Top

പണി പോയാലെന്താ, കിട്ടിയത് ഒന്നും രണ്ടും കോടിയല്ല; മസ്‌ക് പറഞ്ഞുവിട്ടെങ്കിലും പരാഗ് അഗര്‍വാളിന് വന്‍ സാമ്പത്തികനേട്ടം

42 ദശലക്ഷം ഡോളറാണ് അഗര്‍വാളിന് ലഭിക്കാന്‍ പോകുന്നതെന്ന് ഗവേഷണ സ്ഥാപനമായ ഇക്വിലിയര്‍ അറിയിച്ചു

28 Oct 2022 2:49 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പണി പോയാലെന്താ, കിട്ടിയത് ഒന്നും രണ്ടും കോടിയല്ല; മസ്‌ക് പറഞ്ഞുവിട്ടെങ്കിലും പരാഗ് അഗര്‍വാളിന് വന്‍ സാമ്പത്തികനേട്ടം
X

എലണ്‍ മസ്‌ക് 44 ശതകോടി ഡോളറിന് ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ തന്നെ പണി തുടങ്ങിയിരിക്കുകയാണ്. കരാര്‍ പൂര്‍ത്തിയായ ഉടനെ മസ്‌ക് ട്വിറ്റര്‍ സിഇഒ പരാഗ് അഗര്‍വാള്‍ ഉള്‍പ്പെടെയുളള ജീവനക്കാരെ പുറത്താക്കി. എന്നാല്‍ ഉയര്‍ന്ന ജീവനക്കാരനായിരുന്ന പരാഗ് അഗര്‍വാള്‍ വെറും കൈയ്യോടെ പുറത്തുപോകേണ്ടി വരില്ലെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

42 ദശലക്ഷം ഡോളറാണ് അഗര്‍വാളിന് ലഭിക്കാന്‍ പോകുന്നതെന്ന് ഗവേഷണ സ്ഥാപനമായ ഇക്വിലിയര്‍ അറിയിച്ചു. ഒരു വര്‍ഷത്തെ അദ്ദേഹത്തിന്റെ അടിസ്ഥാന ശമ്പളവും എല്ലാ ഓഹരികളും ഉള്‍പ്പെടെയാണ് ഈ തുക നല്‍കുന്നത്. മുമ്പ് ട്വിറ്ററിന്റെ ചീഫ് ടെക്‌നോളജി ഓഫീസറായിരുന്ന അഗര്‍വാളിന്റെ അന്നത്തെ വേതന സ്‌കെയില്‍ പ്രകാരം 30.4 ദശലക്ഷം ഡോളറായിരുന്നു നഷ്ട പരിഹാരമായി ലഭിക്കേണ്ടത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ട്വിറ്ററിന്റെ സിഇഒ ആയി സ്ഥാനക്കയറ്റം കിട്ടിയതോടെ അഗര്‍വാളിന്റെ പ്രതിവര്‍ഷ വരുമാനം ഒരു ദശലക്ഷം ആയി മാറി.

2021 നവംബറില്‍ ട്വിറ്ററിന്റെ സഹസ്ഥാപകന്‍ ജാക്ക് ഡോര്‍സി അപ്രതീക്ഷിതമായി രാജിവെച്ചതിനെ തുടര്‍ന്നാണ് പരാഗ് അഗര്‍വാള്‍ സിഇഒ സ്ഥാനത്തേക്ക് എത്തുന്നത്. ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള മസ്‌കിന്റെ ശ്രമങ്ങള്‍ നടക്കുന്നതിനിടെ ഇരുവര്‍ക്കുമിടയില്‍ ഉരസലുണ്ടായി. പ്രശ്‌നങ്ങള്‍ പൊതു ജനങ്ങളില്‍ നിന്ന് ഇരുവരും മറച്ചുവെച്ചിരുന്നുമില്ല. ട്വിറ്റര്‍ ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് കേസ് തുടരവെ ഇരുവരും തമ്മില്‍ ചാറ്റില്‍ ചെറിയ തര്‍ക്കങ്ങളുമുണ്ടായി.

'ട്വിറ്റര്‍ മരിക്കുകയാണോ?' എന്ന് ട്വീറ്റ് ചെയ്യാന്‍ നിങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്നും എന്നാല്‍ ഇത്തരം ചോദ്യങ്ങള്‍ ട്വിറ്ററിനെ മെച്ചപ്പെടുത്തുന്നതില്‍ എന്നെ സഹായിക്കുന്നില്ലെന്നും ചൂണ്ടിക്കാണിച്ച് കഴിഞ്ഞ ഏപ്രിലില്‍ അഗര്‍വാള്‍ മസ്‌കിന് മെസ്സേജ് അയച്ചു. എന്നാല്‍ 'ഈ ആഴ്ച നിങ്ങള്‍ എന്ത് ചെയ്തു?' എന്ന മറുചോദ്യമായിരുന്നു ശതകോടീശ്വരന്റെ മറുപടി.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ഭീമനായ ട്വിറ്ററുമായി നടത്തിയ കടുത്ത നിയമ പോരാട്ടത്തിന് ശേഷമാണ് മസ്‌കിന്റെ ഏറ്റെടുക്കല്‍. ട്വിറ്ററിലെ ബോട്ട് അക്കൗണ്ടുകളുടെ എണ്ണവുമായി ബന്ധപ്പെട്ട് തന്നെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപിച്ച് ജൂലൈയില്‍ മസ്‌ക് സ്ഥാപനത്തിന്റെ നിയന്ത്രണാധികാരം ഏറ്റെടുക്കുന്നതില്‍ നിന്ന് പിന്മാറിയിരുന്നു.

ഒക്ടോബര്‍ 17ന് ഡെലാവെയര്‍ കോടതിയില്‍ വെച്ച് മസ്‌ക്കും ട്വിറ്ററും തമ്മില്‍ ഏറ്റുമുട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. 44 ശതകോടി ഡോളറിന്റെ ഇടപാടുകള്‍ അവസാനിപ്പിക്കുവാന്‍ ട്വിറ്റര്‍ മസ്‌കിനോട് അന്ന് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഈ മാസം ആദ്യം മസ്‌ക് തന്റെ കരാറുമായി മുന്നോട്ട് പോകുകയാണെന്ന് അറിയിച്ചു. കൂടാതെ ട്വിറ്ററിനോട് കേസ് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. ഇതോടെയാണ് തര്‍ക്കത്തിന് അന്ത്യമായത്.

STORY HIGHLIGHTS: What if the work goes away, the income is not one or two crores; Parag Agarwal has a huge financial gain even though Musk fired him.

Next Story