത്രീമാരേയും ബന്ധുക്കളേയും സ്വാധീനിക്കാന്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള ശ്രമങ്ങളുണ്ടായി.
 • 2018 ജൂലൈ 25ന് കേസില്‍ നിന്ന് പിന്‍മാറാന്‍ രൂപത അധികാരികള്‍ അഞ്ച് കോടി രൂപ വാഗ്ദാനം ചെയ്തതായി കന്യാസ്ത്രീയുടെ സഹോദരന്‍ വെളിപ്പെടുത്തി. ജൂലൈ 30ന് കര്‍ദിനാള്‍ മാര്‍ജോര്‍ജ്ജ് ആലഞ്ചേരിയുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി.
 • ഓഗസ്റ്റ് പത്തിന് അന്വേഷണസംഘം ജലന്ധറിലെത്തി. 2018 ഓഗസ്റ്റ് 13ന് ബിഷപ്പ് ഫ്രാങ്കോയെ ചോദ്യം ചെയ്തു. അതി നാടകീയ സംഭവവികാസങ്ങളാണ് പിന്നെ കണ്ടത്. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാനെത്തിയ പൊലീസ് സംഘത്തിന് നേരെ ഉപരോധമുണ്ടായി. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ വരെ കയ്യേറ്റമുണ്ടായി. ഒടുവില്‍ ചോദ്യം ചെയ്യല്‍ ക്രമസമാധാന പ്രശ്‌നമായി മാറരുതെന്ന് പഞ്ചാബ് പൊലീസും മുന്നറിയിച്ചു നല്‍കി. ബിഷപ്പിന് ജലന്ധര്‍ മേഖലയില്‍ വിശ്വാസികളിലടക്കമുളള സ്വാധീനം മുന്നില്‍ക്കണ്ടായിരുന്നു ഇത്. ജലന്ധറില്‍ വച്ച് ഉദ്ദേശിച്ച രീതിയില്‍ ചോദ്യം ചെയ്യല്‍ നടക്കില്ലെന്ന് ബോധ്യമായി. ഫ്രാങ്കോ മുളയ്ക്കലിന് ബിഷപ്പെന്ന പരിഗണന ഇനി വേണ്ടന്ന് കേരള പൊലീസ് തീരുമാനിച്ചത് ഇതിന് ശേഷമാണ്. ഫ്രാങ്കോയെ കേരളത്തിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്യാന്‍ നോട്ടീസ് അയച്ചു.
 • ഓഗസ്റ്റ് 28ന് തന്നെ വധിക്കാന്‍ ശ്രമിച്ചതായി കന്യാസ്ത്രീയുടെ പരാതി വന്നു. സെപ്റ്റംബര്‍ പത്തിന് കേസില്‍ ഹൈക്കോടതിയുടെ ഇടപെടലുണ്ടായി. എന്ത് നടപടി സ്വീകരിച്ചുവെന്നായിരുന്നു സര്‍ക്കാരിനോടുള്ള കോടതിയുടെ ചോദ്യം.
 • 2018 സെപ്റ്റംബര്‍ 15ന് ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ ചുമതലകളില്‍ നിന്ന് താല്‍ക്കാലികമായി ഒഴിഞ്ഞു.
 • 2018 സെപ്റ്റംബര്‍ 19ന് തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യലിനായി ഫ്രാങ്കോ ഹാജരായി. വിഐപിയായ പ്രതിയെ ചോദ്യം ചെയ്യാന്‍ ഹൈ ടെക് ചോദ്യം ചെയ്യല്‍ മുറിയൊരുക്കി. ബിഷപ് ഫ്രാങ്കോ മുഖഭാവങ്ങള്‍ ഒപ്പിയെടുക്കാന്‍ മൂന്നു ക്യാമറകളും സജ്ജീകരിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്‍ ചോദ്യം ചെയ്യുമ്പോള്‍ വീഡിയോ ക്യാമറാ ദൃശ്യങ്ങളിലൂടെ മേലുദ്യോഗസ്ഥര്‍ സൂക്ഷ്മ നിരീക്ഷണം നടത്തി. ആദ്യം പീഡനാരോപണത്തെ എതിര്‍ത്ത ബിഷപ് ഫ്രാങ്കോ കന്യാസ്ത്രീയ്‌ക്കെതിരെ രൂക്ഷമായ ആരേപണങ്ങളാണ് ഉന്നയിച്ചത്. എന്നാല്‍ കന്യാസ്ത്രീ മഠത്തിലെ ബിഷപ്പിന്റെ സന്ദര്‍ശനങ്ങളും മൊബൈല്‍ സന്ദേശങ്ങളുമടക്കം അന്വേഷണ ഉദ്യോഗസ്ഥര്‍ നിരത്തിയതോടെ ബിഷപ്പിന് ഉത്തരം മുട്ടി. ഒടുവില്‍ മൂന്നാം ദിവസം രാത്രി അറസ്റ്റ്.

 • 2018 സെപ്റ്റംബര്‍ 21-ാം തീയതി എട്ട് മണിയോടെയാണ് ഫ്രാങ്കോ മുളക്കല്‍ അറസ്റ്റിലാവുന്നത്.
 • 2018 സെപ്റ്റംബര്‍ 23ന് ബിഷപ്പ് ഫ്രാങ്കോയെ കുറുവിലങ്ങാട് മഠത്തില്‍ എത്തിച്ചു തെളിവെടുത്തു.
 • 2018 സെപ്റ്റംബര്‍ 24ന് ഫ്രാങ്കോ മുളയ്ക്കലിനെ റിമാന്‍ഡ് ചെയ്തു. എന്നാല്‍ 25 ദിവസം നീണ്ട ജയില്‍ വാസത്തിന് ശേഷം 2018 ഒക്ടോബര്‍ 15ന് ഫ്രാങ്കോ മുളയ്ക്കലിന് ഹൈക്കോടതി കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചു.
 • 2019 ഏപ്രില്‍ 6ന് കുറ്റപത്രം വൈകുന്നതിനെതിരെയുള്ള സേവ് അവര്‍ സിറ്റേഴ്സിന്റെ പ്രതിഷേധത്തില്‍ കന്യാസ്ത്രീകളും പങ്കാളികളായി. പത്ത് മാസം നീണ്ട അന്വേഷണത്തിന് ഒടുവില്‍ ഏപ്രില്‍ 9ന് കുറ്റപത്രമായി.


 • 2020 ജനുവരി 25ന് വിചാരണ കൂടാതെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാങ്കോയുടെ വിടുതല്‍ ഹര്‍ജി. ആദ്യം അഡീഷണല്‍ സെഷന്‍സ് കോടതിയും പിന്നീട് ഹൈക്കോടതിയും സുപ്രീംകോടതിയും വിടുതല്‍ ഹര്‍ജി തള്ളി.
 • 2020 സെപ്റ്റംബര്‍ 16ന് കോട്ടയം അഡിഷനല്‍ സെഷന്‍സ് കോടതിയില്‍ അടച്ചിട്ട മുറിയില്‍ വിചാരണ തുടങ്ങി. നവംബര്‍ അഞ്ചിന് ഫ്രാങ്കോയുടെ വിടുതല്‍ പുനഃപരിശോധന ഹര്‍ജിയും സുപ്രീംകോടതി തള്ളി.
 • 2021 ഡിസംബര്‍ 29ന് വാദം കേസില്‍ വാദം പൂര്‍ത്തിയായി. കേസിന്റെ വിധി 2022 ജനുവരി 14ന് പറയാന്‍ കോടതി തീരുമാനിച്ചു. കോട്ടയം അഡിഷനല്‍ സെഷന്‍സ് കോടതി ജഡ്ജി ജി ഗോപകുമാര്‍ ആണ് കേസില്‍ വിധി പറയുക.
Next Story

Popular Stories