പ്രോട്ടോക്കോള്‍ പ്രകാരം സ്ഥാനം എംപിക്കും മേലെ, പക്ഷേ ഒരു ബസ് തടയാനുള്ള അധികാരം മേയർക്കുണ്ടോ?

എന്തെല്ലാം പദവി ഉണ്ടെങ്കിലും കെഎസ്ആർടിസി വാഹനം തടയാനുള്ള അധികാരം മേയർക്ക് ഇല്ല
പ്രോട്ടോക്കോള്‍ പ്രകാരം സ്ഥാനം എംപിക്കും മേലെ, പക്ഷേ ഒരു ബസ് തടയാനുള്ള അധികാരം മേയർക്കുണ്ടോ?

തിരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ് ഡ്രൈവർ യദുവും ഡ്രൈവറെ തടഞ്ഞ ആര്യ രാജേന്ദ്രനുമാണ് ഇപ്പോൾ വാർത്തകളിൽ മുഴുവൻ. എല്ലാവരുടെയും മനസ്സിൽ ഉയരുന്ന ചോദ്യമാണ് ഒരു ബസ് തടഞ്ഞ് കെഎസ്ആർടിസി ഡ്രൈവറെ പുറത്തിറക്കാൻ ഒരു മേയർക്ക് എന്താണ് അധികാരം എന്നത്. മേയർ എന്ന പദവിയെ ദുരുപയോ​ഗം ചെയ്യുന്നതാണോ ഈ പ്രവണത എന്ന് പോലും പലരും ചിന്തിക്കുന്നുണ്ട്. ദിവസ വേതനക്കാരനായ ഡ്രൈവറോട് എന്തിനാണ് മേയർക്ക് ഇത്ര ധാർഷ്ട്യമെന്നും ചോദ്യമുയരുന്നു. ശരിക്കും മേയര്‍ക്ക് കെഎസ്ആര്‍ടിസി ബസ് തടയാന്‍ അധികാരമുണ്ടോ?

എന്തെല്ലാം പദവി ഉണ്ടെങ്കിലും കെഎസ്ആർടിസി വാഹനം തടയാനുള്ള അധികാരം മേയർക്ക് ഇല്ലെന്നതാണ് സത്യം. പ്രോട്ടോകോൾ അനുസരിച്ച് എംപിക്കും എംഎൽഎയ്ക്കും മേലെയാണ് മേയറുടെ സ്ഥാനം. നഗരത്തിലെ ഗതാഗത പരിഷ്കരണ കമ്മിറ്റിയുടെ അധ്യക്ഷയാണ് മേയര്‍. ഗതാഗത ക്രമീകരണം, റോഡ് വൺവേ ആക്കൽ എന്നിവയടക്കം നടപ്പിലാക്കുന്നത് ഈ കമ്മിറ്റിയാണ്.

സര്‍വ്വീസ് തടസ്സപ്പെടുത്തിയിട്ടുണ്ടെങ്കില്‍ മേയർക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിന് കെഎസ്ആർടിസിക്ക് യാതൊരു നിയമതടസ്സവുമില്ല. സർവീസ് തടസ്സപ്പെടുത്തിയാൽ നഷ്ടമായ തുക പിഴയായി വാങ്ങിക്കാനുള്ള അധികാരം കെഎസ്ആർടിസിക്ക് ഉണ്ട്. കെഎസ്ആർടിസി ജീവനക്കാരന്റെ ജോലി തടസ്സപ്പെടുത്തൽ, ജീവനക്കാരെ ആക്രമിക്കൽ തുടങ്ങിയ അഞ്ചുവർഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കുന്ന കുറ്റമാണ്. എന്നാല്‍, ഈ സംഭവത്തില്‍ കെഎസ്ആര്‍ടിസിക്ക് യാത്രാനഷ്ടം വന്നിട്ടില്ല എന്നത് ശ്രദ്ധേയമാണ്. തമ്പാനൂരിൽ സർവീസ് അവസാനിപ്പിക്കേണ്ട ബസ് മേയറുടെയും ബന്ധുക്കളുടെയും ഇടപെടല്‍ മൂലം ഒരു കിലോമീറ്റർ അകലെ പാളയത്ത് യാത്ര അവസാനിപ്പിക്കുകയായിരുന്നു. ഇതിനാലാണ് കെഎസ്ആർടിസിക്ക് യാത്രാനഷ്ടം ഇല്ലാത്തത്. വഴിയിലായ യാത്രക്കാർക്ക് പകരം സംവിധാനം ഒരുക്കണമെന്ന് നിയമമുണ്ട്. ഇതിവിടെ പാലിക്കപ്പെട്ടില്ല.

പ്രോട്ടോക്കോള്‍ പ്രകാരം സ്ഥാനം എംപിക്കും മേലെ, പക്ഷേ ഒരു ബസ് തടയാനുള്ള അധികാരം മേയർക്കുണ്ടോ?
ഇത് വാഹനത്തിന് സൈഡ് തരാത്ത പ്രശ്നമല്ല, ബസ് തടഞ്ഞത് റെഡ് സിഗ്നലിൽ, മന്ത്രിയെ ഉടൻ അറിയിച്ചു: മേയർ

മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർക്കും സബ് ഇൻസ്പെക്ടർ മുതലുള്ള പൊലീസ് ഉദ്യോഗസ്ഥർക്കുമാണ് ബസിൽ പരിശോധന നടത്താനും നിർദേശങ്ങൾ നൽകാനും അധികാരമുള്ളത്. പരിശോധന നടത്താൻ കെഎസ്ആർടിസി ഉദ്യോഗസ്ഥർക്കും പ്രത്യേക അധികാരം നൽകാറുണ്ട്. എന്നാല്‍, ഡ്രൈവർ അറസ്റ്റിലായെന്നും യാത്രക്കാരോട് ബസിൽനിന്ന് ഇറങ്ങാനും മേയറുടെ ഭർത്താവ് സച്ചിന്‍ദേവ് എംഎൽഎ ആവശ്യപ്പെട്ടതായി ആരോപണമുയര്‍ന്നിരുന്നു. ഇത് പക്ഷേ ആര്യയും സച്ചിനും നിഷേധിക്കുന്നു.

മേയര്‍ക്കും എംഎല്‍എക്കുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡ്രൈവര്‍ യദു സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. കന്റോണ്‍മെന്റ് പൊലീസിന് പരാതി നല്‍കിയിട്ടും നടപടിയുണ്ടാവാത്തതിനെ തുടര്‍ന്നാണ് യദു സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നേരിട്ട് പരാതി നല്‍കിയത്. കേസ് എടുത്തില്ലെങ്കിലും മേയര്‍ക്കെതിരെ നിയമ പോരാട്ടം തുടരുമെന്നാണ് യദു ആവര്‍ത്തിക്കുന്നത്.

ഏപ്രില്‍ 27നാണ് സംഭവം നടന്നത്. കെഎസ്ആര്‍ടിസി ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയില്‍ കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍ മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ ദേവും തന്നോട് മോശമായി പെരുമാറിയെന്ന ആരോപണവുമായി ഡ്രൈവര്‍ യദു രംഗത്തെത്തുകയായിരുന്നു. യദു ലൈംഗികചേഷ്ട കാണിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കമെന്നും അതിനാലാണ് പ്രതികരിച്ചതെന്നുമാണ് ആര്യാ രാജേന്ദ്രന്‍റെ വാദം.

അതേസമയം, മേയര്‍ ആര്യാ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറുമായുള്ള തര്‍ക്കത്തില്‍ നിര്‍ണായകമാകേണ്ടിയിരുന്ന, കെഎസ്ആര്‍ടിസി വീഡിയോ റെക്കോര്‍ഡറില്‍ മെമ്മറി കാര്‍ഡ് ഇല്ലെന്ന് പൊലീസ് പറഞ്ഞു. ഇന്ന് നടത്തിയ പരിശോധനയില്‍ പൊലീസ് ബസിലെ ഡിവിആര്‍(ഡിജിറ്റല്‍ വീഡിയോ റെക്കോര്‍ഡര്‍) കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ ഡിവിആറില്‍ മെമ്മറി കാര്‍ഡ് ഇല്ലെന്നാണ് പരിശോധനയില്‍ വ്യക്തമായത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com