
യുഎഇയില്‍ ടാക്‌സ് പരിഷ്‌കരണത്തിന്റെ അടുത്ത ഘട്ടമായ ഇ-ഇന്‍വോയിസ് സംവിധാനം നടപ്പിലാക്കാന്‍ നടപടി തുടങ്ങി. നികുതിച്ചോര്‍ച്ച തടഞ്ഞ് ഈ മേഖലയില്‍ കൂടുതല്‍ സുതാര്യത ഉറപ്പാക്കുകയാണ് ലക്ഷ്യം. പുതിയ നിയമ പ്രകാരം അംഗീകൃത സര്‍വീസ് പ്രൊവൈഡര്‍ വഴി മാത്രമെ കമ്പനികള്‍ക്ക് ഇന്‍വോയിസുകള്‍ അയക്കാന്‍ കഴിയുകയുള്ളൂ.
ഡിസംബര്‍ 31-ന് അക്കൗണ്ട് ക്ലോസ് ചെയ്ത കമ്പനികള്‍ക്ക് കോര്‍പ്പറേറ്റ് ടാക്സ് ഫയല്‍ ചെയ്യാനുളള സമയം ഇന്നലെ അവസാനിച്ചതിന് പിന്നാലെയാണ് ഇ-ഇന്‍വോയിസിന്റെ പ്രവര്‍ത്തനങ്ങളിലേക്ക് യുഎഇ സാമ്പത്തിക കാര്യ മന്ത്രാലയം കടക്കുന്നത്. ഇതിന്റെ ഭാഗമായി നേരത്തെ ഇറക്കിയ ഉത്തരവില്‍ കൂടുതല്‍ വ്യക്തത വരുത്തി നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഇതനുസരിച്ച് അക്രഡറ്റഡ് സര്‍വീസ് പ്രൈവൈഡറിലൂടെ മാത്രമെ കമ്പനികള്‍ക്ക് ഇന്‍വോയിസുകള്‍ അയക്കാന്‍ കഴിയുകയുള്ളു. പര്‍ച്ചേസ് ബുക്ക് ചെയ്യാന്‍ ഇത്തരം ഇ- ഇന്‍വോയിസ് ആവശ്യമാണ്.
ബിസിനസ് ടു ബിസിനസ് നടത്തുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും പുതിയ നിയമം ബാധകമാണ്. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ ഇ-ഇന്‍വോയിസ് പ്രവര്‍ത്തനങ്ങള്‍ക്കായി നേരത്തെ തയ്യാറെയടുപ്പുകള്‍ തുടങ്ങേണ്ടതുണ്ടെന്ന് വര്‍ഷങ്ങളായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ജയന്‍ ബാലകൃഷ്ണന്‍ പറയുന്നു.
2018ല്‍ വാറ്റ് പ്രഖ്യാപിച്ച് കൊണ്ടാണ് നികുതി മേഖലയിലെ മാറ്റങ്ങള്‍ക്ക് യുഎഇ ഭരണകൂടം തുടക്കം കുറിച്ചത്. കഴിഞ്ഞ വര്‍ഷം കോര്‍പ്പറേറ്റ് ടാക്സും രാജ്യത്ത് നടപ്പിലാക്കി. ഇ-ഇന്‍വോയിസ് സംവിധാനം കൂടി പ്രാബല്യത്തിലാകുന്നതോടെ നികുതി മേഖയില്‍ കൂടുതല്‍ സുതാര്യത ഉറപ്പാക്കാനാകുമെന്നാണ് വിലയിരുത്തല്‍. അര്‍ഹതയുള്ള നികുതി ലഭിക്കുന്നു എന്ന് സര്‍ക്കാരിനും ഉറപ്പ് വരുത്തനാകും. യുറോപ്യന്‍ രാജ്യങ്ങളും സൗദി ഉള്‍പ്പെടെയുള്ള വിവിധ അറബ് രാജ്യങ്ങളും ഇതിനകം തന്നെ ഇ-ഇന്‍വോയിസ് സംവിധാനം നടപ്പിലാക്കിക്കഴിഞ്ഞു.
Content Highlights: Time for UAE companies to start preparing for VAT e-invoicing