Top

നാട്ടുവൈദ്യന്റെ കൊലപാതകം: മൃതദേഹം വെട്ടിനുറുക്കാനുപയോ​ഗിച്ച പുളിമുട്ടിയുടെ ഭാ​ഗം കണ്ടെത്തി

മീൻ കച്ചവടത്തിനെന്ന വ്യാജേനയാണ് ഇരുവരും മരക്കച്ചവടക്കാരനായ വല്ലപ്പുഴ സ്വദേശി ഉമ്മറിൽനിന്നും പുളിമുട്ടി വാങ്ങിയത്.

15 May 2022 7:27 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നാട്ടുവൈദ്യന്റെ കൊലപാതകം: മൃതദേഹം വെട്ടിനുറുക്കാനുപയോ​ഗിച്ച പുളിമുട്ടിയുടെ ഭാ​ഗം കണ്ടെത്തി
X

നിലമ്പൂർ: പാരമ്പര്യ നാട്ടുവൈദ്യൻ ഷാബാ ഷെരീഫിന്റെ മൃതദേഹം വെട്ടിനുറുക്കാൻ ഉപയോഗിച്ച പുളിമുട്ടിയുടെ ഭാഗം കണ്ടെത്തി. കൂട്ടുപ്രതി നൗഷാദുമായി മുക്കട്ട പഴയ പോസ്റ്റ് ഓഫീസിനു പിന്നിലുള്ള സ്വകാര്യവ്യക്തിയുടെ പറമ്പിൽ നടത്തിയ തെളിവെടുപ്പിനിടെയാണ് ഛേദിച്ച പുളിമുട്ടിയുടെ ഭാഗം കണ്ടത്തിയത്. മീൻ കച്ചവടത്തിനെന്ന വ്യാജേനയാണ് ഇരുവരും മരക്കച്ചവടക്കാരനായ വല്ലപ്പുഴ സ്വദേശി ഉമ്മറിൽനിന്നും പുളിമുട്ടി വാങ്ങിയത്.

തിരൂർ സ്വദേശികളാണെന്നും മഞ്ചേരി പ്രദേശത്ത് ഗുഡ്സ് ഓട്ടോയിൽ മീൻകച്ചവടം തുടങ്ങാൻ പുളിമുട്ടി ആവശ്യമുണ്ടെന്നും ധരിപ്പിച്ചാണ്‌ പ്രതികൾ 1500 രൂപയ്‌ക്ക്‌ ഉമ്മറിൽനിന്ന് പുളിമുട്ടി വാങ്ങുന്നത്. 1.5 അടി വണ്ണവും ഒരുമീറ്റർ ഉയരവുമാണ് പുളിമുട്ടിക്കുള്ളത്. മുക്കട്ട പഴയ പോസ്‌റ്റ്‌ ഓഫീസിനു പിറകിലെ പറമ്പിൽനിന്ന്‌ വിലയ്‌ക്കെടുത്ത പുളിയിൽനിന്ന്‌ ഒരുഭാഗമാണ്‌ ഉമ്മർ പ്രതികൾക്ക് വിറ്റത്‌. നിലമ്പൂരിലെ മദാരി മില്ലിലും വി കെ സി മില്ലിലും പോയശേഷം പുളിമുട്ടി ലഭിക്കാത്തതാണ് പ്രതികൾ ഉമ്മറിനെ സമീപിക്കാനിടയായത്. മരംമുറിച്ച് വിറ്റ സ്ഥലത്ത് എത്തി അന്വേഷണസംഘം തെളിവുകൾ ശേഖരിച്ചു. സ്ഥലമുടമയുടെയും ഉമ്മറിന്റെയും മൊഴിയെടുത്തു.

മൈസൂരു സ്വദേശിയായ നാട്ടുവൈദ്യനെ മുക്കട്ട കൈപ്പഞ്ചേരി ഷൈബിൻ അഷ്‌റഫും സഹായി നൗഷാദും ചേർന്ന്‌ കൊലപ്പെടുത്തി വെട്ടിനുറുക്കി പുഴയിലേക്കെറിയുകയായിരുന്നു. മൂലക്കുരു ചികിത്സ ഒറ്റമൂലി തട്ടിയെടുക്കാൻ വേണ്ടിയാണ് കൊലപാതകം നടത്തിയത്. കേസിനാസ്പദമായ സംഭവം നടന്നത് 2020ലായിരുന്നു. ഇപ്പോഴാണ് പ്രതികൾ പിടിയിലായത്. ഒരു കവർച്ചാ കേസിലെ പരാതിക്കാരനായിരുന്നു ഷൈബിൻ. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് പഴയ കൊലപാതകത്തിന്റെ ചുരുൾ അഴിഞ്ഞത്.

STORY HIGHLIGHTS: Evidence found on Traditional healer murder

Next Story