മത്തിയോട് കളിക്കല്ലേ, പൊന്നുംവിലയാണ്; ഒരു കിലോയ്ക്ക് 280 രൂപ മുതൽ, ഇനിയും ഉയരും

ജൂലൈ 31 അര്‍ധരാത്രി വരെ 52 ദിവസം ട്രോളിംഗ് നിരോധനമുണ്ടാകും
മത്തിയോട് കളിക്കല്ലേ, പൊന്നുംവിലയാണ്; ഒരു കിലോയ്ക്ക് 280 രൂപ മുതൽ,  ഇനിയും ഉയരും

കൊല്ലം: ട്രോളിങ് നിരോധനം വന്നതോടെ സംസ്ഥാനത്ത്‌ മത്സ്യവില കുതിക്കുന്നു. കൊല്ലം നീണ്ടകര ഹാർബറിൽ ഒരു കിലോ മത്തിക്ക് 280 മുതൽ 300 രൂപവരെയായി. മത്സ്യലഭ്യതയിലെ കുറവും വിലക്കയറ്റത്തിന് കാരണമായെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. വരും ദിവസങ്ങളില്‍ ഇനിയും വില ഉയരാനാണ് സാധ്യത. ഞായറാഴ്ച അർധരാത്രി 12 മണി മുതലാണ് ട്രോളിങ് നിരോധനം തുടങ്ങിയത്.

ജൂലൈ 31 അര്‍ധരാത്രി വരെ 52 ദിവസം ട്രോളിംഗ് നിരോധനമുണ്ടാകും. എന്നാൽ ഈ കാലയളവിൽ ഇളവ് വേണമെന്നാണ് മത്സ്യബന്ധന മേഖലയുടെ ആവശ്യം. ട്രോളിംഗ് നിരോധനത്തിന്‍റെ അവസാന 15 ദിവസം ഇളവ് നൽകണമെന്നാണ് ബോട്ടുകാരുടെയുൾപ്പെടെ ആവശ്യം. രണ്ട് മാസത്തോളം നീളുന്ന ട്രോളിംഗ് നിരോധന കാലത്ത് പരമ്പരാഗത വള്ളങ്ങൾക്ക് മാത്രമാണ് മത്സ്യബന്ധനത്തിന് അനുമതി. തുറമുഖങ്ങളുടെ പ്രവർത്തനം ഓരോന്നായി അവസാനിപ്പിച്ച് തുടങ്ങി.

മത്സ്യത്തൊഴിലാളികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കും ഈ സമയങ്ങൾ വറുതിയുടെ കാലമാകും. നിരോധന കാലയളവില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍ നല്‍കുന്നത് ഊര്‍ജിതപ്പെടുത്തുന്നതടക്കമുള്ള നടപടികള്‍ സര്‍ക്കാര്‍ എടുത്തിട്ടുണ്ട്. അന്യസംസ്ഥാന ബോട്ടുകൾ ട്രോളിങ് നിരോധനം തുടങ്ങുന്നതിനു മുമ്പ് കേരളതീരം വിട്ടുപോകുന്നതിന് ബന്ധപ്പെട്ട തീരദേശ ജില്ലാ കളക്ടർമാർ നിർദ്ദേശം നൽകണമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ അറിയിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com