പാക് പടയ്ക്ക് തിരിച്ചടി; പേസര്‍ നസീം ഷാ ഏഷ്യാ കപ്പില്‍ നിന്ന് പുറത്ത്

ഇന്ത്യക്കെതിരായ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ തോളെല്ലിന് പരിക്കേറ്റതോടെയാണ് നസീം ഷായ്ക്ക് ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമായത്
പാക് പടയ്ക്ക് തിരിച്ചടി; പേസര്‍ നസീം ഷാ ഏഷ്യാ കപ്പില്‍ നിന്ന് പുറത്ത്

കൊളംബോ: പാകിസ്താന്‍ പേസര്‍ നസീം ഷാ ഏഷ്യാ കപ്പില്‍ നിന്ന് പുറത്തായി. ഇന്ത്യക്കെതിരായ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ തോളെല്ലിന് പരിക്കേറ്റതോടെയാണ് നസീം ഷായ്ക്ക് ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമായത്. പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡാണ് (പിസിബി) ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. നസീം ഷായ്ക്ക് പകരം വലംകൈയന്‍ ഫാസ്റ്റ് ബൗളര്‍ സമാന്‍ ഖാനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സൂപ്പര്‍ ഫോറില്‍ ശ്രീലങ്കക്കെതിരായ നിര്‍ണായക മത്സരത്തിന് മണിക്കൂറുകള്‍ ശേഷിക്കെയാണ് നസീം ഷാ പുറത്തായത്. വരാനിരിക്കുന്ന ഏകദിന ലോകകപ്പ് കണക്കിലെടുത്താണ് ഏഷ്യാ കപ്പിന്റെ ശേഷിക്കുന്ന മത്സരങ്ങളില്‍ നിന്ന് നസീം ഷായെ മാറ്റിനിര്‍ത്തുന്നതെന്ന് പിസിബി വ്യക്തമാക്കി. ഇന്ത്യക്കെതിരായ മത്സരത്തില്‍ വലതുതോളെല്ലിന് പരിക്കേറ്റതിനെ തുടര്‍ന്ന് അവസാന ഓവര്‍ പൂര്‍ത്തിയാക്കാനാവാതെയാണ് നസീം മടങ്ങിയത്. ഇന്ത്യക്കെതിരെ 9.2 ഓവര്‍ പന്തെറിഞ്ഞ നസീമിന് വിക്കറ്റുകളൊന്നും ലഭിച്ചിരുന്നില്ല.

അതേസമയം പരിക്കേറ്റ മറ്റൊരു പാക് താരം ഹാരിസ് റൗഫ് കായികക്ഷമത വീണ്ടെടുത്തുവെന്ന് പിസിബി അറിയിച്ചു. ഇന്ത്യക്കെതിരായ മത്സരത്തില്‍ അഞ്ച് ഓവര്‍ മാത്രമാണ് റൗഫിന് ബൗള്‍ ചെയ്യാനായത്. പരിക്കേറ്റതിനെ തുടര്‍ന്ന് ഇന്ത്യക്കെതിരായ റിസര്‍വ് ദിനത്തിലെ മത്സരം റൗഫിന് നഷ്ടമായിരുന്നു. സുഖം പ്രാപിച്ചതോടെ ശ്രീലങ്കയ്‌ക്കെതിരെ വ്യാഴാഴ്ച നടക്കുന്ന നിര്‍ണായക മത്സരത്തില്‍ റൗഫ് കളത്തിലിറങ്ങും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com