'എന്റെ പന്തില്‍ സച്ചിന് പരുക്കേറ്റാല്‍ ഇന്ത്യന്‍ വിസ ലഭിക്കില്ലെന്നു ഭയപ്പെട്ടിരുന്നു'; തുറന്നു പറഞ്ഞു പാക് ഇതിഹാസം
തന്റെ ഭയം സച്ചിന് തന്നെ അടിച്ചുപറത്തുമെന്നായിരുന്നില്ലെന്നും മറിച്ചു തന്റെ പന്തില്‍ സച്ചിനു പരുക്കേറ്റാല്‍ തനിക്ക് ആജീവനാന്തം ഇന്ത്യന്‍ വിസ ലഭിക്കാതെ പോകുമോയെന്നതായിരുന്നുവെന്ന് അക്തര്‍ പറയുന്നു.
17 Dec 2021 7:23 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കളിച്ചിരുന്ന കാലത്ത് ഏറെ പേരുകേട്ട പോരാട്ടമായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കറും പാകിസ്താന് പേസര്‍ ഷോയ്ബ് അക്തറും തമ്മിലുണ്ടായിരുന്നത്. ഇവരില്‍ ആര് ആരേക്കാള്‍ കേമന്‍ എന്നതു സംബന്ധിച്ച് ഇന്ത്യ-പാക് ആരാധകര്‍ക്കിടയില്‍ ഇപ്പോഴും തര്‍ക്കമുണ്ടാകാറുണ്ട്. ഇന്നും ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ പന്തിനുടമയായ അക്തറിനെ പല തവണ സച്ചിന് അടിച്ചുപറത്തിയിട്ടുണ്ട്. എങ്കിലും പലപ്പോഴും അക്തറിന് മുന്നില്‍ സച്ചിന് വീണിട്ടുമുണ്ട്.
ഇപ്പോഴിതാ സച്ചിനെതിരേ പന്തെറിഞ്ഞപ്പോള്‍ താന്‍ ഭയപ്പെട്ടിരുന്ന കാര്യം എന്താണെന്ന് തുറന്ന് പറയുകയാണ് പാക് മുന്‍ താരം. തന്റെ ഭയം സച്ചിന് തന്നെ അടിച്ചുപറത്തുമെന്നായിരുന്നില്ലെന്നും മറിച്ചു തന്റെ പന്തില്‍ സച്ചിനു പരുക്കേറ്റാല്‍ തനിക്ക് ആജീവനാന്തം ഇന്ത്യന്‍ വിസ ലഭിക്കാതെ പോകുമോയെന്നതായിരുന്നുവെന്ന് അക്തര്‍ പറയുന്നു.
എപ്പോഴും പന്തെറിയുന്നതില്‍ വ്യത്യസ്തത കൊണ്ടുവരാന്‍ നോക്കുന്ന ആളാണു ഞാന്‍. സച്ചിനെതിരേ അത് അല്പം കൂടുതലായിത്തന്നെ പ്രയോഗിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ സച്ചിനെതിരേ ബൗള്‍ ചെയ്യുമ്പോള്‍ ഞാന്‍ പന്തിന് ലിഫ്റ്റ് നല്കാന് ശ്രമിക്കുമായിരുന്നു. ഒരു രസത്തിനായാണ് ഞാന്‍ അങ്ങനെ ചെയ്യാറ്. ഒരു തവണ അങ്ങനെ അതിനു ശ്രമിച്ചപ്പോള്‍ പന്ത് കൈയില്‍ നിന്നു വഴുതി ബീമറായി. സച്ചിന് നിലത്തുവീണു. നിന്ന നില്പ്പില് ഞാന്‍ മരിച്ചു പോയി എന്നാണ് എനിക്കു തോന്നിയത്. സച്ചിന് പരിക്കേല്‍ക്കുകയോ കളിക്കാന്‍ സാധിക്കാതെ വരികയോ ചെയ്താല്‍ ഇന്ത്യന്‍ വിസ ആജീവനാന്തം ലഭിക്കില്ലല്ലോയെന്നായിരുന്നു അന്നേരം എന്റെ ഭയം. സച്ചിന് പരിക്കേറ്റാല്‍ ചിലപ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ എന്നെ ഇന്ത്യയില്‍ കാല് കുത്താന്‍ അനുവദിച്ചേക്കില്ല''-അക്തര്‍ പറഞ്ഞു.
സംഭവത്തില്‍ താന്‍ ശരിക്കും ഭയന്നുപോയിരുന്നുവെന്നും അക്തര്‍ കൂട്ടിച്ചേര്‍ത്തു. ''ശരിക്കും ഞാന്‍ ഭയന്നിരുന്നു. ഹര്ഭജന് സിങ്ങും യുവ്രാജ് സിങ്ങും ഓടിയെത്തി എന്താണ് നിങ്ങള്‍ ചെയ്യുന്നത് എന്ന് എന്നോടു ചോദിച്ചു. ഞാന്‍ അറിഞ്ഞുകൊണ്ട് ചെയ്തതല്ലെന്നും അറിയാതെ സംഭവിച്ചതാണെന്നും ഞാന്‍ അവരോട് പറയുകയും ചെയ്തു. സച്ചിനെ കെട്ടിപ്പിടിച്ച് എന്തെങ്കിലും പറ്റിയോയെന്ന് ഞാന്‍ ചോദിച്ചു. ഭാഗ്യത്തിന് അദ്ദേഹം പറഞ്ഞു കുഴപ്പമില്ല. എന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍ അതെന്നെ വലിയ കുഴപ്പത്തിലാക്കുമായിരുന്നെന്ന് ഞാന്‍ പറഞ്ഞു. മത്സരത്തില്‍ പിന്നീട് അദ്ദേഹം ഞങ്ങളെയെല്ലാം നന്നായി പ്രഹരിച്ചപ്പോള്‍ സച്ചിന് പരിക്കേറ്റാല്‍ മതിയായിരുന്നുവെന്നും ആഗ്രഹിച്ചു''- ചിരിയോടെ അക്തര്‍ പറഞ്ഞു.
ഇന്ത്യയും പാകിസ്താനും നേര്‍ക്കുനേര്‍ എത്തുന്ന മത്സരങ്ങള്‍ക്ക് പ്രത്യേക ആവേശമുണ്ടെന്നും അതുകൊണ്ട് തന്നെ ഏതു വിധേനയും ജയിക്കാനുള്ള ശ്രമത്തിലാണ് ഇരു ടീമിന്റെയും താരങ്ങള്‍ കളത്തിലിറങ്ങുന്നതെന്നും പലപ്പോഴും ഇതു വാക്പോരുകളിലേക്ക് എത്തുമെങ്കിലും ഇരു ടീമിലെയും താരങ്ങള്‍ക്കിടയില്‍ വലിയ സൗഹൃദമാണുള്ളതെന്നും അക്തര്‍ കൂട്ടിച്ചേര്‍ത്തു.