Top

സഞ്ജു മാത്രം പൊരുതി; കേരളത്തെ നാണം കെടുത്തി ഗുജറാത്ത്

നാലോവറില്‍ വെറും 14 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയ ഹര്‍ഷല്‍ പട്ടേലിന്റെയും 25 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയ പീയുഷ് ചൗളയുമാണ് കേരളത്തെ പിടിച്ചുകെട്ടിയത്.

4 Nov 2021 11:58 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സഞ്ജു മാത്രം പൊരുതി; കേരളത്തെ നാണം കെടുത്തി ഗുജറാത്ത്
X

സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ കേരളത്തിന് നാണംകെട്ട തോല്‍വി. ഇന്നു നടന്ന മത്സരത്തില്‍ ഗുജറാത്ത് ഒമ്പതു വിക്കറ്റിനാണ് കേരളത്തെ തുരത്തിയത്. ഡല്‍ഹിയില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ വെറും 123 റണ്‍സ് മാത്രമേ നേടാനായുള്ളു.

അര്‍ധസെഞ്ചുറി നേടി പുറത്താകാതെ നിന്ന നായകന്‍ സഞ്ജു സാംസണ്‍ മാത്രമാണ് കേരളത്തിനായി പൊരുതിയത്. 43 പന്തുകളില്‍ നിന്ന് മൂന്നു ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതം 54 റണ്‍സാണ് സഞ്ജു നേടിയത്. കേരളാ നിരയില്‍ മറ്റാര്‍ക്കും 20 കടക്കാനായില്ല. 25 പന്തുകളില്‍ നിന്ന് 19 റണ്‍സ് നേടിയ സച്ചിന്‍ ബേബിയാണ് മികച്ച രണ്ടാമത്തെ ടോപ്‌സ്‌കോറര്‍. മുഹമ്മദ് അസഹ്‌റുദ്ദീന്‍(13), വിഷ്ണു വിനോദ്(12), എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍.

നാലോവറില്‍ വെറും 14 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയ ഹര്‍ഷല്‍ പട്ടേലിന്റെയും 25 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയ പീയുഷ് ചൗളയുമാണ് കേരളത്തെ പിടിച്ചുകെട്ടിയത്. ആര്‍.ബി. കലാരിയ രണ്ടും എ. നാഗ്്വാസ്വാല്ല ഒരു വിക്കറ്റും സ്വന്തമാക്കി. തുടര്‍ന്നു മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് നാലോവറും മൂന്നു പന്തുഗ ബാക്കിനില്‍ക്കെ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.

ഓപ്പണറും നായകനുമായ പ്രിയങ്ക് പഞ്ചാലും സഹ ഓപ്പണര്‍ എസ്.ഡി. ചൗഹാനും ചേര്‍ന്നാണ് അവരെ മികച്ച ജയത്തിലേക്ക് നയിച്ചത്. ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ തന്നെ 113 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 46 പന്തില്‍ നിന്ന് എട്ടു ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതം 66 റണ്‍സ് നേടിയ പഞ്ചാല്‍ കെ.എം. ആസിഫിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായെങ്കിലും ഉര്‍വില്‍ പട്ടേലിനെ(4 നോട്ടൗട്ട്) കൂട്ടുപിടിച്ചു ചൗഹാന്‍ ടീമിനെ ജയത്തിലേക്ക് നയിച്ചു. 40 പന്തുകളില്‍ നിന്ന് മൂന്നു ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതം 50 റണ്‍സാണ് ചൗഹാന്‍ നേടിയത്.

Next Story

Popular Stories