Top

'ഭര്‍ത്താവ് ഗള്‍ഫില്‍ നിന്നെത്തും മുന്നേ ആധാരം ഈട് വെച്ച് പണയമെടുക്കാന്‍'; ഇന്ദുലേഖയുടെ അച്ഛന്‍ രക്ഷപ്പെട്ടത് ചായയ്ക്ക് രുചി വ്യത്യാസം തോന്നിയതിനാലെന്ന് പൊലീസ്

സ്വത്ത് തട്ടിയെടുക്കാനായി ഇന്ദുലേഖ അമ്മ രുക്മിണിയെ കൊലപ്പെടുത്തി എന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്

26 Aug 2022 3:10 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഭര്‍ത്താവ് ഗള്‍ഫില്‍ നിന്നെത്തും മുന്നേ ആധാരം ഈട് വെച്ച് പണയമെടുക്കാന്‍; ഇന്ദുലേഖയുടെ അച്ഛന്‍ രക്ഷപ്പെട്ടത് ചായയ്ക്ക് രുചി വ്യത്യാസം തോന്നിയതിനാലെന്ന് പൊലീസ്
X

തൃശൂര്‍: തൃശൂര്‍ കുന്നംകുളം കിഴൂരില്‍ അമ്മയെ വിഷം നല്‍കി കൊലപ്പെടുത്തിയ കേസില്‍ മകള്‍ ഇന്ദുലേഖയെ 14 ദിവസകത്തേക്ക് റിമാന്‍ഡ് ചെയ്തു. കുന്നംകുളം മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതിയെ റിമാന്‍ഡ് ചെയ്തത്. സ്വത്ത് തട്ടിയെടുക്കാനായി ഇന്ദുലേഖ അമ്മ രുക്മിണിയെ കൊലപ്പെടുത്തി എന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. പ്രതിക്കായി അടുത്ത ദിവസങ്ങളില്‍ കസ്റ്റഡി അപേക്ഷ നല്‍കുമെന്ന് അന്വേഷണ സംഘം അറിയിച്ചു.

സ്വത്തിന്റെ അവകാശികളിലൊരാളായ അമ്മയെ കൊലപ്പെടുത്തിയാല്‍ എളുപ്പത്തില്‍ സ്വത്ത് കൈക്കലാക്കാമെന്ന ചിന്തയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. അമ്മ രുക്മിണിയെ വകവരുത്തിയത് പതിനാല് സെന്റ് സ്ഥലവും വീടും കൈക്കലാക്കാനാണെന്നാണ് ഇന്ദുലേഖയുടെ കുറ്റസമ്മത മൊഴി. അമിത ചെലവുകൊണ്ട് ഇന്ദുലേഖ വരുത്തിവച്ചത് ഏഴ് ലക്ഷം രൂപയുടെ കടമാണ്. ഭര്‍ത്താവറിയാതെ സ്വര്‍ണം പണയപ്പെടുത്തി 7 ലക്ഷം രൂപയുടെ കടം വരുത്തിവച്ചെന്ന് പൊലീസ് പറയുന്നു. മൂന്നു വര്‍ഷം കൊണ്ടാണ് ഇത്രയും കടബാധ്യത ഉണ്ടായത്. ഗള്‍ഫില്‍ നിന്ന് ഭര്‍ത്താവ് എത്തും മുമ്പ് ആധാരം ഈട് വച്ച് പണയമെടുക്കുക എന്നതായിരുന്നു ഇന്ദുലേഖയുടെ ലക്ഷ്യം. തുടര്‍ന്ന് അച്ഛന്റെയും അമ്മയുടെയും പേരിലുള്ള സ്ഥലം കൈക്കലാക്കാന്‍ അതിലൊരാളെ ഒഴിവാക്കുക എന്ന തീരുമാനത്തിലെത്തുകയായിരുന്നു.

രണ്ടു മാസം മുന്‍പ് പാറ്റയെ കൊല്ലാനുള്ള കീടനാശിനി ചായയില്‍ കലര്‍ത്തി അച്ഛന് നല്‍കിയതായി പ്രതി സമ്മതിച്ചിരുന്നു. ചായക്ക് രുചി വ്യത്യാസം തോന്നി കുടിക്കാതിരുന്നതിനാലാണ് അച്ഛന്‍ ചന്ദ്രന്‍ രക്ഷപെട്ടത്. പിന്നീട് ഡോളോ ഗുളിക ഇരുപതെണ്ണം വാങ്ങി മാതാപിതാക്കള്‍ക്ക് നല്‍കാനുള്ള ശ്രമവും നടന്നു. അതും പരാജയപ്പെട്ടതോടെയാണ് കുന്നംകുളത്തെ കടയില്‍ നിന്ന് കഴിഞ്ഞ 18ന് എലിവിഷം വാങ്ങി അമ്മയ്ക്ക് ചായയില്‍ കലര്‍ത്തി നല്‍കിയത്. ഇന്ദുലേഖയുടെ ഭര്‍ത്താവ് ഗള്‍ഫില്‍ നിന്ന് വന്ന ദിവസമായിരുന്നു അത്. സ്വര്‍ണം എവിടെയെന്ന് ഭര്‍ത്താവ് ചോദിക്കുകയും ചെയ്തിരുന്നു.

വിഷം അകത്ത് ചെന്ന രുക്മിണിക്ക് കടുത്ത ഛര്‍ദ്ദി അനുഭവപ്പെട്ടതോടെ ഇന്ദുലേഖ തന്നെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ആരോഗ്യനില വഷളായതോടെ തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അവിടുത്തെ ഡോക്ടര്‍മാരാണ് സംശയം തോന്നി പൊലീസില്‍ വിവരമറിയിച്ചത്. 23ന് രുക്മിണി മരിച്ചതോടെ പോസ്റ്റുമോര്‍ട്ടത്തിലും വിഷം ഉള്ളില്‍ ചെന്നിരുന്നുവെന്ന് വ്യക്തമായി. തുടര്‍ന്ന് പൊലീസ് കുടുംബാംഗങ്ങളെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു.

ചോദ്യം ചെയ്യലില്‍ ഇന്ദുലേഖ മകന്റെ കൈയ്യില്‍ വിഷത്തിന്റെ ബാക്കി കളയാന്‍ ഏല്‍പ്പിച്ച വിവരം പുറത്തുവന്നു. ഇന്ദുലേഖയുടെ ഫോണിലെ ഗൂഗിള്‍ സെര്‍ച്ച് ഹിസ്റ്ററിയില്‍ എലിവിഷം എങ്ങനെ ഉപയോഗിക്കാം എന്ന് തിരഞ്ഞതായി കണ്ടെത്തിയതും നിര്‍ണായക തെളിവായി. പിടിച്ചു നില്‍ക്കാനാവാതെ ഇന്ദുലേഖ കുറ്റസമ്മതം നടത്തുകയായിരുന്നു. പ്രതിയുമായി നടത്തിയ തെളിവെടുപ്പില്‍ എലിവിഷത്തിന്റെ ബാക്കിയും വിഷം നല്‍കാനുപയോഗിച്ച പാത്രവും ഗുളികകളും അന്വേഷണസംഘം കണ്ടെത്തി.

STORY HIGHLIGHTS: Daughter Indulekha Remamnded For Causing Mother's Death

Next Story

Popular Stories