ഇന്റര്നെറ്റ് ജീവവായുവായി കാണുന്ന ഡിജിറ്റല് യുഗത്തിലാണ് നമ്മളെല്ലാം ജീവിക്കുന്നത്. വലിയ തൊഴിലിടങ്ങള് മുതല് നമ്മുടെയൊക്കെ വീടുകളില് വരെ ഇന്റര്നെറ്റ് ഇന്ന് ഒരു അഭിവാജ്യ ഘടകമാണ്. അതിനാല് ഇന്റര്നെറ്റിന്റെ കണക്ഷനിലോ സ്പീഡിലോ വരുന്ന ചെറിയ തടസ്സങ്ങള് പോലും നമ്മുടെ പ്രവര്ത്തികളെ വലിയ രീതിയില് ബാധിച്ചേക്കാം.
ഇത് സുഗമമായി നടക്കാന് കൂടിയാണ് നമ്മള് വൈ-ഫൈ സ്ഥാപിക്കുന്നത് എന്നാല് പലപ്പോഴും വൈ-ഫൈയിലും ഇന്റര്നെറ്റിന് സ്പീഡ് കുറയാറുണ്ട്. പലരും ഇത് റൂട്ടറിന്റെ പ്രശ്നമാണെന്ന് കരുതുമെങ്കിലും പലപ്പോഴും ഇതിന് പിന്നില് വൈ-ഫൈ സ്ഥാപിച്ചിരിക്കുന്ന സ്ഥലവും അതിന് ചുറ്റുമുള്ള വസ്തുകളുമാവും തടസമാവുന്നത്. അത്തരത്തില് വൈ-ഫൈയുടെ വേഗത കുറയ്ക്കുന്ന വസ്തുകള് ഏതൊക്കെയാണെന്നറിയാം. ഈ വസ്തുകള് നിങ്ങളുടെ വൈഫൈ റൂട്ടറിന് സമീപം വെച്ചിട്ടുണ്ടെങ്കില് അത് മാറ്റാനും മറക്കേണ്ട
വൈ ഫൈയുടെ സ്പീഡിനെ ബാധിക്കുന്ന വസ്തുക്കള്
റേഡിയോ തരംഗങ്ങളിലൂടെയാണ് വൈഫൈ പ്രവര്ത്തിക്കുന്നത്. അതിനാല് അതിനെ തടയുന്ന വസ്തുക്കള് റൂട്ടറിന് സമീപം വെക്കാതെ ഇരിക്കുക. അതിനാല് ക്യാബിനറ്റിനോ കട്ടിയുള്ള മതിലുകള്ക്കോ സമീപം റൂട്ടര് സ്ഥാപിക്കാതെ ഇരിക്കുക. റൂട്ടര് വെക്കാന് ഏറ്റവും അനുയോജ്യമായ സ്ഥലം വീടിന്റെ മധ്യഭാഗമോ അല്ലെങ്കില് മറ്റേതെങ്കിലും തുറസ്സായ സ്ഥലമോ ആയിരിക്കും.
മൈക്രോവേവ് ഓവന്: മൈക്രോവേവ് ഓവനുകള് റൂട്ടറിന് സമീപം വെച്ചാല് അത് ഇന്റര്നെറ്റ് വേഗത കുറച്ചേക്കാം. ഓവന് 2.4ghz ലാണ് പ്രവര്ത്തിക്കുന്നത്. ഇത് വൈഫൈയുടെ സിഗ്നലിന് സമാനമാണ് അതിനാല് മൈക്രോവേവ് ഓവന് പ്രവര്ത്തിക്കുമ്പോള് ഇന്റര്നെറ്റ് വേഗത കുറയാന് സാധ്യതയുണ്ട്, ഇതാണ് അടുക്കള ഭാഗത്തിന് സമീപമായി റൂട്ടര് സ്ഥാപിക്കാത്തതിലെ ഒരു പ്രധാന കാരണം.
അക്വേറിയം അല്ലെങ്കില് വെള്ള സംഭരണികൾ: വെള്ളവും വൈഫൈ സിഗ്നലിനെ ദുര്ബലപ്പെടുത്തുന്നവയാണ്. അതിനാല് റൂട്ടറിന് സമീപം വെള്ളമടങ്ങുന്ന കണ്ടെയിനറുകളോ അക്വേറിയമോ സ്ഥാപിക്കാതെ ഇരിക്കുക.
ലോഹങ്ങള് ഗ്ലാസുകള്: ലോഹങ്ങളും ഗ്ലാസുകളും സിഗ്നലുകളുടെ പ്രധാന ശത്രുക്കളാണ്. ഇത് സിഗ്നലിനെ പ്രതിഫലിപ്പിക്കാനും ദുര്ബലപ്പെടുത്താനും കാരണമായേക്കാം.
ബ്ലൂടൂത്ത് വയര്ലെസ് ഉപകരണങ്ങള്: റൂട്ടറിന് സമീപം ബ്ലൂടൂത്ത് വയര്ലെസ് ഉപകരണങ്ങള് വെക്കുന്നതും വൈ ഫൈ സ്പീഡ് കുറയ്ക്കുന്നു. കാരണം ഇവ 2.4 ghz അല്ലെങ്കില് 5 ghz ഫ്രീക്ക്വന്സിയില് പ്രവര്ത്തിക്കുന്നവയാണ്. അതിനാല് ഇവയും റൂട്ടറില് നിന്ന് അകറ്റി വെയ്ക്കുക.
Content Highlights- The Wi-Fi speed is low ? Remove these items from there immediately to increase the speed.