
കൽപ്പറ്റ: ദുരിത മേഖലയിൽ നിന്ന് കരളലിയിക്കുന്ന കാഴ്ചകളാണ് പുറത്തുവരുന്നത്. ദുരിത മുഖത്തെ അഭിമുഖീകരിച്ചതിനെക്കുറിച്ച് വിവരിക്കുകയാണ് അമ്പിളി. ഒരു മുന്നറിയിപ്പും തങ്ങൾക്ക് കിട്ടിയിരുന്നില്ലെന്ന് അമ്പിളി പറയുന്നു. കട്ടിലീന്ന് മണ്ണിൽ കുളിച്ച പോലെയാണ് അഞ്ചരവയസുള്ള മകളെ എടുത്തതെന്ന് പറയുമ്പോൾ അവരുടെ മുഖത്ത് ഭീതി തളംകെട്ടി നിൽക്കുന്നുണ്ട്. തൊട്ടടുത്ത അയൽവാസികളൊക്കെ പോയി. ചൂരൽമല ഇനിയില്ല. എത്രയും പെട്ടെന്ന് ഈ ദുരന്തം അനുഭവിച്ചവർക്കൊരു പുനരധിവാസം വേണം. സർക്കാരിനോട് അതുമാത്രമേ പറയാനുള്ളൂവെന്നും അമ്പിളി പറഞ്ഞു.
അമ്പിളിയുടെ വാക്കുകൾ
ചൂരൽമല സ്കൂൾ റോഡിലായിരുന്നു വീട്. വീടിരുന്ന സ്ഥലം പോലും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയാണ്. കൂട്ടുകാരൻ വിളിച്ചു പറഞ്ഞപ്പോഴാണ് ഞങ്ങൾ എണീറ്റത്. ഒരു മുന്നറിയിപ്പും ഞങ്ങൾക്ക് കിട്ടിയിരുന്നില്ല, മാറിത്താമസിക്കണമെന്നൊന്നും ആരും പറഞ്ഞില്ല. കട്ടിലീന്ന് മണ്ണിൽ കുളിച്ച പോലെയാ അഞ്ചരവയസുള്ള മോളെ എടുത്തത്. കയ്യിൽ കിട്ടിയ കുപ്പിവെള്ളം കൊണ്ട് അവളുടെ മുഖം കഴുകി. അരമണിക്കൂറോളം എന്തുചെയ്യണമെന്നറിയാതെ ആ വീട്ടിൽ കുലുങ്ങിക്കുലുങ്ങി നിന്നു. ഉള്ള ജീവനും കൊണ്ട് നടന്നു ഞങ്ങൾ അക്കരെ കയറി.
അപ്പോത്തന്നെ ഞങ്ങളുടെ അടുത്ത രക്ഷാപ്രവർത്തകരെത്തി. കേരളം അങ്ങനെയാണ്. ഇതുപോലൊരു നാട് വേറെവിടെയുമില്ല. തൊട്ടടുത്ത അയൽവാസികളൊക്കെ പോയി. മൂന്ന് വാർഡാണ് പോയത്. നമ്മുടെ ചൂരൽമല ഇനിയില്ല. എത്രയും പെട്ടെന്ന് ഈ ദുരന്തം അനുഭവിച്ചവർക്കൊരു പുനഃരധിവാസം വേണം. എനിക്കതേ സർക്കാരിനോട് പറയാനുള്ളൂ. വൈകിപ്പിക്കരുത്. അർഹതപ്പെട്ടവരുടെ കൈകളിലത് വേഗമെത്തണം. ഞങ്ങളിനി എന്ത് ചെയ്യും? ജീവിക്കണമെങ്കിൽ എന്ത് ചെയ്യണം? ഒരാൾക്കൊരു ജോലികൊടുക്കണം ഒരു വീടുകൊടുക്കണം അത്രയേ പറയാനുള്ളൂ.