ഫഹദ് ചെയ്യേണ്ടി ഇരുന്ന വേഷം, ഒടുവിൽ അത് എനിക്ക് വഴിത്തിരിവായി മാറി: അരുൺ വിജയ്

'ആ റോള്‍ ആദ്യം ചെയ്യാനിരുന്നത് ഫഹദ് ഫാസിലായിരുന്നു. എന്നാല്‍ അവസാന നിമിഷം ഫഹദ് ആ പടത്തില്‍ നിന്ന് പിന്മാറി'

ഫഹദ് ചെയ്യേണ്ടി ഇരുന്ന വേഷം, ഒടുവിൽ അത് എനിക്ക് വഴിത്തിരിവായി മാറി: അരുൺ വിജയ്
dot image

തടം, എന്നൈ അറിന്താൽ, ചെക്ക ചിവന്ത വാനം എന്നീ സിനിമകളിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ നടനാണ് അരുൺ വിജയ്. നിരവധി മികച്ച കഥാപാത്രങ്ങളും സിനിമകളും നടന്റേതായി പുറത്തുവന്നിട്ടുണ്ട്. ഇപ്പോഴിതാ മണിരത്നം ചിത്രമായ ചെക്ക ചിവന്ത വാനത്തിലെ തന്റെ കഥാപാത്രത്തിനെക്കുറിച്ച് മനസുതുറക്കുകയാണ് അരുൺ വിജയ്. സിനിമയിലെ തന്റെ കഥാപാത്രം ആദ്യം ചെയ്യാനിരുന്നത് ഫഹദ് ഫാസിൽ ആയിരുന്നു എന്നും എന്നാൽ ഒടുവിൽ അത് തനിക്ക് വഴിത്തിരിവായി എന്നും അരുൺ വിജയ് പറഞ്ഞു.

'എന്നൈ അറിന്താലിലെ വിക്ടറിന് ശേഷം വലിയ ഇംപാക്ടുണ്ടാക്കിയ വേഷമായിരുന്നു ചെക്ക ചിവന്ത വാനത്തിലെ ത്യാഗു. ആ പടത്തിന്റെ എഡിറ്റ് റീല്‍സ് ഇപ്പോഴും പലരും എനിക്ക് അയച്ചു തരാറുണ്ട്. സത്യം പറഞ്ഞാല്‍ ആ റോള്‍ ആദ്യം ചെയ്യാനിരുന്നത് ഫഹദ് ഫാസിലായിരുന്നു. എന്നാല്‍ അവസാന നിമിഷം ഫഹദ് ആ പടത്തില്‍ നിന്ന് പിന്മാറി. വേറെ ആര് ആ വേഷം ചെയ്യുമെന്ന് ചര്‍ച്ച നടത്തി. ആ പടത്തിന്റെ നാലഞ്ച് അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ അരുണ്‍ വിജയ് ചെയ്താല്‍ നന്നായിരിക്കും എന്ന് പറഞ്ഞു. അതോടെയാണ് ആ റോള്‍ എനിക്ക് കിട്ടിയത്. അതായത്, ഒരു വേഷം എനിക്ക് വിധിച്ചതാണെങ്കില്‍ എന്നെത്തേടി വരുമെന്ന് ആ ഒരു സംഭവത്തോടെ തിരിച്ചറിഞ്ഞു', അരുൺ വിജയ്‌യുടെ വാക്കുകൾ.

മണിരത്നം ചിത്രമായ ചെക്ക ചിവന്ത വനത്തിൽ ത്യാഗു എന്ന നെഗറ്റീവ് കഥാപാത്രത്തെയാണ് അരുൺ വിജയ്‌ അവതരിപ്പിച്ചത്. വലിയ കയ്യടികൾ ഈ കഥാപാത്രത്തിന് ലഭിച്ചിരുന്നു. ധനുഷ് ചിത്രമായ ഇഡ്ലി കടൈ ആണ് ഇപ്പോൾ തിയേറ്ററിലെത്തിയ അരുൺ വിജയ് ചിത്രം. സിനിമയിൽ ഒരു ബോക്സറുടെ വേഷത്തിലാണ് നടൻ എത്തുന്നത്. ധനുഷ് തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ഇഡ്‌ലി കടൈ. മികച്ച പ്രതികരണങ്ങളാണ് സിനിമയ്ക്ക് റിലീസിന് ശേഷം ലഭിക്കുന്നത്. സിനിമയുടെ കഥ മികച്ചു നിൽക്കുന്നുവെന്നും സെക്കന്റ് ഹാഫ് മികച്ചതാണെന്നുമാണ് ആരാധകളിൽ ഭൂരിഭാഗവും റിപ്പോർട്ട് ചെയ്യുന്നത്. ബോക്സ് ഓഫീസിൽ നിന്ന് ചിത്രം മികച്ച കളക്ഷൻ വാരിക്കൂട്ടുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.

സെന്റിമെൻറ്സും പ്രണയവും ആക്ഷനും ഒക്കെ ചേർന്ന എല്ലാ തരം പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന രീതിയിലാണ് ഇഡ്ലി കടൈ ധനുഷ് അണിയിച്ചൊരുക്കിയിരിക്കുന്നത്. ഡോൺ പിക്‌ച്ചേഴ്‌സിന്റെയും വണ്ടർബാർ ഫിലിമ്സിന്റേയും ബാനറിൽ ആകാശ് ഭാസ്കരനും ധനുഷും ചേർന്നാണ് ഇഡലി കടൈ നിർമിച്ചിരിക്കുന്നത്. പ്രശസ്ത സംഗീത സംവിധായകൻ ജി വി പ്രകാശ് കുമാറാണ് സംഗീത സംവിധായകൻ.

Content Highlights: fahadh Faasil was supposed to do my role in CCV says Arun Vijay

dot image
To advertise here,contact us
dot image