

വിജയ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമ ആയിരുന്നു ജനനായകൻ. സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാത്തത് കാരണം നേരത്തെ ജനുവരി 9 ന് റിലീസ് പ്രഖ്യാപിച്ച ചിത്രം മാറ്റിവെക്കുകയായിരുന്നു. ചിത്രം മാറ്റിവെച്ചത് വലിയ നിരാശയാണ് വിജയ് ആരാധകർക്കിടയിൽ ഉണ്ടാക്കിയത്. ഇപ്പോഴിതാ ജനനായകൻ റിലീസ് മാറ്റിവെച്ചതിന് പിന്നാലെ രണ്ട് സിനിമകൾ കൂടി പൊങ്കൽ റിലീസായി പ്രഖ്യാപിച്ചിരിക്കുകയാണ്.
ജീവ നായകനായി എത്തുന്ന 'തലൈവർ തമ്പി തലൈമയിൽ', കാർത്തി ചിത്രം 'വാ വാത്തിയാർ' എന്നിവയാണ് പൊങ്കൽ റിലീസായി എത്തുന്ന സിനിമകൾ. ബേസിൽ ജോസഫിനെ നായകനാക്കി ഒരുക്കിയ ഫാലിമി എന്ന സിനിമയ്ക്ക് ശേഷം നിതീഷ് ഒരുക്കുന്ന സിനിമയാണ് ഇത്. ഒരു കോമഡി ഫാമിലി ഡ്രാമയാണ് സിനിമ ആണ് ഇത്. പ്രേമലു, ആലപ്പുഴ ജിംഖാന എന്നീ സിനിമകളിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ വിഷ്ണു വിജയ് ആണ് ഈ സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. കണ്ണൻ രവി പ്രൊഡക്ഷൻസിന്റെ ബാനറിൽ കണ്ണൻ രവി ആണ് ഈ സിനിമ നിർമിക്കുന്നത്. സാൻജോ ജോസഫ്, നിതീഷ് സഹദേവ്, അനുരാജ് എന്നിവർ ചേർന്നാണ് ഈ സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത്. ജനുവരി 15 നാണ് സിനിമ പുറത്തിറങ്ങുന്നത്.

'സൂദു കവ്വും' എന്ന ഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധേയനായ നളൻ കുമാരസാമിക്കൊപ്പം നടൻ കാർത്തി ഒന്നിക്കുന്ന പുതിയ ചിത്രം ആണ് വാ വാത്തിയാർ. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ സിനിമ ജനുവരി 14 ന് പുറത്തിറങ്ങും. കൃതി ഷെട്ടിയാണ് 'വാ വാത്തിയാർ' എന്ന ചിത്രത്തിൽ നായികയായി എത്തുന്നത്. സത്യരാജ് ആണ് കാർത്തിയുടെ വില്ലനായി എത്തുന്നത്. നടൻ രാജ് കിരണും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. നേരത്തെ ചിത്രം ഡിസംബർ 26 പുറത്തിറങ്ങുമെന്ന് അറിയിച്ചെങ്കിലും റിലീസ് മാറ്റിവെക്കുകയായിരുന്നു.
8 വർഷത്തെ ഇടവേളക്ക് ശേഷമാണ് നളൻ കുമാരസാമി സിനിമയിലേക്ക് തിരികെ എത്തുന്നത്. കാതലും കടന്തു പോവും ആണ് അദ്ദേഹത്തിന്റെ സംവിധാനത്തിൽ ഇറങ്ങിയ അവസാന പടം. അതേസമയം ചിത്രത്തിന്റെ ഒടിടി അവകാശം ഇതിനോടകം ആമസോൺ പ്രൈം സ്വന്തമാക്കി. ചിത്രത്തിൽ കടുത്ത എംജിആർ ആരാധകനായിട്ടാണ് കാർത്തി എത്തുന്നത്.
Content Highlights: Karthi and Jiiva films releasing on pongal instead of vijay film jananayagan