
അബുദാബി: കനത്ത മഴയെ തുടർന്ന് ദുബായിലെ റോഡുകളിൽ വെളളം കയറി. വെളളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്ന് കയാക്കിങുമായി ഇറങ്ങിയിരിക്കുകയാണ് ചില ദുബായ് നിവാസികൾ. വെള്ളം നിറഞ്ഞ റോഡുകളിലും മണലിലും ആളുകൾ പാഡിൽ ബോർഡിംഗും കയാക്കിങും നടത്തുന്ന വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്.
രസകരമെന്ന് പറഞ്ഞ് ആണ് സാമൂഹിക മാധ്യമങ്ങളിൽ ആളുകൾ കയാക്കിംഗ് നടത്തുന്ന വീഡിയോ പോസ്റ്റ് ചെയ്തിട്ടുളളത്. യുഎഇയുടെ പല ഭാഗങ്ങളിലും ശക്തമായ മഴയാണ് ലഭിച്ചത്. കനത്ത മഴയ്ക്കൊപ്പം ഇടിമിന്നലും ഉണ്ടായിരുന്നു. കടൽത്തീരങ്ങളിൽ നിന്നും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്നും ഒഴിഞ്ഞുനിൽക്കാനും വാഹനമോടിക്കുമ്പോൾ ജാഗ്രത പാലിക്കാനും ആവശ്യപ്പെട്ട് ദുബായ് പൊലീസ് മുന്നറിയിപ്പ് നൽകി. ശക്തമായ മഴയെ തുടർന്ന് യെല്ലോ, ഓറഞ്ച് അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
സ്കൂളുകളിൽ ക്ലാസുകൾ ഓൺലൈനായിട്ട് ആണ് നടത്തുന്നത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ക്ലാസുകൾ ഓൺലൈനായിട്ടായിരിക്കുമെന്ന് സ്കൂൾ അധികൃതർ മാതാപിതാക്കൾക്ക് ഇ-മെയിൽ അയക്കുകയായിരുന്നു.
പ്രധാന റോഡുകളില് ഉള്പ്പെടെ വെളളം നിറഞ്ഞത് മൂലം വിവിധ എമിറേറ്റുകളില് വാഹന ഗതാഗതം തടസപ്പെട്ടു. വിവിധ ഇടങ്ങളില് പാര്ക്ക് ചെയ്തിരുന്ന വാഹനങ്ങള് വെളളക്കെട്ടില് അകപ്പെട്ടു. നിരവധി വാഹനങ്ങള്ക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.
റോഡുകളിൽ നിന്ന് മഴവെള്ളം വറ്റിച്ചുകളയുന്നതിനുളള നടപടി സ്വീകരിച്ചതായി ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു. അടുത്ത നാല് ദിവസം കനത്ത മഴയും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു.