ഇന്ത്യ ലോകചാമ്പ്യന്മാരാണ്, അവർ ലോകചാമ്പ്യന്മാരെ പോലെ തന്നെ കളിക്കും: സിക്കന്ദര്‍ റാസ

ഒന്നാം ടി 20 മത്സരത്തില്‍ 13 റണ്‍സിന്റെ പരാജയം വഴങ്ങിയ ശുഭ്മന്‍ ഗില്ലും സംഘവും രണ്ടാം മത്സരത്തില്‍ 100 റണ്‍സിന്റെ പടുകൂറ്റന്‍ വിജയം സ്വന്തമാക്കി തിരിച്ചുവന്നിരുന്നു
ഇന്ത്യ ലോകചാമ്പ്യന്മാരാണ്, അവർ ലോകചാമ്പ്യന്മാരെ പോലെ തന്നെ കളിക്കും: സിക്കന്ദര്‍ റാസ

ഹരാരെ: ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ വിജയിച്ച ടീം ഇന്ത്യയെ പ്രശംസിച്ച് സിംബാബ്‌വെ ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസ. ഇന്ത്യ ലോകചാമ്പ്യന്മാരാണെന്നും പരാജയപ്പെട്ടാലും ലോകചാമ്പ്യന്മാരെ പോലെ കളിക്കുകയും തിരിച്ചുവരികയും ചെയ്യുമെന്നും സിക്കന്ദര്‍ റാസ പറഞ്ഞു. ഒന്നാം ടി 20 മത്സരത്തില്‍ 13 റണ്‍സിന്റെ പരാജയം വഴങ്ങിയ ശുഭ്മന്‍ ഗില്ലും സംഘവും രണ്ടാം മത്സരത്തില്‍ 100 റണ്‍സിന്റെ പടുകൂറ്റന്‍ വിജയം സ്വന്തമാക്കി തിരിച്ചുവന്നിരുന്നു. ഇതിനുപിന്നാലെയായിരുന്നു സിംബാബ്‌വെ നായകന്റെ പ്രതികരണം.

'ലോകചാമ്പ്യന്മാര്‍ ഒടുവില്‍ ലോകചാമ്പ്യന്മാരെപ്പോലെ കളിക്കും. ക്യാച്ചുകള്‍ നഷ്ടപ്പെടുത്തിയതാണ് ഞങ്ങള്‍ക്ക് തിരിച്ചടിയായത്. ഇന്ത്യ 200 റണ്‍സ് വരെ മാത്രം എടുക്കുമെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ അവര്‍ക്ക് 30 റണ്‍സ് കൂടുതല്‍ ലഭിച്ചു. ചെയ്‌സ് ചെയ്യുമ്പോള്‍ വളരെ അടുത്ത സ്‌കോര്‍ ഞങ്ങള്‍ക്ക് എടുക്കാന്‍ കഴിയുമെന്നും ഞാന്‍ കരുതി. എന്നാല്‍ മുന്‍നിര ബാറ്റര്‍മാര്‍ മികച്ചുനിന്നില്ല. പരിചയക്കുറവും ഞങ്ങള്‍ക്ക് തിരിച്ചടിയായി', സിക്കന്ദര്‍ റാസ വ്യക്തമാക്കി.

സിംബാബ്‌വെയ്‌ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 234 റണ്‍സെടുത്തു. മറുപടി പറഞ്ഞ സിംബാബ്‌വെ 18.4 ഓവറില്‍ 100 റണ്‍സില്‍ എല്ലാവരും പുറത്തായി. ഇതോടെയാണ് ഇന്ത്യ 100 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം ശുഭ്മന്‍ ഗില്ലും സംഘവും സ്വന്തമാക്കിയത്. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇരുടീമുകളും ഓരോ മത്സരം വിജയിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com