'മണിയന്‍ ചിറ്റപ്പനും വരും, അരുണ്‍ ചന്തു ഞെട്ടിക്കും എന്ന് ഉറപ്പാണ്'; അപ്‌ഡേറ്റ് നല്‍കി മാധവ് സുരേഷ്

മണിയന്‍ ചിറ്റപ്പന്‍ വരുമോ ഇല്ലയോ എന്നറിയാനുള്ള ആകാംക്ഷ നിരന്തരം പ്രേക്ഷകര്‍ പങ്കുവെക്കാറുണ്ട്

dot image

ഗഗനചാരി എന്ന ചിത്രത്തിലൂടെ മലയാള സിനിമാ പ്രേക്ഷകര്‍ക്ക് സയന്‍സ് ഫിക്ഷന്റെ പുതിയ ലോകം തുറന്നുകൊടുത്ത സംവിധായകനാണ് അരുണ്‍ ചന്തു. അന്യഗ്രഹജീവികള്‍ വരുന്ന പോസ്റ്റ് അപ്പോകലിപ്റ്റിക് യുഗത്തിലെ കേരളം എന്ന കഥാപശ്ചാത്തലത്തില്‍ എത്തിയ ചിത്രം പുതുമ നിറഞ്ഞ കാഴ്ചകളായിരുന്നു കാണികള്‍ക്ക് സമ്മാനിച്ചത്.

ഗഗനചാരിയ്ക്ക് ലഭിച്ച സ്വീകാര്യതയ്ക്ക് പിന്നാലെ സുരേഷ് ഗോപിയെ നായകനാക്കി മണിയന്‍ ചിറ്റപ്പന്‍ എന്നൊരു ചിത്രം അരുണ്‍ ചന്തു പ്രഖ്യാപിച്ചിരുന്നു. ചിത്രത്തിന്റെ പോസ്റ്റര്‍ വലിയ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ പിന്നീട് ചിത്രത്തിന്റെ അപ്‌ഡേഷനൊന്നും വന്നിരുന്നില്ല.

ഇതിനിടെ മറ്റൊരു പരീക്ഷണത്തിനും കൂടി അരുണ്‍ ചന്തു തുടക്കം കുറിച്ചു. വല എന്ന മലയാളത്തിലെ ആദ്യ സോംബി ചിത്രങ്ങളിലൊന്നുമായാണ് സംവിധായകന്‍ എത്തിയത്. റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ ഇന്‍ട്രൊ വീഡിയോ പ്രേക്ഷകരെ ആവേശഭരിതരാക്കിയിരുന്നു. അപ്പോഴും മണിയന്‍ ചിറ്റപ്പന്‍ വരുമോ ഇല്ലയോ എന്നറിയാനുള്ള ആകാംക്ഷ പ്രേക്ഷകര്‍ പങ്കുവെച്ചിരുന്നു.

ഇപ്പോള്‍ അക്കാര്യത്തില്‍ ഒരു അപ്ഡേഷനുമായി എത്തിയിരിക്കുയാണ് സുരേഷ് ഗോപിയുടെ മകനും യുവനടനുമായ മാധവ് സുരേഷ്. വലയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുക കൂടി ചെയ്യുന്നുണ്ട് താരം. 'ഗഗനചാരി,വല, മണിയന്‍ ചിറ്റപ്പന്‍ ഈ ഓര്‍ഡറില്‍ തന്നെ സിനിമകള്‍ വരുമെന്ന് കരുതാം. അരുണ്‍ ചന്തു എന്ന സംവിധായകന്‍ നിങ്ങളെ ഞെട്ടിക്കും എന്ന് ഉറപ്പാണ്' എന്നാണ് മാധവ് റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിച്ചത്.

അതേസമയം, അപകടത്തിന് ശേഷം ജഗതി ശ്രീകുമാര്‍ ആദ്യമായി മുഴുനീള വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് വല. പ്രൊഫസര്‍ അമ്പിളി/ അങ്കിള്‍ ലൂണ.ആര്‍ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ എത്തുന്നത്. ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, അജു വര്‍ഗീസ്, ഗണേഷ് കുമാര്‍, ഗോകുല്‍ സുരേഷ്, മാധവ് സുരേഷ്, അനാര്‍ക്കലി, ഭഗത് മാനുവല്‍ തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്.

Content Highlights: Madhav Suresh about Suresh Gopi starring Arun Chandu movie Maniyan Chittappan

dot image
To advertise here,contact us
dot image