ജഗന്നാഥ ക്ഷേത്രം, വികെ പാണ്ഡ്യന്‍; ഒഡീഷയില്‍ പട്‌നായിക്കിനെ വീഴ്ത്തിയ മോദി തന്ത്രങ്ങള്‍

ഒഡീഷക്കാരനല്ലാത്തയാൾ ഒഡീഷയെ ഭരിക്കുന്നുവെന്ന ആരോപണങ്ങളുയർത്തി പ്രാദേശിക വാദം ഇളക്കിവിടുന്നതിൽ ബിജെപി വിജയിച്ചുവെന്ന് വേണം തിരഞ്ഞെടുപ്പ് ഫലത്തിൽ നിന്ന് വ്യക്തമാക്കാൻ
ജഗന്നാഥ ക്ഷേത്രം, വികെ പാണ്ഡ്യന്‍; ഒഡീഷയില്‍ പട്‌നായിക്കിനെ വീഴ്ത്തിയ മോദി തന്ത്രങ്ങള്‍

ഒഡീഷയെന്നാൽ നവിൻ പട്നായിക്. കഴിഞ്ഞ 24 വർഷമായി സംസ്ഥാനത്ത് പകരം വെക്കാൻ മറ്റൊരു പേരുണ്ടായിരുന്നില്ല. എന്നാൽ ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ എല്ലാം മാറി മറിഞ്ഞു. സംസ്ഥാനത്ത് ബിജെപിയെ എതിർക്കുകയും എന്നാൽ പാർലമെന്റിൽ വേണ്ട പിന്തുണ നൽകി വരികയും ചെയ്തിരുന്ന ബിജെഡി (ബിജു ജനതാദൾ) നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയോടുതന്നെ അതിദയനീയമായി പരാജയപ്പെട്ടു. ആകെയുള്ള 146 സീറ്റിൽ 51 സീറ്റിൽ മാത്രമാണ് ബിജെഡിക്ക് വിജയിക്കാനായത്. 2019 ലെ 112 സീറ്റിൽ നിന്നാണ് നേർപകുതിക്കും താഴെയുള്ള അംഗസംഖ്യയിലേയ്ക്ക് ബിജെഡി വീണത്. 23 സീറ്റുണ്ടായിരുന്നിടത്തുനിന്ന് 78 എന്ന വലിയ സംഖ്യയിലേക്ക് ബിജെപി ഉയരുകയും ചെയ്തു. കേവല ഭൂരിപക്ഷത്തിനാവശ്യമായ 74 സീറ്റിലധികം നേടി ഒഡീഷയിലും ഡബിൾ എഞ്ചിൻ സർക്കാർ രൂപീകരിക്കാൻ ബിജെപിക്ക് സാധിച്ചു. കഴിഞ്ഞ 24 വർഷത്തെ, തുടർച്ചയായ ബിജെഡി ജൈത്രയാത്രയാണ് ഇതോടെ അവസാനിച്ചത്. തുടർച്ചയായി ആറാം തവണയും മുഖ്യമന്ത്രി സ്ഥാനത്തെത്താമെന്ന വലിയ റെക്കോർഡ് നേട്ടം ഇതോടെ പട്നായിക്കിന് നഷ്ടമായി. മാത്രമല്ല, 21 ലോക്സഭാ മണ്ഡലങ്ങളിൽ 20 ഉം വിജയിച്ചത് ബിജെപിയാണ്.

1998 മുതൽ 2009വരെ ബിജെപിയുടെ സഖ്യകക്ഷിയായിരുന്ന ബിജെഡിക്കെതിരെ ശക്തമായ പ്രചാരണമാണ് ഒഡീഷയിൽ ബിജെപി നയിച്ചത്. ഇതിൽ ഏറ്റവും പ്രധാനം പട്നായിക്കിന്റെ വിശ്വസ്തനായിരുന്ന വി കെ പാണ്ഡ്യനെതിരെയുള്ളതായിരുന്നു. ഒഡീഷക്കാരനല്ലാത്തയാൾ ഒഡീഷയെ ഭരിക്കുന്നുവെന്ന ആരോപണങ്ങളുയർത്തി പ്രാദേശിക വാദം ഇളക്കിവിടുന്നതിൽ ബിജെപി വിജയിച്ചുവെന്ന് വേണം തിരഞ്ഞെടുപ്പ് ഫലത്തിൽ നിന്ന് വിലയിരുത്താൻ. തമിഴ്നാട്ടുകാരനായ വി കെ പാണ്ഡ്യൻ ഒഡീഷയിലെ വിഭവങ്ങളെ കൊള്ളയടിക്കുന്നുവെന്നാണ് പ്രചാരണത്തിലുടനീളം ബിജെപി ആരോപിച്ചത്. പട്നായിക്കിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന പാണ്ഡ്യൻ 2023 ൽ പാർട്ടിയിൽ ചേർന്നിരുന്നു.

നവീൻ പട്നായിക്കിനൊപ്പം വി കെ പാണ്ഡ്യൻ
നവീൻ പട്നായിക്കിനൊപ്പം വി കെ പാണ്ഡ്യൻ

1997 ൽ പാർട്ടി സ്ഥാപിച്ചതിന് ശേഷം ഇതുവരെ പരാജയമറിഞ്ഞിട്ടില്ലാത്ത പട്നായിക് മത്സരിച്ച രണ്ടിൽ ഒരു മണ്ഡലത്തിൽ അതിദയനീയമായി പരാജയപ്പെട്ടു. കൻടബാഞ്ചിയിൽ 16344 വോട്ടിനാണ് പട്നായിക് തോറ്റത്. എന്നാൽ ഹിഞ്ചിയിൽ കൂടി മത്സരിച്ചതിനാൽ അദ്ദേഹത്തിന് മുഖം നഷ്ടപ്പെട്ടില്ല. ഹിഞ്ചിയിൽ നിന്ന് കഷ്ടപ്പെട്ട് കടന്നുകൂടുകയായിരുന്നു അദ്ദേഹം.ഹിഞ്ചിയിലെ 4636 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് ഇത്തവണ ഒഡീഷയുടെ സ്വന്തം പട്നായികിന് ലഭിച്ചത്. ബിജെപിയുടെ ശിശിർ കുമാർ മിശ്ര കടുത്ത വെല്ലുവിളിയാണ് ഹിഞ്ചിൽ പട്നായിക്കിനെതിരെ ഉയർത്തിയത്.

ഒഡീഷയിലെ ഏറ്റവും വൈകാരികമായ വിഷയങ്ങളിലൊന്നായി ജഗന്നാഥ ക്ഷേത്ര ഭണ്ഡാര പ്രശ്നം ബിജെഡിയെ ഉലച്ചു

വർദ്ധിച്ചുവന്ന ഭരണ വിരുദ്ധ വികാരം ബിജെഡിക്കെതിരായെന്നാണ് രാഷ്ട്രീയ നിരീക്ഷണം. കുടിവെള്ള പ്രശ്നം, ദാരിദ്രം തുടങ്ങിയ പ്രാദേശിക വിഷയങ്ങളും തിരഞ്ഞെെടുപ്പിൽ ചർച്ചയായി. ഇതിന് പുറമെ വി കെ പാണ്ഡ്യനെ പട്നായിക് കൂടുതലായി ആശ്രയിച്ചതും തിരിച്ചടിച്ചു. താഴേത്തട്ടിൽ ജനങ്ങളുടെ വികാരം മനസ്സിലാക്കാൻ സാധിച്ചില്ല. പാണ്ഡ്യൻ ജില്ലകളിലുടനീളം യാത്ര ചെയ്ത് ജനങ്ങളോട് സംവദിച്ചതോടെ ജനങ്ങൾക്കിടയിൽ ബിജെഡിയോടുണ്ടായിരുന്ന എതിർപ്പ് കൂടുതൽ തീവ്രമായി.

പുരി ജഗന്നാഥ ക്ഷേത്രം
പുരി ജഗന്നാഥ ക്ഷേത്രം

ബിജെഡിയോട് പിടിച്ചുനിൽക്കാൻ ശക്തരായ നേതാക്കളില്ലാതിരുന്ന ബിജെപി നരേന്ദ്രമോദിയെ നേരിട്ടിറക്കി പ്രചാരണത്തിലുടനീളം മേൽക്കൈ നേടി. ഒപ്പം ജഗന്നാഥ ക്ഷേത്രവുമായി ബന്ധപ്പെട്ട വിവാദങ്ങൾ കത്തിച്ച് പ്രാദേശിക വാദവും ഇളക്കി വിട്ടു. ഒഡീഷയിലെ വിഭങ്ങൾ തമിഴ്നാട്ടിലേക്ക് കടത്തുന്നുവെന്ന വിവാദ ആരോപണം മുതൽ സ്റ്റാലിനെയടക്കം വലിച്ചിട്ടാണ് ബിജെപി സംസ്ഥാനത്ത് പ്രചാരണം കൊഴുപ്പിച്ചത്. ഇത് കൃത്യമായി തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു.

ബിജെഡി ഭരണത്തിൽ ജഗന്നാഥ ക്ഷേത്രത്തിന് പോലും സുരക്ഷയില്ലെന്നാണ് ഒരു പ്രചാരണപരിപാടിയിൽ പ്രധാനമന്ത്രി ആരോപിച്ചത്. ആറ് വർഷം മുമ്പ് ജഗന്നാഥ ക്ഷേത്രത്തിലെ രത്നഭണ്ഡാരത്തിൻ്റെ താക്കോൽ നഷ്ടപ്പെട്ടത് ഇന്നും കണ്ടെത്താനായിട്ടില്ലെന്നത് ഉയർത്തിക്കാട്ടിയായിരുന്നു മോദിയുടെ ആരോപണം. ഭണ്ഡാരത്തിന്റെ താക്കോൽ തമിഴ്നാട്ടിലെത്തിയെന്നാണ് പാണ്ഡ്യനെ ലക്ഷ്യം വച്ച് മോദി പറഞ്ഞത്. ഒഡീഷയിലെ ഏറ്റവും വൈകാരികമായ വിഷയങ്ങളിലൊന്നായി ജഗന്നാഥ ക്ഷേത്ര ഭണ്ഡാര പ്രശ്നം ബിജെഡിയെ ഉലച്ചു.

ഭരണവിരുദ്ധ വികാരം മറികടക്കാൻ ബിജെഡി ചെയ്തതെല്ലാം തിരിച്ചടിച്ചു

പ്രചാരണങ്ങളിലുടനീളം പട്നായിക്കിനെ സുഹൃത്തെന്ന് അഭിസംബോധന ചെയ്ത മോദി, പട്നായിക്കിനോട് സംസ്ഥാനത്തെ ജില്ലകളുടെയും അവയുടെ ഹെഡ്ക്വാ‍ർട്ടേഴ്സുകളുടെയും പേര് പറയാമോ എന്ന ചോ​ദ്യമാണ് ഉയർത്തിയത്. ബിജെപി അധികാരത്തിലെത്തിയാൽ എന്തുകൊണ്ട് പട്നായിക്കിന്റെ ആരോ​ഗ്യനില മോശമായെന്നതിൽ അന്വേഷണം നടത്തുമെന്ന പരിഹാസവും മോദി ഉയർത്തിവിട്ടു. ഏറെ കാലമായി ആരോ​ഗ്യപ്രശ്നങ്ങളുള്ള പട്നായിക്കിന് ഭരണകാര്യങ്ങളിൽ ശ്രദ്ധിക്കാനാകാതിരുന്നത് പാ‌‍ർ‌ട്ടിക്ക് ദോഷം ചെയ്തിട്ടുണ്ടെന്ന നിരീക്ഷണങ്ങളുണ്ടായിരുന്നു. കൊവിഡ് വ്യാപനത്തിന് ശേഷം പട്നായിക് ഓഫീസിലെത്തിയിരുന്നില്ല.

നരേന്ദ്രമോദിയും നവീൻ പട്നായിക്കും
നരേന്ദ്രമോദിയും നവീൻ പട്നായിക്കും

ഭരണവിരുദ്ധ വികാരം മറികടക്കാൻ ബിജെഡി ചെയ്തതെല്ലാം തിരിച്ചടിച്ചു. പ്രതിപക്ഷ പാർട്ടികളിൽ നിന്ന് ചേക്കേറിയ നേതാക്കൾക്ക് സീറ്റ് നൽകി. ഇത് സ്വന്തം പാർട്ടിയിലെ നേതാക്കൾക്കിടയിൽ തന്നെ പ്രശ്നങ്ങളുണ്ടാക്കി. കൂടുതൽ ക്ഷേമപ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകിയ ബിജെഡി സർക്കാർ എന്നാൽ ഭരണത്തിന് പ്രാധാന്യം നൽകിയില്ലെന്നാണ് വിലയിരുത്തൽ. ബിജെഡിയുടെ ഉറച്ച വോട്ടുകൾ ലഭിച്ചിരുന്നത് യുവാക്കളിൽ നിന്നും സ്ത്രീകളിൽ നിന്നുമായിരുന്നു. ബിജെപി ആദ്യം തകർത്തത് ഈ വോട്ടുബാങ്കാണ്. ബിജെപിയുടെ സുഭദ്രയോജന (അടുത്ത രണ്ട് വർഷത്തേക്ക് 50000 രൂപ) എന്ന വാഗ്ദാനത്തിൽ സ്ത്രീകൾ ബിജെഡിയെ കൈവിട്ടു.

ബിജെഡിയുടെയും പട്നായിക് എന്ന അതികായന്റെ രാഷ്ട്രീയ ജീവിത്തിന്റെയും അവസാനമായേക്കാം ഇതെന്ന് നിരീക്ഷിക്കുന്നവരുമുണ്ട്. ആരോഗ്യ പ്രശ്നങ്ങൾ പട്നായിക്കിനെ ബാധിച്ച് തുടങ്ങിയിട്ടുണ്ട്. പട്നായിക്കിന് പകരം മറ്റാരെന്ന ചോദ്യത്തിനും ഉത്തരമില്ല. ഇതുകൊണ്ടുതന്നെ വരും ദിവസങ്ങളിൽ മറ്റ് സംസ്ഥാനങ്ങളിലേതിന് സമാനമായി ബിജെഡിയിലെ നേതാക്കൾ ബിജെപിയിലേക്ക് ചേക്കേറുന്ന കാഴ്ചയും ഒഡീഷയിൽ നിന്ന് കണ്ടേക്കാം. ബിജെഡിയുടെ പ്രധാന ശത്രുവായിരുന്ന കോൺഗ്രസ് ഇവിടെ 14 സീറ്റ് നേടിയിട്ടുണ്ട്. ബിജെപിയെ താഴെയിറക്കാനും സ്വന്തം പാളയത്തിലെ മണ്ണ് ഒലിച്ചുപോകാതിരിക്കാനും കോൺഗ്രസുമായി ഇതുവരെ സാധ്യമാകാതിരുന്ന സഖ്യം ബിജെഡിക്ക് ഇനി ഉണ്ടാക്കേണ്ടിവരുമോ എന്ന ചോദ്യം പ്രസക്തമാണ്. പ്രാദേശിക രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ ബിജെപിയോട് പിടിച്ച് നിൽക്കണമെങ്കിൽ ഇത്തരം നീക്കം ബിജെഡിക്ക് അനിവാര്യമാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com