നിങ്ങളുടെ സ്മാര്‍ട്ട് ഫോണ്‍ ചാര്‍ജറില്‍ ഈ അടയാളം ഉണ്ടോ?

മൊബൈല്‍ ചാര്‍ജര്‍ ഒറിജിനല്‍ ആണോ എന്ന് എങ്ങനെ അറിയാം?

സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കാത്തവരായി ആരുംതന്നെ ഇല്ല. എപ്പോഴും എന്ത് ആവശ്യത്തിനും ഫോണുകളെ എല്ലാവരും ആശ്രയിക്കുകയും ചെയ്യാറുണ്ട്. ഫോണ്‍ ഉപയോഗിക്കുന്നതല്ലാതെ അതിന്റെ ചാര്‍ജറിനെക്കുറിച്ചും അതിന്റെ സുരക്ഷയെക്കുറിച്ചും ചിന്തിച്ചിട്ടുണ്ടോ? പലരും ഒരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ നിലവാരമില്ലാത്ത ചാര്‍ജറുകള്‍ വാങ്ങി ഉപയോഗിക്കാറുണ്ട്. ഇത്തരം ചാര്‍ജറുകള്‍ ഫോണിന് കേടുപാടുകള്‍ വരുത്തുക മാത്രമല്ല. ചിലപ്പോള്‍ നിങ്ങളെ അപകടത്തില്‍പ്പെടുത്തുകകൂടി ചെയ്‌തേക്കാം.

മൊബൈല്‍ ചാര്‍ജര്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കാന്‍

ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ചാര്‍ജര്‍ കേടാവുകയോ നഷ്ടപ്പെടുകയോ ചെയ്യുമ്പോള്‍ മിക്കവരും കയ്യില്‍ കിട്ടുന്ന ഏതെങ്കിലും ചാര്‍ജര്‍ ഉപയോഗിക്കുകയോ എളുപ്പത്തില്‍ വില കുറഞ്ഞ ഒരെണ്ണം വാങ്ങി ഉപയോഗിക്കുകയോ ചെയ്യാറുണ്ട്. എപ്പോഴും മൊബൈല്‍ ചാര്‍ജര്‍ വാങ്ങുമ്പോള്‍ അതില്‍ CRS , BIS മാര്‍ക്ക് ഉണ്ടോ എന്ന് ശ്രദ്ധിക്കേണ്ടതുണ്ട്. ഇവയില്ലാത്ത ചാര്‍ജറുകള്‍ അപകടം ക്ഷണിച്ചുവരുത്തും.

നിലവാരമില്ലാത്ത ചാര്‍ജറുകളുടെ ദോഷങ്ങള്‍

CRS (Compulsory Registration Scheme) മാര്‍ക്ക് അല്ലെങ്കില്‍ BIS( Bureau of Indian Standarsd)മാര്‍ക്ക് ഇല്ലാത്ത ചാര്‍ജറുകള്‍ക്ക് വ്യാജ ബ്രാന്‍ഡ് നെയിമുകള്‍ ആയിരിക്കും ഉണ്ടായിരിക്കുന്നത്.നിലവാരമില്ലാത്ത ചാര്‍ജറുകള്‍ ഫോണിന് കേട് വരുത്തും. ആദ്യം ഫോണിന്റെ ബാറ്ററിയും പിന്നീട് ഫോണും നശിപ്പിക്കാന്‍ ഇത് ഇടയാക്കും. ബാറ്ററി ബാക്കപ്പ് മോശമാകും, മൊബൈലിന്റെ മദര്‍ബോര്‍ഡിന് കേടുവരുത്തും. വൈദ്യുതാഘാതമേല്‍ക്കാനോ ഫോണ്‍ തീപിടിക്കാനോ കാരണമാകും. ഒര്‍ജിനല്‍ ചാര്‍ജറുകളില്‍ CRS അല്ലെങ്കില്‍ BIS മാര്‍ക്ക് ഉണ്ടായിരിക്കും.

ചാര്‍ജര്‍ ഒറിജിനല്‍ ആണോ എന്ന് എങ്ങനെ അറിയാം

നിങ്ങളുടെ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ ഉപയോഗിക്കുന്ന ചാര്‍ജര്‍ ഒറിജിനല്‍ ആണോ എന്ന് BIS കെയര്‍ മൊബൈല്‍ ആപ്പ് എന്ന സര്‍ക്കാര്‍ ആപ്പ് ഉപയോഗിച്ച് നിങ്ങള്‍ക്ക് പരിശോധിക്കാം. ഈ ആപ്പ് ഉപയോഗിച്ച്, ചാര്‍ജര്‍ ഒറിജിനല്‍ ആണോ വ്യാജമാണോ എന്ന് മിനിറ്റുകള്‍ക്കുള്ളില്‍ നിങ്ങള്‍ക്ക് നിര്‍ണ്ണയിക്കാനാകും.

ചാര്‍ജര്‍ വാങ്ങുമ്പോള്‍, R-നമ്പര്‍ പരിശോധിക്കുന്നത് ഉറപ്പാക്കുക

നമ്മുടെ രാജ്യത്ത് വില്‍ക്കുന്ന ഓരോ BIS (ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ്) സര്‍ട്ടിഫൈഡ് ചാര്‍ജറിനും R-നമ്പര്‍ എന്നൊരു സവിശേഷ കോഡ് ഉണ്ട്. നിങ്ങള്‍ ഒരു പുതിയ ചാര്‍ജര്‍ വാങ്ങുകയാണെങ്കില്‍, ആദ്യം അതില്‍ അച്ചടിച്ചിരിക്കുന്ന R-നമ്പര്‍ പരിശോധിക്കുക.നിര്‍മ്മാതാവിന്റെ പേര്, മോഡല്‍ നമ്പര്‍, നിര്‍മ്മാണ രാജ്യം, BIS അംഗീകാര നില തുടങ്ങിയ പ്രധാന വിവരങ്ങള്‍ ഈ R-നമ്പറില്‍ അടങ്ങിയിരിക്കുന്നു. ഈ കോഡ് ഉപയോഗിച്ച്, നിങ്ങളുടെ ചാര്‍ജര്‍ ഒര്‍ജിനല്‍ ആണോ എന്ന് ഉടന്‍ പരിശോധിക്കാന്‍ കഴിയും.

ബിഐഎസ് കെയര്‍ ആപ്പ് ഉപയോഗിച്ച് നിങ്ങളുടെ മൊബൈല്‍ ചാര്‍ജര്‍ എങ്ങനെ പരിശോധിക്കാം

ആദ്യം, നിങ്ങളുടെ സ്മാര്‍ട്ട്ഫോണിലേക്ക് ബിഐഎസ് കെയര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക. ആപ്പ് തുറക്കുക. ഹോം സ്‌ക്രീനിലെ 'വെരിഫൈ ആര്‍ നമ്പര്‍' ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. ചാര്‍ജറില്‍ പ്രിന്റ് ചെയ്തിരിക്കുന്ന ആര്‍-നമ്പര്‍ ആപ്പിന്റെ സെര്‍ച്ച് ബോക്സില്‍ടൈപ്പ് ചെയ്ത് ക്ലിക്ക് ചെയ്യുക. നിമിഷങ്ങള്‍ക്കുള്ളില്‍, കോഡ് സാധുവാണോ അല്ലയോ എന്ന് ആപ്പ് നിങ്ങളെ അറിയിക്കും. ഉല്‍പ്പന്നത്തിന്റെ ബ്രാന്‍ഡ് നാമവും സര്‍ട്ടിഫിക്കേഷന്‍ വിവരങ്ങളും കാണിക്കുകയും ചെയ്യും.

Content Highlights : How to know if a mobile charger is original by looking at the mark on the smartphone charger?

To advertise here,contact us