എഐ ജോലി കളയില്ല, പക്ഷേ മനുഷ്യർ തന്നെ മനുഷ്യരുടെ ജോലി കളയും; എഐ അറിയുന്നവൻ രാജാവെന്ന് നിതിൻ മിട്ടൽ

എഐ ആരുടേയും ജോലി അപഹരിക്കുന്നതായി താൻ കണ്ടിട്ടില്ല എന്നാണ് നിതിൻ മിട്ടൽ പറയുന്നത്

എഐ വ്യാപനം എല്ലാ മേഖലകളിലേക്കും കടന്നുകയറുന്ന കാലമാണ്. ടെക്ക് മേഖലയാകട്ടെ, സിനിമാ മേഖലയാകട്ടെ, നമ്മൾ ചെറുതെന്ന് കരുതുന്ന എല്ലാ മേഖലയിലും ഇപ്പോൾ എഐ പിടിമുറുക്കിക്കഴിഞ്ഞു. ഇതിന്റെ ഫലമായി ജോലികൾ അപഹരിക്കപ്പെടുന്നു എന്നതും വലിയ വാർത്തകളാകാറുണ്ട്. പ്രമുഖ കമ്പനികളായ വിപ്രോ, ടിസിഎസ്, ആമസോൺ തുടങ്ങിയ പല ഭീമന്മാരും ഇത്തരത്തിൽ പിരിച്ചുവിടൽ നടത്തുന്നുമുണ്ട് എന്ന റിപ്പോർട്ടുകൾ വരുന്നുണ്ട്. ഇതിനിടെ ഡിലോയിറ്റിന്റെ പ്രിൻസിപ്പലും ആഗോള എഐ ലീഡറുമായ നിതിൻ മിട്ടൽ പറഞ്ഞ ഒരു കാര്യവും വ്യാപകമായി ചർച്ച ചെയ്യപ്പെടുന്നുണ്ട്.

എഐ ആരുടേയും ജോലി അപഹരിക്കുന്നതായി താൻ കണ്ടിട്ടില്ല എന്നാണ് നിതിൻ മിട്ടൽ പറയുന്നത്. എൻഡിടിവി വേൾഡ് സമ്മിറ്റ് 2025ൽ സംസാരിക്കുമ്പോഴാണ് നിതിൻ മിട്ടൽ ഇത്തരത്തിലൊരു അഭിപ്രായം പങ്കുവെച്ചത്. നിതിൻ പറയുന്നതിൽ ആകെ വൈരുധ്യമുണ്ടല്ലോ എന്ന് നമുക്ക് തോന്നിയേക്കാം. എന്നാൽ നിതിൻ തന്നെ കാര്യങ്ങൾ പിന്നീട് വ്യക്തമാകുന്നുണ്ട്.

'എഐ മനുഷ്യരുടെ ജോലികൾ അപഹരിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. സോഫ്ട്‍വെയർ എഞ്ചിനീറിങ്, കസ്റ്റമർ സപ്പോർട്ട്, കോൾ സെന്ററുകൾ, കോഡിങ് എന്നിവയെയെല്ലാം എഐ ബാധിച്ചേക്കാം. എഐ കാരണം ജോലി പോയ ഒരാളെയും ഞാൻ കണ്ടിട്ടില്ല. പക്ഷെ എഐ അറിയുന്നവർ കാരണം അറിയാത്തവർക്ക് ജോലി പോയതായി ഞാൻ കണ്ടിട്ടുണ്ട്' എന്നാണ് നിതിൻ മിട്ടൽ പറഞ്ഞത്. അതായത് എഐയിലേക്ക് അഡാപ്റ്റ് ചെയ്യാത്തവർ പെടുമെന്ന് നിതിൻ മിട്ടൽ മുന്നറിയിപ്പ് നൽകുകയാണ്.

എഐയെ പേടിക്കേണ്ടതില്ല എന്നും പകരം എഐ മൂലം ഉണ്ടാകുന്ന പുതിയ സമ്പദ്‌വ്യവസ്ഥയിലേക്ക് മാറാൻ തയ്യാറെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ഈ സമ്പദ്‌വ്യവസ്ഥ നമ്മൾ വിചാരിക്കാത്തത്രയും അവസരങ്ങൾ ഉണ്ടാക്കും എന്നാൽ ആളുകൾ അവരുടെ കഴിവുകൾ മിനുക്കിയെടുക്കണമെന്നും നിതിൻ പറഞ്ഞു.

എഐയുടെ വ്യാപനത്തോടെ ടെക്ക് കമ്പനികളിൽ കൂട്ടപ്പിരിച്ചുവിടൽ തകൃതിയാണ് എന്ന റിപ്പോർട്ടുകൾ വരുന്നതിനിടെയാണ് നിതിൻ മിട്ടലിന്റെ ഈ പരാമർശം. അടുത്തിടെ ടിസിഎസ് 20,000ത്തിനടുത്ത് തൊഴിലാളികളെ പറഞ്ഞുവിട്ടു എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. മധ്യ - സീനിയർ ലെവലിലുള്ള ജീവനക്കാരെയാണ് പിരിച്ചുവിടൽ ബാധിച്ചിരിക്കുന്നത്. 2026 മാർച്ചോടെ ലോകമെമ്പാടുമുളള തങ്ങളുടെ മൊത്തം ജീവനക്കാരുടെ എന്നതിൽ രണ്ട് ശതാമാനം കുറവ് വരുത്താനാണ് ടിസിഎസിന്റെ നീക്കം.

തങ്ങളുടെ മൊത്തം ജീവനക്കാരിൽ നിന്നും 15 ശതമാനം ആളുകളെ കമ്പനി ആമസോണും പിരിച്ചുവിടാൻ ഒരുങ്ങുകയാണ് എന്നും റിപ്പോർട്ടുകളുണ്ട്. എച്ച് ആർ വിഭാഗത്തിലെ 'പീപ്പിൾ എക്സ്പീരിയൻസ് ആൻഡ് ടെക്‌നോളജി' ടീം ജീവനക്കാരാണ് പിരിച്ചുവിടൽ ഭീഷണി നേടിരുന്നത്. ആമസോണിന്റെ പല വകുപ്പുകളിലും പിരിച്ചുവിടൽ ഉണ്ടാകുമെങ്കിലും എച്ച് ആർ വിഭാഗത്തെയാകും ഏറ്റവും കൂടുതൽ ബാധിക്കുക എന്നാണ് റിപ്പോർട്ടുകൾ.

Content Highlights: ai wont takeup jobs, but humans will, says nithin mittal

To advertise here,contact us