കാർ യാത്രക്കാരിയെ മർദ്ദിച്ചെന്ന പരാതി; നടക്കാവ് എസ് ഐക്ക് സസ്പെൻഷൻ

കാറിലെത്തിയ സംഘം വിളിച്ചതു പ്രകാരമാണ് എസ്‌ഐ ബൈക്കിലെത്തി മര്‍ദ്ദിച്ചതെന്ന് അഫ്‌ന പറഞ്ഞു
കാർ യാത്രക്കാരിയെ മർദ്ദിച്ചെന്ന പരാതി; നടക്കാവ് എസ് ഐക്ക് സസ്പെൻഷൻ

കോഴിക്കോട്: യുവതിയെയും കുടുംബത്തെയും മർദിച്ചെന്ന പരാതിയില്‍ നടക്കാവ് എസ് ഐക്ക് സസ്പെൻഷൻ. നടക്കാവ് ഗ്രേഡ് എസ് ഐ വിനോദ് കുമാറിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. കാറിന് സൈഡ് നൽകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് മർദ്ദനത്തിനിടയാക്കിയത്.

സംഭവത്തിൽ എസ്‌ഐ വിനോദ് കുമാര്‍ ഉള്‍പ്പടെ നാല് പേര്‍ക്കെതിരെ കേസെടുത്തിരുന്നു. കുടുംബത്തിന്റെ പരാതിയില്‍ കാക്കൂര്‍ പൊലീസാണ് കേസെടുത്തത്. അത്തോളി സ്വദേശിനി അഫ്‌ന അബ്ദുള്‍ നാഫിക്ക് ആണ് പരാതിക്കാരി.

ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. അഫ്നയും ഭർത്താവും കുട്ടികളും ഉൾപ്പടെ എട്ട് പേരാണ് കാറിലുണ്ടായിരുന്നത്. കാക്കൂർ കൊളത്തൂരിൽ വച്ച് എതിരെ വന്ന കാറിന് സൈഡ് നൽകുന്നതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായി. കാറിലുണ്ടായിരുന്ന രണ്ട് യുവാക്കളുമായാണ് വാക്കേറ്റമുണ്ടായത്. അഫ്ന പൊലീസിനെ വിളിക്കുമെന്ന് പറഞ്ഞതോടെ യുവാക്കൾ മറ്റ് രണ്ട് പേരെ വിളിച്ചു വരുത്തി. യുവാക്കൾ വിളിച്ചതു പ്രകാരം ബൈക്കിലെത്തിയ നടക്കാവ് എസ് ഐ വിനോദ് കുമാറും സഹോദരനും ചേർന്ന് ക്രൂരമായി മർദ്ദിച്ചെന്നാണ് പരാതി.

പൊലീസ് അടിവയറ്റില്‍ തൊഴിച്ചെന്ന് അഫ്‌ന പറഞ്ഞിരുന്നു. വലതു കൈയ്യില്‍ കടിച്ചു. വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞ് അക്രമി സംഘം കാറില്‍ നിന്ന് വലിച്ച് പുറത്തേക്കിട്ടു. കാറിലെത്തിയ സംഘം വിളിച്ചതു പ്രകാരമാണ് എസ്‌ഐ ബൈക്കിലെത്തി മര്‍ദ്ദിച്ചതെന്ന് അഫ്‌ന പറഞ്ഞു. പൊലീസുകാര്‍ മദ്യപിച്ചിരുന്നതായും അഫ്‌ന ആരോപിച്ചിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com