
കൊച്ചി: ചെന്നൈയില് അറസ്റ്റിലായ ഭീകര സംഘടനാ പ്രവര്ത്തകനായ തൃശൂര് സ്വദേശി സയ്യീദ് നബീല് അഹമ്മദ് നല്കിയ മൊഴി എന്ഐഎ വിശദമായി പരിശോധിക്കുന്നു. കേരളം, തമിഴ്നാട്, കര്ണാടക എന്നിവിടങ്ങളില് ഭീകരപ്രവര്ത്തനം നടത്താന് പദ്ധതി ഇട്ടിരുന്നതായാണ് നബീല് നല്കിയ മൊഴി. സയ്യീദ് നബീല് നല്കിയ മൊഴികള് വസ്തുതാപരമാണോയെന്ന് എന്ഐഎ പരിശോധിക്കും.
നേരത്തെ അറസ്റ്റിലായ തൃശൂര് പാടൂര് കൊടയില് അഷ്റഫ് എന്ന ആഷിഫ് നല്കിയ മൊഴിയുമായി യോജിക്കുന്നുണ്ടോയെന്നും പരിശോധിക്കും. സയ്യീദ് അറസ്റ്റിലായപ്പോള് പിടികൂടിയ മൊബൈല് ഫോണ് ഉള്പ്പെടെ ഇലക്ട്രോണിക് ഉപകരണങ്ങള് ശാസ്ത്രീയമായി പരിശോധിച്ച് മൊഴികളില് കഴമ്പുണ്ടോയെന്ന് സ്ഥിരീകരിക്കാനുള്ള നീക്കവും എന്ഐഎ ആരംഭിച്ചതായിട്ടാണ് സൂചന.
പെറ്റ് ലവേര്സ് എന്നപേരില് ടെലഗ്രാം ഗ്രൂപ്പ് ഉണ്ടാക്കിയാണ് പ്രവര്ത്തനം നടത്താന് ഇയാള് ശ്രമിച്ചതെന്നാണ് എന്ഐഎ വ്യക്തമാക്കുന്നത്. ഇതിലൂടെ യുവാക്കളെ റിക്രൂട്ട് ചെയ്ത് പരിശീലനം നടത്താന് നബീല് പദ്ധതിയിട്ടു.
ഇസ്ലാമിക് സ്റ്റേറ്റില് ചേരാന് വേണ്ടി പണത്തിനായി കവര്ച്ച നടത്തിയ കേസിലാണ് തൃശ്ശൂര് സ്വദേശി നേരത്തെ എന്ഐഎ പിടികൂടിയത്. ആഷിഫ് ഏതാനും മാസങ്ങളായി ആഷിഫ് എന്ഐഎയുടെ നിരീക്ഷണത്തിലായിരുന്നു.