
തിരുവനന്തപുരം: യൂത്ത് കോണ്ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പില് വ്യാജ തിരിച്ചറിയല് രേഖ നിര്മ്മിച്ച് വോട്ട് ചെയ്തെന്ന പരാതിയില് കേസെടുത്തു. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസെടുത്തത്. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജിന്റെ പരാതിയിലാണ് കേസ്. വ്യാജരേഖ ചമയ്ച്ചതിനാണ് കേസ്. ഐ ടി ആക്റ്റ് ഉള്പ്പടെ യുള്ള വകുപ്പുകള് ചേര്ത്താണ് കേസെടുത്തിരിക്കുന്നത്.
സംഭവം ഞെട്ടലുണ്ടാക്കുന്നതാണെന്നും രാജ്യസുരക്ഷയെ ബാധിക്കുന്നതാണെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പ്രതികരിച്ചിരുന്നു. ഒന്നര ലക്ഷത്തോളം വ്യാജ കാര്ഡുകള് ഉണ്ടാക്കി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കാര്ഡാണ് ഉണ്ടാക്കിയത്. രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന കാര്യമാണ്. യൂത്ത് കോണ്ഗ്രസ് ചെയ്തത് രാജ്യദ്രോഹകുറ്റമാണെന്നുമായിരുന്നു വി കെ സനോജിന്റെ പ്രതികരണം. ബാംഗ്ലൂരിലെ കമ്പനിയാണ് ആപ് തയ്യാറാക്കിയത്. 22 കോടി രൂപ ഇതിനായി ചെലവഴിച്ചു. യൂത്ത് കോണ്ഗ്രസിന്റെ തിരഞ്ഞെടുപ്പിന്റെ ഭാഗം മാത്രമല്ല ഇതെന്നും വി കെ സനോജ് ആരോപിച്ചിരുന്നു.