
ഒരു നടന്‍ എന്ന നിലയില്‍ തിലകന്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ടവനായിരുന്നപ്പോഴും സിനിമയുടെ വാണിജ്യ ലോകത്തെ സംഘടിതമായ അധികാര ശക്തികള്‍ക്ക് തിലകന്‍ വെറുക്കപ്പെട്ടവനായിരുന്നു. തന്റേതായ ശരികള്‍ക്ക് വേണ്ടി ഏതറ്റം വരെയും പോകാന്‍ തന്റേടമുള്ള തിലകന്‍ സിനിമയിലെ അധികാര വ്യവസ്ഥയ്‌ക്കെതിരായ കലാപകാരിയായി. അതിന്റെ പേരില്‍ അവസരങ്ങള്‍ ഒരോന്നായി നഷ്ടപ്പെട്ടപ്പോഴും, വിലക്കുകള്‍ക്ക് തകര്‍ക്കാനാവാത്ത ആ അഭിനയതിലകം, ചങ്കൂറ്റത്തോടെ ചങ്കുറപ്പോടെ നിന്നു. നിശ്ചയദാര്‍ഡ്യത്തിന്റെയും നിലപാടിന്റെയും അടയാളമായിരുന്നു ആ അഭിനയജീവിതം. സിനിമയില്‍ പ്രബലരാല്‍ നിയന്ത്രിക്കപ്പെടുന്ന മാഫിയ ഉണ്ടെന്നും അവരെ എതിര്‍ക്കുന്നവരെല്ലാം വേട്ടയാടപ്പെടുന്നുണ്ടെന്നും തുറന്നുപറഞ്ഞ തിലകന്‍ ഒരു ഒറ്റയാനെ പോലെ പോരാടി. അതോടെ കരാറൊപ്പിട്ട നിരവധി ചിത്രങ്ങള്‍ തിലകന് നഷ്ടമായി. അതിനെതിരെയെല്ലാം ശക്തമായ ഭാഷയില്‍ തിലകന്‍ തുറന്നടിച്ചു. തൊഴില്‍ നിഷേധിക്കുന്ന ഒരു മാഫിയ മലയാള സിനിമയിലുണ്ടെന്ന് തിലകന്‍ വീണ്ടും വീണ്ടുമാവര്‍ത്തിച്ചു. അതോടെ താരസംഘടന ഔദ്യോഗിമായി തന്നെ തിലകനെതിരെ രംഗത്തുവന്നു, അദ്ദേഹത്തെ ശല്യക്കാരനായി മുദ്രകുത്തി, മാനസിക രോഗിയെന്ന് വിളിച്ചു… എന്നാല്‍ തിലകന്‍ എന്താണോ അക്കാലത്ത് വിളിച്ചുപറഞ്ഞത്, അതെല്ലാം ശരിയായിരുന്നുവെന്ന് പില്‍ക്കാലം തെളിയിച്ചു…