
മനുഷ്യക്കടത്ത് തടയുന്നതില്‍ തുടര്‍ച്ചയായ എട്ടാം വര്‍ഷവും ടയർ-വൺ പദവി നിലനിര്‍ത്തി ബഹ്റൈന്‍. മനുഷ്യക്കടത്തിന് ഇരകളാകുന്നവരുടെ സംരക്ഷണത്തിനുള്ള മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിക്കുന്ന രാജ്യങ്ങള്‍ക്കാണ് ടയര്‍-വണ്‍ റാങ്കിംഗ് നല്‍കുന്നത്. മനുഷ്യക്കടത്തിനെതിരെ ബഹ്റൈന്‍ ഭരണകൂടം സ്വീകരിച്ചുവരുന്ന ശക്തമായ നടപടികളുടെ ഭാഗമായാണ് ഈ നേട്ടം.
യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റിന്റെ വാര്‍ഷിക റിപ്പോര്‍ട്ടായ 'ട്രാഫിക്കിങ് ഇന്‍ പേഴ്സണ്‍സിലാണ് മനുഷ്യക്കടത്തിനെതിരായ പോരാട്ടത്തില്‍ ബഹ്‌റെെന്റെ നേട്ടം വ്യക്തമാക്കുന്നത്. 188 രാജ്യങ്ങളുടെ പ്രവര്‍ത്തങ്ങളെ നിരീക്ഷിക്കുകയും അവയെ മൂന്ന് തലങ്ങളായി തരംതിരിക്കുകയും ചെയ്യുന്ന ഈ റിപ്പോര്‍ട്ട് ആഗോളതലത്തില്‍ മുന്‍നിരയിലുള്ള സൂചികയാണ്. 2018 മുതല്‍, നിരവധി വികസിത രാജ്യങ്ങള്‍ക്കൊപ്പം ബഹ്റൈനും തുടര്‍ച്ചയായി ടയര്‍-1 റാങ്കിംഗ് സ്ഥാനം നിലനിര്‍ത്തുന്നു.
തൊഴില്‍ അന്തരീക്ഷം ശക്തിപ്പെടുത്തുന്നതിനും തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായികൂടിയാണ് ഈ നേട്ടമെന്ന് അധികൃതര്‍ പറഞ്ഞു. വിവിധ തൊഴില്‍ നിയമങ്ങള്‍ക്കൊപ്പം തുടര്‍ച്ചയായ അപ്‌ഡേറ്റുകളും ഉള്‍പ്പെടെ ശക്തമായ ചട്ടക്കൂടാണ് തൊഴില്‍ മേഖലയില്‍ ബഹ്‌റൈന്‍ വികസിപ്പിച്ചിരിക്കുന്നത്.
സംഘടിത കുറ്റകൃത്യങ്ങള്‍ക്കെതിരായ ഐക്യരാഷ്ട്രസഭയുടെ കണ്‍വെന്‍ഷനും മനുഷ്യക്കടത്ത് തടയുന്നതിനും അടിച്ചമര്‍ത്തുന്നതിനും ശിക്ഷിക്കുന്നതിനുമുള്ള പ്രോട്ടോക്കോളും ഉള്‍പ്പെടെയുള്ളയുളള പ്രധാന അന്താരാഷ്ട്ര കണ്‍വെന്‍ഷനുകളും ബഹ്റൈന്‍ അംഗീകരിച്ചിട്ടുണ്ട്. 2015 ല്‍ മിഡില്‍ ഈസ്റ്റിലെ ആദ്യ പ്രവാസി സംരക്ഷണ കേന്ദ്രവും രാജ്യത്ത് സ്ഥാപിച്ചു.
മനുഷ്യക്കടത്തിലെ ഇരകള്‍ക്ക് നീതി ഉറപ്പാക്കുന്നതിനും മനുഷ്യക്കടത്ത് കേസുകള്‍ കൈകാര്യം ചെയ്യുന്നതിനുമായി പ്രത്യേക പബ്ലിക് പ്രോസിക്യൂഷനും കോടതിയും രാജ്യത്ത് നിലവിലുണ്ട്. ഇതിനുപുറമെ തൊഴില്‍, തര്‍ക്കങ്ങള്‍ ഫയല്‍ ചെയ്യുന്നതിന് പ്രവാസികള്‍ക്ക് നിയമപരമായ സഹായവും നല്‍കിവരുരുന്നുണ്ട്. തൊഴിലുടമകള്‍ക്കും ജീവനക്കാര്‍ക്കും അവരുടെ കടമകളെയും അവകാശങ്ങളെയും കുറിച്ച് അവബോധം വളര്‍ത്തുന്നതിനായി നടത്തി വരുന്ന ബോധവത്ക്കരണ പരിപാടികളും ശ്രദ്ധേയമാണ്.
Content Highlights: Bahrain maintains Tier-1 status in combating trafficking