എഐ കമ്പനികൾക്ക് തിരിച്ചടിയായേക്കാവുന്ന നിർണായക നയംമാറ്റവുമായി വാട്ട്സ്ആപ്പ് ബിസിനസ്. തങ്ങളുടെ എപിഐ പോളിസികളിൽ മാറ്റം വരുത്തുന്നത് വഴി ചാറ്റ്ബോട്ടുകളെ തടയാനൊരുങ്ങുകയാണ് വാട്ട്സ്ആപ്പ്. ഓപ്പൺ എഐ, പെർപ്ലെക്സിറ്റി, ലൂസിയ തുടങ്ങിയ നിരവധി കമ്പനികളെയാണ് ഈ തീരുമാനം ബാധിക്കുക.
2026, ജനുവരി 15 മുതൽക്കാണ് ഈ തീരുമാനം നടപ്പിലാക്കുക. വാട്ട്സ്ആപ്പ് ബിസിനസിന്റെ യഥാർത്ഥ ഉദ്ദേശം തന്നെ കമ്പനികളെ അവരുടെ ഉപഭോക്താക്കളുമായി അടുപ്പിക്കുക എന്നതാണ്. ഇതിലേക്ക് പൂർണമായും ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതിന് വേണ്ടിയാണ് എഐ ചാറ്റ്ബോട്ടുകൾക്ക് നിയന്ത്രണം കൊണ്ടുവരുന്നത്. പുതിയ നയത്തിൽ എഐ പ്രൊവൈഡർമാരെ പൂർണമായും നിരോധിച്ചതായാണ് വാട്ട്സ്ആപ്പ് ബിസിനസ് പറയുന്നത്. എന്നാൽ കസ്റ്റമർ സർവീസിനായി എഐ ഉപയോഗിക്കുന്ന കമ്പനികളെ മെറ്റ ഈ നിയമത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
ചാറ്റ്ബോട്ടുകൾ മെസ്സേജുകളുടെ എണ്ണത്തിൽ വർധനവ് ഉണ്ടാക്കുകയാണെന്നും പ്ലാറ്റ്ഫോമിന് താങ്ങാൻ കഴിയാത്ത സാഹചര്യം ഉണ്ടാകുകയാണെന്നുമാണ് വാട്ട്സ്ആപ്പിന്റെ ഭാഷ്യം. ചാറ്റ്ബോട്ട് ഡിസ്ട്രിബ്യൂഷന് വേണ്ടിയല്ല വാട്ട്സ്ആപ്പ് ഉള്ളതെന്നും ഉപഭോക്താക്കൾക്ക് വേണ്ടിയാണ് എന്നും വാട്ട്സ്ആപ്പ് സ്വരം കടുപ്പിക്കുന്നുണ്ട്.
അതേസമയം, വാട്സാപ്പ് മറ്റൊരു നിർണായക നീക്കം കൂടി നടത്തുന്നുണ്ട്. സ്പാം മെസേജുകളെക്കുറിച്ചുള്ള പരാതികൾ വർധിച്ചതോടെ പ്രതിരോധ മാർഗങ്ങളുമായാണ് വാട്സ്ആപ്പ് രംഗത്തുവന്നിട്ടുള്ളത്. ബിസിനസ് അക്കൗണ്ടുകൾക്കും യൂസർമാർക്കും അജ്ഞാതരായ വ്യക്തികൾക്ക് (non -contact) അയക്കാവുന്ന മെസേജുകളിൽ പരിധി കൊണ്ടുവരികയാണ് വാട്സ്ആപ്പ്. അതായത് മെസേജ് ലഭിക്കുന്നവർ റിപ്ലൈ തന്നില്ലെങ്കിൽ, അവരുടെ വാട്സ്ആപ്പ് അക്കൗണ്ടിലേക്ക് അയക്കാൻ സാധിക്കുന്ന മെസേജുകൾക്ക് പരിധിയുണ്ടാവും എന്നർത്ഥം.
വാട്സ്ആപ്പ് പുതിയതായി ഗ്രൂപ്പുകളും കമ്മ്യൂണിറ്റികളും ബിസിനസ് ഇന്ററാക്ഷൻസുമൊക്കെ കൊണ്ടുവന്നതിന് പിന്നാലെയാണ് പരാതികളും ഉയർന്ന് വന്നത്. അപ്പ്ഡേറ്റുകൾ ഒന്നൊന്നായി വന്നതോടെ യൂസർമാർക്ക് ലഭിക്കുന്ന സന്ദേശങ്ങളുടെ എണ്ണവും വർധിച്ചു. നോട്ടിഫിക്കേഷനുകൾ കൊണ്ട് ബുദ്ധിമുട്ടിയതിനൊപ്പം മെസേജുകൾ കുമിഞ്ഞ് കൂടിയതും പലർക്കും തലവേദന സൃഷ്ടിച്ചു. ഇതാണ് പുതിയ നീക്കം നടപ്പിലാക്കാൻ കാരണം.
പുതിയ വ്യവസ്ഥ അനുസരിച്ച്, സാധാരണ യൂസർമാർക്കും ബിസിനസ് അക്കൗണ്ട് ഉള്ളവർക്കും നോൺ കോൺടാക്ടായ ഒരാൾക്ക് മെസേജ് അയച്ചാൽ അത് ഓരോ മാസത്തിലും ലിമിറ്റ് ചെയ്യപ്പെടും. മെസേജ് ലഭിക്കുന്നയാൾ റിപ്ലൈ ചെയ്താൽ മാത്രമേ ഇതിൽ ഇളവ് ലഭിക്കൂ. ഉദാഹരണത്തിന് നിങ്ങൾ നിങ്ങളുടെ കോൺടാക്ടിലില്ലാത്ത ഒരാൾക്ക് മൂന്ന് മെസേജുകൾ അയച്ചാൽ അത് പരിധിക്ക് വിരുദ്ധമായി വാട്സ്ആപ്പ് കണക്കാക്കും. നിലവിൽ വ്യത്യസ്ത പരിധികൾ പരീക്ഷിക്കുകയാണ് വാട്സ്ആപ്പ്. ഇതിന്റെ അന്തിമപരിധി എത്രയാണെന്ന് ഇതുവരെ മെസേജിങ് ആപ്പ് സ്ഥിരീകരിച്ചിട്ടില്ല.
മെസേജ് ലിമിറ്റായാൽ വാട്സ്ആപ്പ് ഒരു പോപ്പ് അപ്പ് മുന്നറിയിപ്പ് നൽകും. മെസേജ് അയക്കുന്നത് ബ്ലോക്ക് ചെയ്യപ്പെടാതിരിക്കാൻ ഇത് സഹായകമാകും. ഈ പുത്തൻ ഫീച്ചർ വരുന്ന ആഴ്ചകളിൽ പല രാജ്യങ്ങളിലും പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കും. വ്യാജന്മാരെ തടയുന്നതിനൊപ്പം അനാവശ്യമായ ബിസിനസ് മെസേജുകൾക്കും പരിധിക്കൊണ്ടുവരാനാണ് ഈ ഫീച്ചറെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.
Content Highlights: whatsapp business to limit AI chatbots