സോളാർ പീഡനക്കേസിലെ ഗൂഢാലോചന അന്വേഷണം; ഇന്ന് ചേരുന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതി ചർച്ച ചെയ്യും

വിഷയത്തില്‍ അഭിപ്രായ ഐക്യത്തില്‍ എത്താന്‍ എ കെ ആന്റണി നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണ് രാഷ്ട്രീയകാര്യ സമിതി അന്വേഷണം സംബന്ധിച്ച നിലപാട് ചര്‍ച്ച ചെയ്യുന്നത്
സോളാർ പീഡനക്കേസിലെ ഗൂഢാലോചന അന്വേഷണം; ഇന്ന് ചേരുന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതി ചർച്ച ചെയ്യും

ന്യൂഡൽഹി: സോളാര്‍ പീഡനക്കേസിലെ ഗൂഢാലോചന അന്വേഷണം സംബന്ധിച്ച് ഇന്ന് ചേരുന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതി ചര്‍ച്ച ചെയ്യും. നേരത്തെ അന്വേഷണം സംബന്ധിച്ച് നേതാക്കള്‍ നടത്തിയ വ്യത്യസ്ത അഭിപ്രായം ഈ വിഷയത്തില്‍ കോണ്‍ഗ്രസില്‍ ഭിന്നാഭിപ്രായമുണ്ടെന്ന ചര്‍ച്ചയ്ക്ക് വഴിവച്ചിരുന്നു. വിഷയത്തിലെ ഭിന്നാഭിപ്രായം പാര്‍ട്ടിക്ക് തിരിച്ചടിയായെന്ന നിഗമനത്തെ തുടര്‍ന്നാണ് രാഷ്ട്രീയകാര്യ സമിതി വിഷയം ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചത്. വിഷയത്തില്‍ അഭിപ്രായ ഐക്യത്തില്‍ എത്താന്‍ എ കെ ആന്റണി നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണ് രാഷ്ട്രീയകാര്യ സമിതി അന്വേഷണം സംബന്ധിച്ച നിലപാട് ചര്‍ച്ച ചെയ്യുന്നത്. പാര്‍ലമെന്റ് സമ്മേളനത്തിന് ശേഷമായിരിക്കും രാഷ്ട്രീയകാര്യ സമിതി യോഗം ചേരുക. കഴിഞ്ഞ ദിവസം എകെ ആന്റണിയുടെ സാന്നിധ്യത്തില്‍ മുതിര്‍ന്ന നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. പാര്‍ട്ടിയില്‍ കൂടിയാലോചനകള്‍ ശക്തിപ്പെടുത്താനും യോഗത്തില്‍ ധാരണയായിരുന്നു.

നേരത്തെ സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളെല്ലാം സോളാര്‍ പീഡനക്കേസിലെ അന്വേഷണം സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങളാണ് മാധ്യമങ്ങളോട് പങ്കുവച്ചത്. മുഖ്യമന്ത്രി ഒന്നാം പ്രതി ആകേണ്ട കേസ് മുഖ്യമന്ത്രിയുടെ കീഴിലുള്ള പൊലീസ് അന്വേഷിക്കണ്ടെന്നും സിബി അന്വേഷണം മതിയെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ആവശ്യം.സിബിഐ അന്വേഷണം നടന്നില്ലെങ്കില്‍ നിയമനടപടികളുമായി പോകാനാണ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചിരുന്നു. സോളാര്‍ പീഡന കേസില്‍ ഉമ്മന്‍ ചാണ്ടിയുടെ പേര് വന്നതില്‍ ഗൂഢാലോചന ഉണ്ടെന്ന സിബിഐ റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നായിരുന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ആവശ്യം. ഉമ്മന്‍ചാണ്ടിയുടെ യശസ്സ് ഉയര്‍ത്തണം. അദ്ദേഹം പൊതുസമൂഹത്തിനു മുമ്പില്‍ തെറ്റിദ്ധരിക്കപ്പെട്ടു. ഏതൊക്കെ തലങ്ങളില്‍ ഗൂഢാലോചന നടന്നുവെന്ന് കണ്ടെത്തണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടിരുന്നു.

സോളാര്‍ കേസില്‍ ഇനി എന്ത് അന്വേഷണമാണ് നടക്കേണ്ടതെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. എത്രയോ അന്വേഷണം നടന്നു. എല്ലാവരും കുറ്റവിമുക്തരായി. ഉമ്മന്‍ ചാണ്ടിയെയും കുറ്റവിമുക്തനാക്കിയിരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. ഉമ്മന്‍ ചാണ്ടി നല്‍കിയ മൂന്ന് അപകീര്‍ത്തി കേസുകള്‍ ഇപ്പോഴുണ്ട്. തുടര്‍നടപടികള്‍ ആലോചിച്ച് തീരുമാനിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി

സോളാറിലെ സിബിഐ റിപ്പോര്‍ട്ടില്‍ അന്വേഷണം വേണ്ട. റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളെ സ്വാഗതം ചെയ്യുന്നുവെന്നും സിബിഐ അന്വേഷണത്തില്‍ നടപടി മതിയെന്നുമായിരുന്നു യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്റെ നിലപാട്. ഇനി തുടരന്വേഷണം ആവശ്യമില്ല. സിബിഐയേക്കാള്‍ വലിയ അന്വേഷണ ഏജന്‍സി വേറെയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കേസിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം പരാതി നല്‍കുമോ എന്ന ചോദ്യത്തിന് പാര്‍ട്ടിയുമായി ആലോചിച്ച് തീരുമാനിക്കുമെന്നായിരുന്നു ചാണ്ടി ഉമ്മന്റെ നിലപാട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com