
കോട്ടയം: ജനങ്ങളെ കബളിപ്പിച്ച സർക്കാർ അത് മറയ്ക്കാൻ നടത്തുന്ന അശ്ലീല നാടകമാണ് നവകേരള സദസ്സെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ജനങ്ങളോട് സർക്കാർ ആകാശവാണിയാകുന്ന കാഴ്ചയാണെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.
അഞ്ച് മാസം മുമ്പ് മന്ത്രിമാർ താലൂക്ക് തല അദാലത്ത് നടത്തിയിരുന്നു. താലൂക്ക് തലത്തിൽ ലഭിച്ച പരാതികൾ പോലും ഇതുവരെ പരിഹരിച്ചിട്ടില്ല. സർക്കാരിന്റ അഴിമതി ജനജീവിതം ദുഃസഹമാക്കിയിരിക്കുകയാണ്. സപ്ലൈകോ, കെഎസ്ആർടിസി അടക്കം പ്രമുഖ സർക്കാർ സ്ഥാപനങ്ങൾ തകർച്ചയിലാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
സർക്കാരിനെതിരെ യുഡിഎഫ് വിചാരണ സദസ് സംഘടിപ്പിക്കുമെന്നും വി ഡി സതീശൻ വ്യക്തമാക്കി. ഡിസംബർ 2 മുതൽ 22 വരെ 140 മണ്ഡലങ്ങളിലാണ് വിചാരണ സദസ് സംഘടിപ്പിക്കുന്നത്. സർക്കാർ കെടുകാര്യസ്ഥതയുടെ ഇരകളെ പരിപാടിയിൽ പങ്കെടുപ്പിക്കും. യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിലപാടും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. സിപിഐഎമ്മും ബിജെപി യും യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിനെതിരെ ഇറങ്ങിയിരിക്കുകയാണ്. എന്തെങ്കിലും പുഴുക്കുത്ത് ഉണ്ടെങ്കിൽ പുറത്തു വരട്ടെയെന്നും ഏത് അന്വേഷണവും നടക്കട്ടെയെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.