ഇംഗ്ലീഷ് ഫുട്ബോൾ ക്ലബ് ലിവർപൂളിനൊപ്പം ഇത് തന്റെ അവസാന സീസണാകാമെന്ന് മുഹമ്മദ് സലാ. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ മത്സരത്തിന് പിന്നാലെയാണ് സലായുടെ പ്രതികരണം. 'ക്ലബിലെ ആരും ഇതുവരെ തന്നോട് കരാർ പുതുക്കുന്നതിനെക്കുറിച്ച് സംസാരിച്ചിട്ടില്ല. സീസണിന്റെ അവസാനം വരെ കളിക്കുകയാണ് തന്റെ ലക്ഷ്യം. ഇപ്പോൾ ലിവർപൂളിൽ താൻ സന്തോഷവാനാണ്. അടുത്ത വർഷം എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാം.' സലാ പറഞ്ഞത് ഇങ്ങനെ.
മുഹമ്മദ് സലാ മികച്ച രീതിയിൽ കളിക്കുന്നുവെന്നാണ് കരാർ പുതുക്കലിനെക്കുറിച്ചുള്ള താരത്തിന്റെ വാക്കുകളോട് ലിവർപൂൾ മാനേജർ ആർനെ സ്ലോട്ട് പ്രതികരിച്ചത്. താരങ്ങളുടെ കരാറിനെക്കുറിച്ച് ഇതുവരെ താൻ ആരോടും സംസാരിച്ചില്ല. എന്നാൽ ഒരുപാട് സമയം സലായുടെ പ്രകടനത്തെക്കുറിച്ച് സംസാരിച്ചെന്നും ആർനെ സ്ലോട്ട് വ്യക്തമാക്കി.
2017ലാണ് എഎസ് റോമ വിട്ട് സലാ ലിവർപൂളിലേക്ക് എത്തിയത്. ഇംഗ്ലീഷ് ക്ലബിനൊപ്പം 352 മത്സരങ്ങൾ കളിച്ച താരം 214 ഗോളുകളും 92 അസിസ്റ്റുകളും നേടി. ലിവർപൂളിനൊപ്പം ഓരോ തവണ വീതം ഇംഗ്ലീഷ് പ്രീമിയർ ലീഗ്, ചാമ്പ്യൻസ് ലീഗ്, എഫ് എ കപ്പ്, ക്ലബ് ലോകകപ്പ് തുടങ്ങിയ നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. ഈജിപ്ത് ദേശീയ ടീമിന്റെയും നായകനാണ് 33കാരനായ സലാ.