
തിരുവനന്തപുരം: നിപ ലക്ഷണങ്ങളോടെ തിരുവനന്തപുരത്ത് രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാട്ടാക്കട സ്വദേശിനിയായ 72കാരിയാണ് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇവരെ ഐരാണിമുട്ടം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് മാറ്റും.
ഇവരുടെ ബന്ധുക്കൾ കോഴിക്കോട് വഴി യാത്ര ചെയ്തിരുന്നു. മുംബൈയിൽ നിന്ന് കോഴിക്കോട് വഴിയാണ് മകളും പേരക്കുട്ടിയും തിരുവനന്തപുരത്തേക്ക് എത്തിയത്. മൂന്നു പേർക്കും പനിയും ജലദോഷവും പിടിപെട്ടിരുന്നു. പരിശോധനക്കായി ശരീര സ്രവം പൂനെ വൈറോളജദി ലാബിലേക്ക് അയക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഒരു മെഡിക്കൽ വിദ്യാർഥിനിയെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പനിയും ദേഹ വേദനയും വന്നതിനെ തുടർന്നാണ് ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയത്. കോഴിക്കോട് സ്വദേശിനിയായ വിദ്യാർത്ഥിനി ഇവിടെ ക്ലാസിന് വന്നതാണ്.