Top

ലൂണയുമായുള്ള കരാർ നീട്ടി ബ്ലാസ്‌റ്റേഴ്‌സ്‌; ഐഎസ്എല്ലിലെ ഏറ്റവും മൂല്യമുള്ള കളിക്കാരനെന്ന് വുകോമനോവിച്ച്‌

22 July 2022 2:42 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലൂണയുമായുള്ള കരാർ നീട്ടി ബ്ലാസ്‌റ്റേഴ്‌സ്‌; ഐഎസ്എല്ലിലെ ഏറ്റവും മൂല്യമുള്ള കളിക്കാരനെന്ന് വുകോമനോവിച്ച്‌
X

കൊച്ചി : മധ്യനിര താരം അഡ്രിയാൻ ലൂണയുമായുള്ള കരാർ രണ്ട് വർഷത്തേക്ക്‌ കൂടി ബ്ലാസ്റ്റേഴ്സ് നീട്ടി. നേരത്തേ രണ്ട്‌ വർഷത്തെ കരാറിലാണ്‌ ഉറുഗ്വേൻ അറ്റാക്കിങ്‌ മിഡ്‌ഫീൽഡർ ബ്ലാസ്‌റ്റേഴ്‌സിൽ എത്തിയത്. പുതിയ കരാർ പ്രകാരം 2024 വരെ അദ്ദേഹം ക്ലബ്ബിൽ തുടരും. നേരത്തേ കഴിഞ്ഞ സീസണിലെ പ്രമുഖ വിദേശ താരങ്ങള്‍ ക്ലബ്ബ് വിട്ടതിനാല്‍ ആരാധകർ ലൂണയുടെ കാര്യത്തില്‍ ആശങ്കയിലായിരുന്നു. ഈ സാഹചര്യത്തില്‍ കരാർ നീട്ടിയതിന്‍റെ ആശ്വാസത്തിലാണ് ആരാധകരും.

ആദ്യ സീസണിൽ വൈസ്‌ ക്യാപ്‌റ്റനായിരുന്ന അഡ്രിയാൻ ലൂണ, ജെസെൽ കർണെയ്‌റോ പരിക്കേറ്റ്‌ പുറത്തായതോടെ ക്യാപ്‌റ്റനായി. ബ്ലാസ്‌റ്റേഴ്‌സിലെ ആദ്യ സീസണിൽ ആറ്‌ ഗോളുകൾ നേടിയ ലൂണ ഏഴ്‌ ഗോളുകൾക്ക് അവസരമൊരുക്കുകയും ചെയ്തു. ആക്രമണത്തിലും പ്രതിരോധത്തിലും ഒരുപോലെ സംഭാവന നൽകിയ ലൂണ ഐഎസ്‌എൽ ഓഫ്‌ ദി ഇയർ ടീമിലും ഇടംനേടിയിരുന്നു. ഉറുഗ്വേയിലെ ക്ലബ്ബ്‌ അത്‌ലറ്റികോ പ്രോഗ്രസോ, മോണ്ടെവിഡിയോ വാണ്ടറേഴ്‌സ്‌, ഡിഫെൻസർ സ്‌പോർടിങ്‌ എന്നിവയ്‌ക്കായി ലൂണ കളിച്ചിട്ടുണ്ട്. 2010ൽ ഡിഫെൻസറിൽ ആദ്യമായി സീനിയർ കുപ്പായത്തിൽ ഇറങ്ങി. പിന്നീട് സ്‌പാനിഷ്‌ ക്ലബ്ബുകളായ എസ്‌പാന്യോൾ, ജിംനാസ്‌റ്റിക്‌, സിഇ സബാഡെൾ എന്നിവയിൽ വായ്‌പാടിസ്ഥാനത്തിൽ എത്തി. പിന്നീട് മെക്‌സിക്കോയിൽ എത്തിയ ഈ ഇരുപത്തൊൻപതുകാരൻ അവിടെ ടിബുറോനെസ്‌ റോഹാസ, വെനാഡോസ എഫ്‌സി ടീമുകളെ പ്രതിനിധീകരിച്ചു. ഓസ്‌ട്രേലിയൻ ക്ലബ്ബായ മെൽബൺ സിറ്റിയുമായി കരാർ ഒപ്പിട്ട ലൂണ രണ്ട്‌ വർഷത്തിനിടെ 51 മത്സരങ്ങളിൽ കളിച്ചു. 2009ലെ ഫിഫ അണ്ടർ 17 ലോകകപ്പ്‌, 2011ലെ ഫിഫ അണ്ടർ 20 ലോകകപ്പ്‌ എന്നിവയിലും ലൂണ കളിച്ചിട്ടുണ്ട്‌.

കഴിഞ്ഞ സീസണിൽ അഡ്രിയാൻ ക്ലബ്ബിന്‌ ഏറ്റവും യോജിച്ച കളിക്കാരനായിരുന്നുന്നുവെന്ന് പരിശീലകൻ ഇവാൻ വുകേമനോവിച്ച് പറർഞ്ഞു. ' ഐഎസ്‌എലിലെ ഏറ്റവും മൂല്യമുള്ള കളിക്കാരിലൊരാളാണ്‌ ലൂണ. മഹത്തായ വ്യക്തിത്വമുള്ള അദ്ദേഹം ടീമിലേക്ക്‌ എതെങ്കിലും തരത്തിലുള്ള പ്രത്യേകത കൊണ്ടുവരുന്ന കളിക്കാരനാണ്‌. കരാർ നീട്ടിയതിൽ ആവേശത്തിലാണ്‌. അടുത്ത സീസണിൽ അദ്ദേഹം കൊച്ചിയിലെത്തുമെന്നതിൽ സന്തോഷമുണ്ട് '‐ വുകോമനോവിച്ച്‌ പറഞ്ഞു.

മഞ്ഞപ്പടയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടന്ന് ലൂണ പ്രതികരിച്ചു. ' ക്ലബിനൊപ്പമുള്ള എന്റെ അടുത്ത മൂന്ന് വർഷം വളരെ മികച്ചതായിരിക്കുമെന്ന് വിശ്വസിക്കുന്നു. ഓരോ കളിയിലും എന്റെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കാനും, വരും സീസണിൽ ടീമിന് വേണ്ടി മികച്ചത് നേടിയെടുക്കാനും കഴിയുമെന്നും പ്രതീക്ഷിക്കുന്നു'‐ ലൂണ പറഞ്ഞു. ലൂണയ്‌ക്കൊപ്പം, ബിജോയ് വർഗീസ്, ജീക്‌സൺ സിങ്‌, മാർക്കോ ലെസ്‌കോവിച്ച്, പ്രഭ്‌സുഖൻ ഗിൽ, കരൺജിത് സിങ്‌, സന്ദീപ് സിങ്‌ എന്നിവരുടെ കരാർ ബ്ലാസ്റ്റേഴ്‌സ് നീട്ടിയിട്ടുണ്ട്. ഓഗസ്റ്റ് ഒന്നിന് കൊച്ചിയിൽ പ്രീസീസൺ ആരംഭിക്കാനിരിക്കെയാണ് ലൂണയുടെ കരാർ നീട്ടിയത്.

Story Highlights : Kerala Blasters extend Adrian Luna's contract; Luna is the most valuable player in the ISL : Ivan Vukomanovic

Next Story