ഫാസ്റ്റ് ചാർജിംഗ് ബാറ്ററി ലൈഫിനെ ബാധിക്കുമോ?; ബാറ്ററി കേടാകാനുള്ള കാരണം ഇതാണോ?

സ്മാര്‍ട്ട്‌ഫോണുകളുടെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതകളില്‍ ഒന്നാണ് ഫാസ്റ്റ് ചാര്‍ജിംഗ്. എന്നാല്‍ ബാറ്ററി കേടാകാനുള്ള യഥാര്‍ത്ഥ കാരണം ഫാസ്റ്റ് ചാര്‍ജിംഗാണോ? അറിയാം

ഇന്ന് പുതിയൊരു ഫോണ്‍ വാങ്ങുമ്പോള്‍ ക്യാമറയും ഡിസ്പ്ലേയും മാത്രമല്ല ആളുകള്‍ നോക്കുന്നത്. എത്ര വേഗത്തില്‍ ഫോണ്‍ ചാര്‍ജ് ആകും എന്നതും പ്രധാനമാണ്. 33W, 45W, 67W, 80W, 120W എന്നിങ്ങനെ അതിവേഗ ചാര്‍ജിംഗ് സംവിധാനങ്ങളുള്ള ഫോണുകള്‍ ഇപ്പോള്‍ സാധാരണമാണ്. ചില ഫോണുകള്‍ക്ക് 15-20 മിനിറ്റിനുള്ളില്‍ തന്നെ വലിയൊരു ശതമാനം ബാറ്ററി ചാര്‍ജ് ചെയ്യാനും കഴിയും.എന്നാല്‍ പലര്‍ക്കും ഉള്ള ഒരു സംശയം. ഇത്ര വേഗത്തില്‍ ചാര്‍ജ് ചെയ്താല്‍ ബാറ്ററി പെട്ടെന്ന് കേടാകില്ലേ എന്നതാണ്. എന്നാല്‍ ഫാസ്റ്റ് ചാര്‍ജിംഗ് കൊണ്ട് മാത്രം ബാറ്ററി നശിക്കില്ല എന്നാല്‍ ഫാസ്റ്റ് ചാര്‍ജിംഗ് ചെയ്യുമ്പോഴുണ്ടാകുന്ന അമിതമായ ചൂട് ബാറ്ററിയുടെ ആരോഗ്യത്തെ ബാധിക്കാം.

യഥാര്‍ഥ വില്ലന്‍ ചാര്‍ജിംഗ് സ്പീഡല്ല ചൂടാണ്

സ്മാര്‍ട്ട്ഫോണിലെ ബാറ്ററി സാധാരണയായി ലിഥിയം-അയണ്‍ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. വേഗത്തില്‍ ചാര്‍ജ് ചെയ്യുമ്പോള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ വൈദ്യുതി ബാറ്ററിയിലേക്ക് എത്തുന്നതിനാല്‍ ചൂട് ഉയരാന്‍ സാധ്യതയുണ്ട്. ഒരിക്കല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുമ്പോള്‍ നേരിയ ചൂട് തോന്നുന്നത് സാധാരണമാണ്. എന്നാല്‍ വളരെ അധികം ചൂടാകുകയും ഏറെ നേരം ചൂടായി തുടരുകയും ചെയ്യുന്നത് ബാറ്ററിയുടെ ശേഷി കുറയുന്നതിന് കാരണമാകാം. ഉയര്‍ന്ന കറണ്ടിനും ചൂടിനും ബാറ്ററി കേടാകുന്നതില്‍ പങ്കുണ്ടെന്ന് പഠനങ്ങളും വ്യക്തമാക്കുന്നു. തുകൊണ്ട് 120W ചാര്‍ജര്‍ ഉപയോഗിച്ചാല്‍ ബാറ്ററി പെട്ടെന്ന് നശിക്കും എന്ന കണക്കുകൂട്ടല്‍ ശരിയല്ല. ചാര്‍ജിംഗ് സിസ്റ്റം എത്രത്തോളം കാര്യക്ഷമമായി ചൂട് നിയന്ത്രിക്കുന്നു എന്നതും വളരെ പ്രധാനമാണ്.

80 ശതമാനം കഴിഞ്ഞാല്‍ ചാര്‍ജിംഗ് പതുക്കെയാകുന്നത് എന്തുകൊണ്ട്?

ഫോണ്‍ ചാര്‍ജ് ചെയ്യുമ്പോള്‍ ആദ്യം വളരെ വേഗത്തില്‍ ചാര്‍ജ് ചെയ്യും. എന്നാല്‍ 80 ശതമാനത്തോട് അടുക്കുമ്പോള്‍ ചാര്‍ജിംഗ് സ്പീഡ് കുറയും. ഇത് ഫോണ്‍ കേടായതിന്റെ ലക്ഷണമല്ല. ബാറ്ററി സംരക്ഷിക്കുന്നതിനാണ് ഫോണ്‍ ചാര്‍ജിംഗിന്റെ വേഗം കുറയ്ക്കുന്നത്. പ്രത്യേകിച്ച് ഉയര്‍ന്ന ചാര്‍ജ് ലവലില്‍ ബാറ്ററിക്ക് കൂടുതല്‍ സ്‌ട്രെസ് ഉണ്ടാകാം. അതിനാല്‍ ഫോണ്‍ തന്നെ ചാര്‍ജിംഗ് സ്പീഡ് നിയന്ത്രിക്കും.

എല്ലായ്‌പ്പോഴും 100 വരെ ചാര്‍ജ് ചെയ്യണോ?

ഇന്നത്തെ ലിഥിയം-അയണ്‍ ബാറ്ററികള്‍ ഉപയോഗിക്കുമ്പോള്‍ ഓരോ തവണയും 0 ശതമാനം വരെ ബാറ്ററി തീര്‍ന്ന ശേഷം 100 ശതമാനം വരെ ചാര്‍ജ് ചെയ്യേണ്ട ആവശ്യമില്ല.മാത്രമല്ല ഫോണ്‍ 100 ശതമാനം ചാര്‍ജില്‍ എത്തിച്ചിട്ട് ഏറെ നേരം ചാര്‍ജറില്‍ കണക്ട് ചെയ്ത് വെക്കുന്നതും ബാറ്ററിയുടെ ദീര്‍ഘകാല ആരോഗ്യത്തിന് നല്ലതല്ല. അതുകൊണ്ടാണ് ചില ഫോണുകളില്‍ 80% ചാര്‍ജിംഗ് ലിമിറ്റ്, അഡാപ്റ്റീവ് ചാര്‍ജിംഗ്, ബാറ്ററി പ്രൊട്ടക്ഷന്‍ തുടങ്ങിയ സംവിധാനങ്ങള്‍ നല്‍കിയിരിക്കുന്നത്.

ഫാസ്റ്റ് ചാര്‍ജിംഗ് ഉപയോഗിക്കേണ്ടതില്ല എന്നില്ല

ഫോണില്‍ കമ്പനി നല്‍കിയിരിക്കുന്ന ഫാസ്റ്റ് ചാര്‍ജിംഗ് സംവിധാനം ഉപയോഗിക്കാന്‍ ഭയപ്പെടേണ്ടതില്ല. അതിനായി തന്നെയാണ് ഫോണ്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പക്ഷേ കുറച്ച് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

  • ഫോണ്‍ കമ്പനി നിര്‍ദേശിക്കുന്ന ചാര്‍ജറും കേബിളും ഉപയോഗിക്കുക
  • ചാര്‍ജ് ചെയ്യുമ്പോള്‍ ഫോണ്‍ അമിതമായി ചൂടാകുന്നുണ്ടെങ്കില്‍ ഗെയിം കളിക്കുന്നതും heavy apps ഉപയോഗിക്കുന്നതും ഒഴിവാക്കുക.
  • നേരിട്ടുള്ള വെയിലിലോ വളരെ ചൂടുള്ള സ്ഥലത്തോ ഫോണ്‍ ചാര്‍ജ് ചെയ്യരുത്
  • ഫോണ്‍ അമിതമായി ചൂടാകുന്നുണ്ടെങ്കില്‍ ചാര്‍ജിംഗ് നിര്‍ത്തി തണുക്കാന്‍ അനുവദിക്കുക
  • ഫോണില്‍ 80% ചാര്‍ജിംഗ് ലിമിറ്റ് /ബാറ്ററി സുരക്ഷ സൗകര്യമുണ്ടെങ്കില്‍ ആവശ്യാനുസരണം ഉപയോഗിക്കാം.

ബാറ്ററിയുടെ ആയുസിനെ ബാധിക്കുന്ന പ്രധാന കാര്യങ്ങളില്‍ ചൂട്, ചാര്‍ജ് ചെയ്യുന്ന രീതി, ബാറ്ററിയെ ദീര്‍ഘനേരം ഉയര്‍ന്ന ചാര്‍ജ് ലെവലില്‍ നിര്‍ത്തുന്നത് എന്നിവയ്ക്ക് വലിയ പങ്കുണ്ട്. അതിനാല്‍ ഫാസ്റ്റ് ചാര്‍ജിംഗ് സൗകര്യം ഉണ്ടെങ്കില്‍ അത് ഉപയോഗിക്കാം. ഫോണ്‍ അമിതമായി ചൂടാകാതെ നോക്കുക എന്നതാണ് കൂടുതല്‍ പ്രധാനപ്പെട്ട കാര്യം.

Content Highlights :Fast charging is one of the most important features of smartphones. But is fast charging the actual reason for battery damage? Let's find out.

To advertise here,contact us