Top

'ഈ കാല് വച്ച് തല്ലുമോ?'; ഷൂട്ടിംഗ് ലൊക്കേഷനിലുണ്ടായ സംഘര്‍ഷത്തെക്കുറിച്ച് ഷൈന്‍ ടോം ചാക്കോ

നാട്ടുകാരില്‍ ഒരാളെ ഷൈന്‍ തല്ലിയെന്ന് ആരോപണമുണ്ടായിരുന്നു

11 March 2022 10:03 AM GMT
ഫിൽമി റിപ്പോർട്ടർ

ഈ കാല് വച്ച് തല്ലുമോ?; ഷൂട്ടിംഗ് ലൊക്കേഷനിലുണ്ടായ സംഘര്‍ഷത്തെക്കുറിച്ച് ഷൈന്‍ ടോം ചാക്കോ
X

'തല്ലുമാല' സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിലുണ്ടായ സംഘര്‍ഷത്തെക്കുറിച്ച് നടന്‍ ഷൈന്‍ ടോം ചാക്കോ. നാട്ടുകാരില്‍ ഒരാളെ ഷൈന്‍ തല്ലിയെന്ന് ആരോപണമുണ്ടായിരുന്നു. ചിത്രീകരണത്തിനിടെ പരുക്കേറ്റ താന്‍ ഈ കാല് വച്ച് തല്ലുമോയെന്ന് ഷൈന്‍ ചോദിച്ചു. 'പട' സിനിമയുടെ പ്രദര്‍ശനത്തിന് കൊച്ചിയിലെത്തിയപ്പോഴായിരുന്നു താരത്തിന്റെ പ്രതികരണം.

തല്ലിനെക്കുറിച്ച് ചോദിക്കാനില്ലേയെന്ന് മാധ്യമപ്രവര്‍ത്തകരോട് ഷൈന്‍ ചോദിക്കുകയായിരുന്നു. 'ഞാന്‍ തല്ലില്ല, കൊല്ലും. ഇനി ഞാന്‍ തല്ലുമെന്ന് എഴുതിവിടരുത്. ഈ കാല് വച്ച് ഞാന്‍ തല്ലുമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ?' ഷൈന്‍ പ്രതികരിച്ചു. സിനിമയുടെ ചിത്രീകരണത്തിനിടെ ഷൈനിന്റെ കാലിന് പരുക്കേറ്റിരുന്നത് വാര്‍ത്തയായിരുന്നു.

അടുത്തിടെയാണ് കളമശ്ശേരി എച്ച് എം ടി കോളനിയില്‍ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നതിനിടെ സിനിമാപ്രവര്‍ത്തകരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷമുണ്ടായത്. നാട്ടുകാരില്‍ ഒരാളെ ഷൈന്‍ തല്ലിയെന്നും ആരോപണമുണ്ടായിരുന്നു. ഷൂട്ടിംഗ് തടസപ്പെടുത്തിയ നാട്ടുകാര്‍ സിനിമ പ്രവര്‍ത്തകരെ തടഞ്ഞുവച്ചിരുന്നു.

കുഞ്ചാക്കോ ബോബന്‍, വിനായകന്‍, ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കമല്‍ കെ എം സംവിധാനം ചെയ്ത ചിത്രമാണ് പട. 25 വര്‍ഷം മുമ്പ് കേരളത്തെ നടുക്കുകയും വലിയ ചര്‍ച്ചകള്‍ക്ക് കാരണമാവുകയും ചെയ്ത ഒരു സംഭവമാണ് പട ചര്‍ച്ച ചെയ്യുന്നത്. സമീര്‍ താഹിറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ഗോകുല്‍ ദാസ് കലാസംവിധാനവും, അജയന്‍ അടാട്ട് ശബ്ദസംവിധാനവും നിര്‍വ്വഹിക്കുന്നു.

തല്ലുമാല ഷൂട്ടിങ് ലൊക്കേഷനിൽ തല്ല് വീഡിയോ

Story Highlights; Actor Shine Tom Chacko talks about the clash at the shooting location of Thallumaala

Next Story