'ആയുസ്സിന്റെ സൂര്യൻ പടിഞ്ഞാറോട്ട് ചരിഞ്ഞു കഴിഞ്ഞു'; പിറന്നാൾ ദിനത്തിൽ കുറിപ്പുമായി സലിം കുമാർ

'എന്റെ വഞ്ചിയില്‍ ആണെങ്കില്‍ ദ്വാരങ്ങളും വീണു തുടങ്ങി. അതിലൂടെ കയറിയ വെള്ളം കോരി കളഞ്ഞ് ഞാന്‍ യാത്ര തുടരുകയാണ്'

dot image

മലയാളത്തിന്റെ പ്രിയനടൻ സലിം കുമാർ ഇന്ന് 55-ാം പിറന്നാൾ ആഘോഷിക്കുകയാണ്. ഈ ദിനത്തിൽ ആരോഗ്യ പ്രശ്നങ്ങളെ തരണം ചെയ്തുള്ള തന്റെ യാത്രയെക്കുറിച്ച് ഹൃദയഹാരിയായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് നടൻ ഇപ്പോൾ. ജീവിതമെന്ന മഹാസാഗരത്തിലെ തന്റെ യാത്ര 54 കാതങ്ങള്‍ പിന്നിട്ട് 55 ലേക്ക് പിന്നിട്ടിരിക്കുകയാണ്. ഇത്രയും കാതങ്ങള്‍ പിന്നിടുന്നതിന് നല്‍കിയ സ്‌നേഹത്തിനും പ്രോത്സാഹനത്തിനും തന്റെ സഹയാത്രികര്‍ക്ക് അദ്ദേഹം നന്ദിയും അറിയിച്ചിട്ടുണ്ട്.

'ആയുസ്സിന്റെ സൂര്യന്‍ പടിഞ്ഞാറോട്ട് ചരിഞ്ഞു കഴിഞ്ഞു. അസ്തമയം വളരെ അകലെയല്ല. ഈ മഹാസാഗരത്തില്‍ എവിടെയോ എനിക്കുവേണ്ടി ഒരു ചുഴി രൂപാന്തരപ്പെട്ടിരിക്കാം. അതില്‍ അകപ്പെടുന്നത് വരെ എനിക്ക് ഈ വഞ്ചിയുമായി യാത്ര തുടര്‍ന്നേ പറ്റു. എന്റെ വഞ്ചിയില്‍ ആണെങ്കില്‍ ദ്വാരങ്ങളും വീണു തുടങ്ങി. അതിലൂടെ കയറിയ വെള്ളം കോരി കളഞ്ഞ് ഞാന്‍ യാത്ര തുടരുകയാണ്. എനിക്ക് എത്ര കാലം ഇതിലൂടെ ഇങ്ങനെ തുഴയാന്‍ പറ്റും എന്നറിയില്ല. എന്നാലും ഞാന്‍ യാത്ര തുടരുകയാണ്. അനുഗ്രഹങ്ങളും ആശിര്‍വാദങ്ങളും ഉണ്ടാകണം,' എന്ന് സലിം കുമാർ കുറിച്ചു.

മിമിക്രിയിലൂടെ കരിയർ ആരംഭിച്ച കലാകാരനാണ് സലിം കുമാർ. ഹാസ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് ചലച്ചിത്ര ലോകത്ത് തന്റേതായൊരു സ്ഥാനം അദ്ദേഹം സ്വന്തമാക്കുകയും ചെയ്തു. മലയാളി ഫ്രം ഇന്ത്യ, മാരിവില്ലിന്‍ ഗോപുരങ്ങള്‍ തുടങ്ങിയ ചിത്രങ്ങളാണ് ഈ വര്‍ഷം അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയത്.

Content Highlights: Salim Kumar pens a heartwarming note on his birthday

dot image
To advertise here,contact us
dot image