
ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന കാന്ത എന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. തമിഴ് സിനിമയിലെ ആദ്യ സൂപ്പര്‍സ്റ്റാറായി അറിയപ്പെടുന്ന എം കെ ത്യാഗരാജ ഭാഗവതരുടെ ജീവിതത്തെ ആസ്പദമാക്കിയാണ് കാന്ത ഒരുങ്ങുന്നത്. ത്യാഗരാജ ഭാഗവതരായാണ് ദുല്‍ഖര്‍ എത്തുന്നത്. ഇപ്പോഴിതാ സിനിമയുടെ ടീസറിനെക്കുറിച്ചുള്ള അപ്ഡേറ്റ് ആണ് പുറത്തുവരുന്നത്.
ചിത്രത്തിന്റെ ടീസറിന്റെ സെൻസറിങ് പൂർത്തിയായി എന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. രണ്ട് മിനിറ്റ് 14 സെക്കൻഡ് നീളമുള്ള ടീസറാണ് സിനിമയുടേതായി പുറത്തിറങ്ങാൻ ഒരുങ്ങുന്നത്. ദുൽഖറിന്റെ ജന്മദിനമായ ജൂലൈ 28 ന് ടീസർ പുറത്തുവരുമെന്നാണ് റിപ്പോർട്ട്. സെല്‍വമണി സെല്‍വരാജ് സംവിധായകനാകുന്ന ചിത്രത്തിന്റെ നിര്‍മാതാക്കളിലൊരാള്‍ നടന്‍ റാണ ദഗ്ഗുബാട്ടിയാണ്. ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസും കാന്തയുടെ നിര്‍മാണത്തില്‍ പങ്കാളിയാണ്. ദുല്‍ഖര്‍ ഈ ചിത്രത്തില്‍ അഭിനയിക്കാനായി എത്തുകയും പിന്നീട് നിര്‍മാണത്തില്‍ കൂടി പങ്കാളിയാവുകയും ആയിരുന്നു.
ഈ സിനിമയ്ക്കും കഥാപാത്രത്തിനും ഏറ്റവും അനുയോജ്യനായ അഭിനേതാവാണ് ദുല്‍ഖറെന്ന് റാണ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. 'കഥയാണ് ആരാണ് സിനിമയിലെ അഭിനേതാവ് എന്ന് നിശ്ചയിക്കുന്നത്. ചില റോളുകള്‍ക്ക് ചില ആള്‍ക്കാരാണ് ഏറ്റവും ചേരുക. സിനിമയുടെ നിര്‍മാതാവിന്റെ ഏറ്റവും വലിയ ഉത്തരവാദിത്തം ആ സിനിമയുടെ ആ കഥയ്ക്ക് ഏറ്റവും ചേരുന്ന അഭിനേതാക്കളെയും മറ്റും കണ്ടെത്തുക എന്നതാണ്. ഈ സിനിമയുടെ കഥ കേട്ടപ്പോള്‍ എന്റെ മനസിലേക്ക് ആദ്യം വന്നത് ദുല്‍ഖറാണ്. അദ്ദേഹമില്ലെങ്കില്‍ ഈ സിനിമ നടക്കില്ലെന്ന് വരെ തോന്നിയിരുന്നു,' റാണ ദഗ്ഗുബാട്ടി പറഞ്ഞു.
#Kaantha Teaser Censored, 2.14 minutes long! Watch out for this one🙌 A complete DQ show is loading... 😍 pic.twitter.com/ubaTWIxF4Z
— ForumKeralam (@Forumkeralam2) July 26, 2025
വൈകാതെ തന്നെ കാന്ത തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നെറ്റ്ഫ്‌ളിക്‌സിലെ ദ ഹണ്ട് ഫോര്‍ വീരപ്പന്‍ എന്ന ഡോക്യുമെന്ററി അടക്കമുള്ള വര്‍ക്കുകളിലൂടെ ശ്രദ്ധേയനായ സെല്‍വമണി സെല്‍വരാജിന്റെ സംവിധാനത്തില്‍ ഒരു മികച്ച ബയോപിക് തന്നെയാകും കാന്ത എന്നാണ് പ്രതീക്ഷകള്‍. ലക്കി ഭാസ്‌കറിന് ശേഷം തിയേറ്ററുകളിലെത്തുന്ന ചിത്രം ദുല്‍ഖറിന്റെ ബോക്‌സ്ഓഫീസ് വിജയത്തിന്റെ തുടര്‍ച്ചയാകുമെന്നും ഡിക്യു ഫാന്‍സ് പ്രതീക്ഷിക്കുന്നുണ്ട്.
Content Highlights: Dulquer Salmaan film kaantha teaser update