ഇരിട്ടിയില്‍ ഒഴുക്കില്‍പ്പെട്ട രണ്ടാമത്തെ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹവും കണ്ടെത്തി

കാണാതായ മറ്റൊരു വിദ്യാര്‍ത്ഥിനി ഷഹബാനയെ ഇന്ന് രാവിലെ കണ്ടെത്തിയിരുന്നു
ഇരിട്ടിയില്‍ ഒഴുക്കില്‍പ്പെട്ട രണ്ടാമത്തെ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹവും കണ്ടെത്തി

കണ്ണൂര്‍: ഇരിട്ടി പൂവംപുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടാമത്തെ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹവും കണ്ടെത്തി. അഞ്ചരക്കണ്ടി സ്വദേശിനി സൂര്യയുടെ മൃതദേഹമാണ് കണ്ടെത്തിയത്. മൂന്നാം ദിവസത്തെ തിരച്ചിലിലാണ് സൂര്യയെ കണ്ടെത്തിയത്. കാണാതായ മറ്റൊരു യുവതി ഷഹബാനയെ ഇന്ന് രാവിലെ കണ്ടെത്തിയിരുന്നു.

പഴശി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശമായ പടിയൂര്‍ പുവംകടവില്‍ വച്ചാണ് രണ്ട് വിദ്യാര്‍ത്ഥികളും ഒഴുക്കില്‍പ്പെട്ടത്. ഇരുവരും മീന്‍പിടുത്തക്കാരുടെ വലയില്‍പ്പെട്ടുവെങ്കിലും വലിച്ചു രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ വേര്‍പ്പെട്ടു പോവുകയായിരുന്നു ചൊവ്വാഴ്ച്ച വൈകിട്ട്, അഞ്ചു മണിയോടെയാണ് അപകടം ഉണ്ടായത്.

ഇരിക്കൂറിലെ സ്വകാര്യ കോളജിലെ സൈക്കോളജി അവസാന വര്‍ഷ വിദ്യാര്‍ഥിനികളായ ഇവര്‍ പരീക്ഷ കഴിഞ്ഞ് സഹപാഠി ജെസ്‌നയുടെ പടിയൂരിനടുത്തെ വീട്ടില്‍ എത്തിയതായിരുന്നു. അതിനിടെ പുഴയും പഴശി അണക്കെട്ടിന്റെ ഭാഗങ്ങളും കാണാനായി പൂവം കടവിലെത്തുകയായിരുന്നു. മഴയില്‍ കുതിര്‍ന്ന മണ്‍തിട്ട ഇടിഞ്ഞു ഇരുവരും പുഴയിലേക്ക് വീഴുകയായിരുന്നു, ജസ്‌നയുടെ നിലവിളി കേട്ടാണ് നാട്ടുകാര്‍ ഓടിയെത്തിയത്. ഇവര്‍ വിവരം ഫയര്‍ഫോഴ്‌സിനെ അറിയിച്ചു. ഉടന്‍ തന്നെ മട്ടന്നൂര്‍, ഇരിട്ടി എന്നിവടങ്ങളില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് അംഗങ്ങള്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

Related Stories

No stories found.
logo
Reporter Live
www.reporterlive.com