കത്തനാരിൽ ആരായിരിക്കും ഈ പയ്യൻ ?, മങ്കിപെന്നിലെ മോന് പിറന്നാൾ ആശംസകളുമായി ജയസൂര്യ

വര്‍ഷങ്ങള്‍ക്ക് ശേഷം സനൂപിനെ സ്ക്രീനില്‍ കാണാനാകുന്നതിലെ സന്തോഷവും പ്രേക്ഷകര്‍ പങ്കുവെക്കുന്നുണ്ട്.

കത്തനാരിൽ ആരായിരിക്കും ഈ പയ്യൻ ?, മങ്കിപെന്നിലെ മോന് പിറന്നാൾ ആശംസകളുമായി ജയസൂര്യ
dot image

ഫിലിപ്‌സ് ആന്റ് ദ മങ്കിപെൻ എന്ന ചിത്രത്തിൽ റയാൻ ഫിലിപ്പ് എന്ന കഥാപാത്രമായെത്തിയ ബാലതാരത്തെ ഓർമയുണ്ടോ ? സിനിമയുടെ കേന്ദ്ര കഥാപാത്രം ഈ റയാൻ ആയിരുന്നു. ആ റയാനെ ഏറ്റവും മനോഹരമായി സ്‌ക്രീനിൽ എത്തിച്ചത് സനൂപ് സന്തോഷായിരുന്നു.

ജയസൂര്യയായിരുന്നു ചിത്രത്തിൽ ഫിലിപ്പ് എന്ന അച്ഛൻ വേഷത്തിലെത്തിയത്. മങ്കിപെന്നിലെ ജയസൂര്യയുടെയും സനൂപിന്റെയും കോമ്പിനേഷൻ സീനുകളും അതിലെ കെമിസ്ട്രിയുമെല്ലാം അന്ന് തന്നെ പ്രേക്ഷകരുടെ മനസ് കവർന്നിരുന്നു. സനൂപിന്റെ പ്രകടനമായിരുന്നു ചിത്രത്തിന്റെ ഹൈലൈറ്റായി മാറിയതും. സനൂപ് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നേടി.

പിന്നീട് മോഹൻലാലിനും മമ്മൂട്ടിക്കും മഞ്ജു വാര്യറിനുമൊപ്പം മികച്ച പ്രകടനവുമായി സനൂപ് എത്തി. 2018ൽ 'ജോണി ജോണി യെസ് അപ്പാ' ചിത്രത്തിന് ശേഷം സിനിമയിൽ നിന്നും മാറിനിൽക്കുകയായിരുന്ന സനൂപ് ഇപ്പോൾ ഒരു തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ബാലതാരമായി കരിയറിൽ ബ്രേക്ക് നൽകിയ മങ്കിപെന്നിന്റെ സംവിധായകൻ റോജിൻ തോമസ് സംവിധാനം ചെയ്യുന്ന കത്തനാരിലൂടെയാണ് സനൂപ് തിരിച്ചെത്തുന്നത്. ജയസൂര്യക്കൊപ്പം തന്നെയാണ് ഈ കംബാക്ക് എന്ന പ്രത്യേകതയുമുണ്ട്.

Sanoop Santhosh and Jayasurya

സനൂപിന്റെ ജന്മദിനമായ ഇന്ന് ആശംസകൾ നേർന്നുകൊണ്ട് ജയസൂര്യ പങ്കുവെച്ച പോസ്റ്റിലാണ് കത്തനാരിലെ വേഷത്തെ കുറിച്ചും സംസാരിച്ചിരിക്കുന്നത്. മങ്കിപെന്നിലെ മോൻ ഇന്ന് വളർന്ന് വലുതായി 'മാൻ' ആയിരിക്കുന്നുവെന്നാണ് ജയസൂര്യയുടെ വാക്കുകൾ. 'മോൻ ടു മാൻ. സനു നീയൊരു ഗംഭീര നടനാണ്. കത്തനാർ നിന്റെ കരിയറിലെ ഒരു നാഴികക്കല്ലായി തീരട്ടെ എന്ന് ആശംസിക്കുകയാണ്. ഹാപ്പി ബർത്ത്‌ഡേ. ലവ് യു ഡാ,' ജയസൂര്യ കുറിച്ചു. മങ്കിപെന്നിലെയും കത്തനാർ സെറ്റിലെയും സനൂപിനൊപ്പമുള്ള ചിത്രങ്ങളും ജയസൂര്യ പങ്കുവെച്ചിട്ടുണ്ട്.

ഇതിന് പിന്നാലെ കത്തനാരിൽ ഏത് വേഷത്തിലായിരിക്കും സനൂപ് എത്തുക എന്നാണ് ചർച്ചകൾ. ജയസൂര്യയുടെ ചെറുപ്പകാലമായിരിക്കുമോ അതോ ഏറെ പ്രാധാന്യമുള്ള മറ്റേതെങ്കിലും വേഷമായിരിക്കുമോ സനൂപ് ചെയ്യുക എന്നും കമന്റുകളിൽ ചോദ്യങ്ങൾ വരുന്നുണ്ട്.

അതേസമയം, ഏറെ നാളായി അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്ന ചിത്രമാണ് റോജിൻ തോമസ് ഒരുക്കുന്ന കത്തനാർ: ദ വൈൽഡ് സോസറർ. ചിത്രത്തിൽ കത്തനാരായി ജയസൂര്യ എത്തുമ്പോൾ അനുഷ്‌ക ഷെട്ടിയാണ് നായികാവേഷത്തിലെത്തുന്നത്. പ്രഭുദേവയും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. മലയാളത്തിന് പുറത്ത് വിവിധ ഇൻഡസ്ട്രികളിലുള്ള അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

സിനിമയുടെ ഫസ്റ്റ് ലുക്ക് അണിയറപ്രവർത്തകർ നേരെത്തെ പുറത്തുവിട്ടിരുന്നു. മികച്ച അഭിപ്രായമാണ് പോസ്റ്ററിന് ലഭിച്ചിരുന്നത്. വമ്പൻ ബജറ്റിൽ മലയാള സിനിമ ഇന്നുവരെ കാണാത്ത തലത്തിലാണ് കത്തനാർ ഒരുങ്ങുന്നത്. രണ്ട് ഭാഗങ്ങളിലായി ഒരുങ്ങുന്ന'കത്തനാർ - ദി വൈൽഡ് സോഴ്‌സററി'ന്റെ ഡബ്ബിങ് പൂർത്തിയായിട്ടുണ്ട്. മറ്റ് പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളെല്ലാം പൂർത്തിയാക്കി ചിത്രം വൈകാതെ തന്നെ തിയേറ്ററുകളിലെത്തും.

Kathanar

മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ഇംഗ്ലിഷ്, ബംഗാളി, ചൈനീസ്, ഫ്രഞ്ച്, കൊറിയൻ, ഇറ്റാലിയൻ, റഷ്യൻ, ഇൻഡോനേഷ്യൻ, ജാപ്പനീസ്, ജർമൻ തുടങ്ങി 17 ഓളം ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് ചിത്രം നിർമ്മിക്കുന്നത്.

Content Highlight: Monkeypen movie fame Sanoop Santhosh comes in for Jayasuriya's Kathanar movie

dot image
To advertise here,contact us
dot image