ഐഫോൺ 18 സീരീസിലെ ഫോൾഡബിൽ ഫോണിനായി കാത്തിരിക്കുകയാണ് ആപ്പിൾ പ്രേമികൾ. 2026ലെ 18 സീരീസ് പ്രഖ്യാപനത്തിന് മുമ്പ് തന്നെ ഐഫോൺ 20നെ കുറിച്ചുള്ള ചർച്ചകളാണ് ടെക് ലോകത്തത് സജീവമായിരിക്കുന്നത്. അതേ ഐഫോൺ 9 സീരീസ് പുറത്തിറങ്ങാത്തത് പോലെ ഐഫോൺ 19 സീരീസും വിപണിയിലെത്തില്ല. പകരം ആപ്പിള് സ്മാർട്ട്ഫോണുകൾ വിപണയിലെത്തിയതിൻ്റെ ഇരുപതാം വാർഷികത്തിൽ പുറത്തിറങ്ങുക ഐഫോൺ 20 സീരീസ് ആയിരിക്കുമെന്ന് ഏറെക്കുറെ ഉറപ്പിച്ച് കഴിഞ്ഞിട്ടുണ്ട്.
2017ലെ സമാന തന്ത്രം തന്നെയാവും പത്തുവർഷങ്ങൾക്ക് ശേഷം ആപ്പിൾ പയറ്റാൻ പോകുന്നതെന്നതെന്നാണ് റിപ്പോർട്ട്. ഐഫോണിന്റെ രൂപകൽപനയിൽ തന്നെ വമ്പൻ മാറ്റം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ അടിവരയിടുന്നത്. മാർക്കറ്റ് വാല്യുവിലും ഇത് വലിയ മാറ്റങ്ങൾ സൃഷ്ടിക്കുമെന്നാണ് ആപ്പിള് പ്രതീക്ഷിക്കുന്നതും. ഐഫോൺ ഡിസൈന്റെ ചരിത്രത്തിലെ വഴിത്തിരിവാകും ഈ 20 സീരീസെന്നാണ് പറയുന്നത്. 2017ലെ ഐഫോൺ 10 ഉണ്ടാക്കിയതിനെക്കാൾ സ്വീകാര്യത പുത്തന് ഡിസൈന് ലഭിക്കുമെന്ന് തന്നെയാണ് ആപ്പിളിന്റെ വിലയിരുത്തൽ.
അടുത്ത പതിറ്റാണ്ടിലേക്കുള്ള പുത്തൻ ചുവടുവെയ്പ്പിനാണ് ആപ്പിൾ തുടക്കം കുറിക്കാൻ പോകുന്നതെന്ന് ടെക് ലോകവും അഭിപ്രായപ്പെടുന്നുണ്ട്. നെക്സ്റ്റ് ജനറേഷന് ഐഫോണിലൂടെ ഗ്ലാസ് ഏസ്ത്തെറ്റിക്സിൽ ശ്രദ്ധയൂന്നിയുള്ള ഡിസൈനാണ് ആപ്പിൾ ഉദ്ദേശിക്കുന്നതെന്നും വിവരമുണ്ട്. ആപ്പിൾ വാച്ചുകൾ ഒരു സിംഗിൾ ബ്ലോക്ക് ഗ്ലാസായി കാണപ്പെടുന്നത് പോലെ മുന്നിൽ നിന്ന് നോക്കുമ്പോൾ ഒരു സിംഗിൾ പീസ് ഗ്ലാസ് പോലെയാകും ഐഫോൺ 20യെ കാണാനാനാവുക എന്നാണ് പുറത്ത് വന്ന വിവരങ്ങളിലുള്ളത്. 2027ൽ എല്ലാവർക്കും സ്വന്തമാക്കാൻ കഴിയുന്ന തരത്തിലുള്ള ഐഫോൺ 20ക്ക് പുറമേ ബഡ്ജറ്റ് സൗഹൃദമായ ഐഫോൺ 18eയും പുറത്തിറക്കാനാണ് സാധ്യതയെന്നും ഒരു സംസാരമുണ്ട്. ഐഫോൺ 18 മോഡലുകൾ സ്കിപ് ചെയ്യാനുള്ള തീരുമാനങ്ങളും ചിലപ്പോൾ വന്നേക്കാമെന്നും അഭ്യൂഹങ്ങളുണ്ട്.Content highlights: Apple to skip iPhone 19 models in 2027 says report