ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തിട്ട് പ്രതീക്ഷിച്ചത്ര വ്യൂസ് ലഭിക്കുന്നില്ലേ? വീഡിയോയുടെ ഉള്ളടക്കത്തിന് കുഴപ്പമുള്ളതുകൊണ്ടായിരിക്കണമെന്നില്ല ഇങ്ങനെ സംഭവിക്കുന്നത്. വീഡിയോ പോസ്റ്റ് ചെയ്യുന്ന സമയവും റീച്ചിനെ ബാധിക്കാം. എന്നാല്‍ പല ഫോസ്ബുക്ക് ഉപയോക്താക്കള്‍ക്കും പല സമയം ആയിരിക്കും റീച്ച് ലഭിക്കുന്നത്. അതായത് നിങ്ങളുടെ വീഡിയോ കാണുന്ന ആളുകള്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്ന സമയമാണ് ഇക്കാര്യത്തില്‍ ഏറ്റവും പ്രധാനപ്പെട്ടത്. എങ്കിലും പൊതുവായ ചില സമയങ്ങള്‍ എപ്പോഴൊക്കെയാണെന്ന് അറിയാം.
പല സോഷ്യല്‍ മീഡിയ പഠനങ്ങളും പറയുന്നത് രാവിലെ സമയത്ത് ഫേസ്ബുക്കില്‍ ആളുകളുടെ ഇടപെടല്‍ കൂടുതലായിരിക്കാം എന്നാണ്. പ്രത്യേകിച്ച് ജോലി ദിവസങ്ങളില്‍ രാവിലെ 8 മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെ വീഡിയോ പോസ്റ്റ് ചെയ്യുന്നത് പരീക്ഷിക്കാം. ഇതില്‍ രാവിലെ 9 മണിയോടടുത്ത സമയം നല്ലൊരു ഓപ്ഷനായി കണക്കാക്കപ്പെടുന്നു. ജോലിക്കോ പഠനത്തിനോ പോകുന്നതിന് മുമ്പ് പലരും ഫോണ്‍ പരിശോധിക്കാറുണ്ട്. അതുകൊണ്ടുതന്നെ രാവിലെ 8നും 11നും ഇടയിലുള്ള സമയം വീഡിയോ പോസ്റ്റ് ചെയ്യാന്‍ പരീക്ഷിക്കാവുന്നതാണ്.
വിനോദം, വാര്‍ത്ത, കോമഡി, ഷോര്‍ട്ട് വീഡിയോകള്‍ തുടങ്ങിയവയാണ് നിങ്ങളുടെ പേജിലെ പ്രധാന ഉള്ളടക്കമെങ്കില്‍ വൈകുന്നേരത്തെ സമയം പ്രധാനമാണ്. ജോലിയും പഠനവും കഴിഞ്ഞും ആളുകള്‍ ഫോണില്‍ കൂടുതല്‍ സമയം ചെലവഴിക്കാന്‍ തുടങ്ങും. അതുകൊണ്ട് വൈകുന്നേരം 6 മുതല്‍ 8 വരെ വീഡിയോ പോസ്റ്റ് ചെയ്ത് നോക്കാവുന്നതാണ്. പ്രത്യേകിച്ച് ആളുകള്‍ വേഗത്തില്‍ കാണുന്ന വിനോദ വീഡിയോകള്‍ക്ക് ഈ സമയം ഗുണം ചെയ്യാന്‍ സാധ്യതയുണ്ട്.
ആഴ്ചയിലെ എല്ലാ ദിവസവും ഒരുപോലെ റീച്ച് ലഭിക്കണമെന്നില്ല. പൊതുവെ ചൊവ്വാഴ്ച മുതല്‍ വ്യാഴാഴ്ച വരെയുള്ള ദിവസങ്ങളില്‍ ഫേസ്ബുക്ക് ഇടപെടല്‍ കൂടുതലായിരിക്കാമെന്നാണ് പല പഠനങ്ങളും പറയുന്നത്. ഇതില്‍ ബുധനാഴ്ച മികച്ച ദിവസങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. അതുകൊണ്ട് ആദ്യം ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ വ്യത്യസ്ത സമയങ്ങളില്‍ വീഡിയോ പോസ്റ്റ് ചെയ്ത് പരീക്ഷിക്കാം.
മറ്റുള്ളവര്‍ പറയുന്ന സമയം മാത്രം നോക്കി വീഡിയോ പോസ്റ്റ് ചെയ്യുന്നതിന് പകരം നിങ്ങളുടെ ഫേസ്ബുക്ക് പേജിലെ കാഴ്ചക്കാര്‍ ഏറ്റവും കൂടുതല്‍ ആക്ടീവായിരിക്കുന്ന സമയം കണ്ടെത്തുന്നതാണ് നല്ലത്. കുറച്ച് ആഴ്ചകളോളം വ്യത്യസ്ത സമയങ്ങളില്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്ത് നോക്കുക.
ഉദാഹരണത്തിന് രാവിലെ 9 മണി, ഉച്ചയ്ക്ക് 12 മണി, വൈകുന്നേരം 6 മണി,രാത്രി 8 മണി ഇങ്ങനെ വ്യത്യസ്ത സമയങ്ങളില്‍ പോസ്റ്റ് ചെയ്ത ശേഷം ഏത് സമയത്താണ് കൂടുതല്‍ views, watch time, likes, comments, shares എന്നിവ ലഭിക്കുന്നതെന്ന് പരിശോധിക്കാം. നിങ്ങളുടെ കാഴ്ചക്കാര്‍ക്ക് ഏറ്റവും അനുയോജ്യമായ സമയം കണ്ടെത്തിയാല്‍ പിന്നീട് അതേ സമയത്ത് സ്ഥിരമായി വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്നത് റീച്ച് മെച്ചപ്പെടുത്താന്‍ സഹായിച്ചേക്കാം.
Content Highlights :What are the best times to post videos on Facebook to get the most views?