സിപിഐഎം സ്ഥാനാർത്ഥി ചർച്ച അടുത്തയാഴ്ച; തിരഞ്ഞെടുപ്പിൽ മികച്ച സാധ്യതയെന്ന് വിലയിരുത്തൽ

തിരഞ്ഞെടുപ്പിന് മുമ്പ് രണ്ടു മാസത്തെ ക്ഷേമപെൻഷൻ നൽകുമെന്നും സംസ്ഥാന കമ്മിറ്റിയിൽ പ്രഖ്യാപനമുണ്ട്. ജനങ്ങളുടെ പ്രതിഷേധം അതോടെ ശമിക്കുമെന്ന പ്രതീക്ഷയിലാണ് നടപടി.
സിപിഐഎം സ്ഥാനാർത്ഥി ചർച്ച അടുത്തയാഴ്ച; തിരഞ്ഞെടുപ്പിൽ മികച്ച സാധ്യതയെന്ന് വിലയിരുത്തൽ

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള സിപിഐഎം സ്ഥാനാർത്ഥികളെ തീരുമാനിക്കാൻ അടുത്തയാഴ്ച ചർച്ച നടത്തും. അടുത്ത സംസ്ഥാന സെക്രട്ടേറിയറ്റിൽ സ്ഥാനാർഥി നിർണയം നടത്താനാണ് ധാരണ. ഈ മാസം 16നാണ് അടുത്ത സെക്രട്ടേറിയറ്റ് നടക്കുക.

തിരഞ്ഞെടുപ്പിന് മുമ്പ് രണ്ടു മാസത്തെ ക്ഷേമപെൻഷൻ നൽകുമെന്നും സംസ്ഥാന കമ്മിറ്റിയിൽ പ്രഖ്യാപനമുണ്ട്. ജനങ്ങളുടെ പ്രതിഷേധം അതോടെ ശമിക്കുമെന്ന പ്രതീക്ഷയിലാണ് നടപടി. തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് മികച്ച ജയസാധ്യതയുണ്ടെന്നാണ് സംസ്ഥാന സമിതി വിലയിരുത്തൽ. ഡൽഹി സമരവും, നവകേരള സദസും എൽഡിഎഫിന് മേൽക്കൈ നൽകിയെന്നും വിലയിരുത്തലുണ്ട്.

സ്ഥാനാർത്ഥിനിർണയത്തിനായി മാനദണ്ഡങ്ങൾ പ്രകാരം തീരുമാനമെടുക്കാൻ സിപിഐഎം സെക്രട്ടറിയേറ്റിനെ ചുമതലപ്പെടുത്തി. എത്ര എം എൽഎമാർ മത്സരിക്കണം, വനിതാ പ്രാതിനിധ്യം എത്ര വേണം എന്നതടക്കമുള്ള കാര്യങ്ങൾ സെക്രട്ടറിയേറ്റ് തീരുമാനിക്കും. സ്ഥാനാർഥി പട്ടികയിൽ യുവ പ്രാതിനിധ്യം വേണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. എല്ലാത്തിലും അന്തിമ തിരുമാനം സംസ്ഥാന സെക്രട്ടറിയേറ്റ് കൈക്കൊള്ളും.

‌ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള എൽഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായിരുന്നു. 15 സീറ്റിൽ സിപിഐഎമ്മും നാല് സീറ്റിൽ സിപിഐയും ഒരു സീറ്റിൽ കേരള കോൺഗ്രസ് എമ്മും മത്സരിക്കും. കേരള കോൺഗ്രസ് എം രണ്ടാമതൊരു സീറ്റ് ആവശ്യപ്പെട്ടെങ്കിലും അംഗീകരിച്ചില്ല.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെ സ്ഥിതി തുടരണം എന്ന നിലപാടാണ് സീറ്റ് വിഭജനത്തിൽ സിപിഐഎം സ്വീകരിച്ചത്. 2019 വരെ 16 സീറ്റിൽ സിപിഐഎമ്മും നാല് സീറ്റിൽ സിപിഐയുമാണ് മത്സരിച്ചു വന്നിരുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് കേരള കോൺഗ്രസ് എം മുന്നണിയുടെ ഭാഗമായതോടെയാണ് അവർ മത്സരിച്ചു വന്നിരുന്ന കോട്ടയം സീറ്റ് നൽകിയത്.

കേരള കോൺഗ്രസ് എം രണ്ടാമതൊരു സീറ്റ് കൂടി മുന്നണി ചോദിച്ചെങ്കിലും നൽകാൻ കഴിയില്ലെന്ന് സിപിഎം നേതൃത്വം വ്യക്തമാക്കുകയായിരുന്നു. ആർജെഡിയും ഒരു ലോക്സഭാ സീറ്റ് ആവശ്യപ്പെട്ടു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മത്സരിച്ച ഘടകകക്ഷികൾ തന്നെ ഇത്തവണയും മത്സരിക്കട്ടെ എന്ന് നേതൃത്വം ആർ ജെ ഡി യെ അറിയിച്ചു. സോഷ്യലിസ്റ്റുകൾ സഹകരിക്കണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ ഈ മാസം 14ന് എല്ലാ ജില്ലകളിലും ജില്ല എൽഡിഎഫ് യോഗങ്ങൾ ചേരും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com