
Jul 5, 2025
04:06 AM
മോഹൻലാൽ-തരുൺ മൂർത്തി ടീമിന്റെ തുടരും തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. തിയേറ്ററുകളിൽ പ്രേക്ഷകർ ഏറെ വൈകാരികമായി സ്വീകരിച്ച ഒന്നായിരുന്നു സിനിമയുടെ ടൈറ്റിൽ കാർഡും അതിനൊപ്പമുള്ള 'കഥ തുടരും' എന്ന ഗാനവും. ഇപ്പോൾ ആ ഗാനത്തിന്റെ വീഡിയോ സോങ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.
ജേക്സ് ബിജോയ് സംഗീതം നൽകിയ ഗാനം പാടിയിരിക്കുന്നത് ഗോകുൽ ഗോപകുമാറാണ്. ബി കെ ഹരിനാരായണനാണ് ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത്. സോണി മ്യൂസിക് സൗത്തിന്റെ യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ സോങ് പുറത്തുവിട്ടിരിക്കുന്നത്.
അതേസമയം, ആഗോള ബോക്സ് ഓഫീസിൽ നിന്ന് തുടരും 200 കോടി കടന്നിരിക്കുകയാണ്. ചിത്രത്തിന്റെ നിർമാതാക്കൾ തന്നെയാണ് ഈ വാർത്ത പുറത്തുവിട്ടത്. ഇതോടെ രണ്ടുമാസത്തിനിടെ 200 കോടി ക്ലബിൽ ഇടം പിടിക്കുന്ന രണ്ടാമത്തെ മോഹൻലാൽ ചിത്രമായി തുടരും. മാർച്ച് മാസത്തിൽ പുറത്തിറങ്ങിയ എമ്പുരാനും 200 കോടി ക്ലബിൽ ഇടം നേടിയിരുന്നു. കേരളാ ബോക്സ് ഓഫീസിൽ നിന്ന് മാത്രം സിനിമ 100 കോടിയിലധികം രൂപ നേടിയിട്ടുണ്ട്. കേരളത്തിൽ നിന്ന് 100 കോടി നേടുന്ന ആദ്യ സിനിമയാണ് തുടരും.
തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന സിനിമയിൽ പ്രകാശ് വർമ, ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, തോമസ് മാത്യു, ഇർഷാദ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ എത്തുന്നുണ്ട്. ഷാജി കുമാർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിംഗ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സംഗീതം ജേക്‌സ് ബിജോയ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ അവന്തിക രഞ്ജിത്ത്, ശബ്ദ സംവിധാനം വിഷ്ണു ഗോവിന്ദ്, കലാസംവിധാനം ഗോകുൽ ദാസ്.
Content Highlights: Thudarum movie new video song out