
തിരുവനന്തപുരം: കാട്ടാക്കടയില്‍ പത്താം ക്ലാസുകാരനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി പ്രിയരഞ്ജനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. പതിനഞ്ച് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി. പതിനഞ്ചു ദിവസത്തിനകം ഒക്ടോബര്‍ നാലിന് കമ്മീഷന്‍ ആസ്ഥാനത്ത് നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.
അതേസമയം പ്രതി പ്രിയരഞ്ജനെ സംഭവസ്ഥലത്തെത്തിച്ചു തെളിവെടുപ്പ് നടത്തിയിരുന്നു. അപകടം മനപൂര്‍വ്വമല്ലെന്നും ആക്‌സിലേറ്ററില്‍ കാല്‍ അമര്‍ന്നു പോയതാണെന്നും തെളിവെടുപ്പിനിടെ പ്രതി പ്രിയരഞ്ജന്‍ പൊലീസിനോട് പറഞ്ഞു. മോട്ടോര്‍ വാഹന വകുപ്പും സ്ഥലത്ത് പരിശോധന നടത്തി.
പ്രതിയെ വൈദ്യ പരിശോധനയ്ക്ക് ശേഷം ആദിശേഖര്‍ കൊല്ലപ്പെട്ട പുളിങ്കോട് ക്ഷേത്രത്തിനു മുന്നിലെ റോഡിലെത്തിച്ചായിരുന്നു തെളിവെടുപ്പ്. തിരുവനന്തപുരം റൂറല്‍ എസ്പി ഡി ശില്പയുടെ നേതൃത്വത്തിലുള്ള സംഘമാണ് തമിഴ്‌നാട്ടിലെ കുഴിത്തുറയില്‍ നിന്ന് ഇന്നലെ പ്രതിയെ പിടികൂടിയത്. പ്രതി ഉപയോഗിച്ച കാറിന്റെയും ആദിശേഖര്‍ ഓടിച്ചിരുന്ന സൈക്കിളിന്റെയും പരിശോധന മോട്ടോര്‍ വാഹന വകുപ്പ് ഇന്ന് പൂര്‍ത്തിയാക്കി. അതേസമയം പ്രതി പ്രിയരഞ്ജന്റെ ഭാര്യ സാമൂഹ്യ മാധ്യമങ്ങളിലൂടെ കുടുംബത്തിനെതിരെ അധിക്ഷേപം നടത്തുന്നതായി ആദിശേഖറിന്റെ കുടുംബം ആരോപിച്ചു.
കഴിഞ്ഞമാസം 30നായിരുന്നു പത്താം ക്ലാസുകാരനായ ആദിശേഖറിനെ പ്രിയരഞ്ജന്‍ കാറിടിച്ച് കൊലപ്പെടുത്തിയത്. ക്ഷേത്ര മതിലില്‍ മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്ന് പോലീസ് കണ്ടെത്തി. ആരോപണത്തിന് ബലം നല്‍കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. മറ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും. നാളെ കസ്റ്റഡി അപേക്ഷ നല്‍കും. കസ്റ്റഡിയില്‍ വാങ്ങിയ ശേഷമാകും വിശദമായ തെളിവെടുപ്പും ചോദ്യം ചെയ്യലുമെന്ന് പോലീസ് വ്യക്തമാക്കി.