ടെക്ക് തൊഴിലിടങ്ങളിലെ വില്ലനായി 'സൈലന്റ് ലേഓഫ്'; പറഞ്ഞുവിടൽ പൊടുന്നനെ ! എങ്ങനെ തിരിച്ചറിയാം?

'സൈലന്റ് ലേഓഫ്' എന്നറിയപ്പെടുന്ന രീതി ടെക്ക് മേഖലയിൽ വർധിച്ചുവരുന്നതായാണ് റിപ്പോർട്ടുകൾ.

ആഗോളതലത്തിൽ ടെക്ക് മേഖല വലിയ പ്രതിസന്ധികൾ നേരിടുകയാണ്. എഐയുടെ വ്യാപനം, ഇൻവെസ്റ്റ്‌മെന്റ് മോഡലിലെ മാറ്റം, ചുരുങ്ങിയ ബജറ്റുകൾ തുടങ്ങിയ പല കാര്യങ്ങളും ടെക്ക് മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളെ അരക്ഷിതാവസ്ഥയുടെ വക്കിലെത്തിക്കുന്നുണ്ട്. പലപ്പോഴുമായി പിരിച്ചുവിടലുകളുടെ വാർത്തകൾ നമ്മൾ കാണാറുണ്ടല്ലോ. പല കമ്പനികളും പല പ്രതിസന്ധികളാണ് ഇത്തരത്തിൽ നേരിടുന്നത്.

ഇന്ത്യൻ ടെക്ക് കമ്പനികളിലും സ്ഥിതി വ്യത്യസ്തമല്ല. ടിസിഎസ്, ഇൻഫോസിസ്, ടെക്ക് മഹിന്ദ്ര, വിപ്രോ തുടങ്ങിയ പല കമ്പനികളും കഴിഞ്ഞ ദിവസങ്ങളിൽ വലിയ തോതിൽ പിരിച്ചുവിടലുകൾ നടത്തിയതാണ്. ടിസിഎസ് 20,000 തൊഴിലാളികളെയാണ് പിരിച്ചുവിട്ടത്. എഐയിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു ഈ പിരിച്ചുവിടൽ എന്നായിരുന്നു റിപ്പോർട്ടുകൾ. ഇൻഫോസിസ്, ടെക്ക് മഹിന്ദ്ര എന്നിവർ 10,000 തൊഴിലാളികളെയാണ് പിരിച്ചുവിട്ടത്. ചിലവ് കുറയ്ക്കുക, കൂടുതൽ കഴിവുള്ള ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക എന്നതെല്ലാമായിരുന്നു ആ പിരിച്ചുവിടലിന്റെ ലക്ഷ്യം. പലപ്പോഴും ഈ പിരിച്ചുവിടലുകൾ എല്ലാം മുൻകൂട്ടി അറിയിച്ചതാകില്ല. 'സൈലന്റ് ലേഓഫ്' എന്നറിയപ്പെടുന്ന ഈ രീതി ടെക്ക് മേഖലയിൽ വർധിച്ചുവരുന്നതായാണ് റിപ്പോർട്ടുകൾ.

മുൻകൂട്ടി അറിയിക്കാതെയോ നോട്ടീസ് നൽകാതെയോ ഒരാളെ പറഞ്ഞുവിടുന്നതിനെയാണ് സൈലന്റ് ലേഓഫുകൾ എന്ന് പറയുന്നത്. പല കാരണങ്ങൾ കൊണ്ടാണ് കമ്പനികൾ ഈ രീതി പിന്തുടരുന്നത്. കാലത്തിനനുസരിച്ച് ജീവനക്കാരും അവരുടെ കഴിവുകളും മാറുന്നില്ല എന്ന് കാണുമ്പോഴും മറ്റുമാണ് ഇവ ഉണ്ടാകുക. ചില കമ്പനികൾ തൊഴിൽ നിയമങ്ങൾക്ക് അനുസൃതമായി മുൻകൂട്ടി അറിയിച്ചുകൊണ്ടും നോട്ടീസ് നൽകിയും തൊഴിലാളികൾക്ക് സൂചന നൽകാറുണ്ട്.

സൈലന്റ് ലേഓഫുകൾ തിരിച്ചറിയാൻ എളുപ്പമാണ്. നമ്മുടെ മേലധികാരികളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ, അവരുടെ ഭാഗത്തുനിന്നുണ്ടാകുന്ന സമീപനങ്ങൾ എന്നിവയിൽ നിന്ന് നമുക്ക് അവ എളുപ്പം മനസിലാക്കാവുന്നതാണ്. വർക്ക്ലോഡിലെ മാറ്റം ആണ് ഒന്ന്. ഡെഡ്‌ലൈനുകൾ ചുരുങ്ങുകയും പൊടുന്നനെ ജോലിഭാരം വർധിക്കുകയും ചെയ്യും, ഇതിനർത്ഥം കമ്പനി ആ തൊഴിലാളിയെ കൂടുതൽ കാര്യക്ഷമമായി വീക്ഷിക്കുന്നുണ്ട് എന്നതാകാം.

ജീവനക്കാരോട് സംവദിക്കുന്ന വിധത്തിലെ മാറ്റമാണ് മറ്റൊന്ന്. മീറ്റിങ്ങുകളിൽ നിന്ന് മാറ്റിനിർത്തുക, തീരുമാനങ്ങൾ എടുക്കുന്നതിൽനിന്ന് മാറ്റിനിർത്തുക, അവഗണിക്കുക എന്നതെല്ലാം ഇവയുടെ സൂചനകളായി കണക്കാക്കാം. ഇടയ്ക്കിടെ ഉണ്ടാകുന്ന പെർഫോമൻസ് റിവ്യൂകളാണ് മറ്റൊന്ന്. ചെറിയ തെറ്റുകൾക്ക് വരെ മോശമായി പെരുമാറുക എന്നതെല്ലാം ഇവയുടെ സൂചനകളാണ്.

സൈലന്റ് ലേഓഫ് എന്നത് ടെക്ക് മേഖലയിൽ സാധാരണയായി ഉണ്ടായിവരുന്ന ഒരു കാര്യമായി മാറിക്കഴിഞ്ഞു എന്നാണ് പല പിരിച്ചുവിടലുകളും വീക്ഷിക്കുമ്പോൾ മനസിലാക്കുക. പൊടുന്നനെയാണ് പല കമ്പനികളും പിരിച്ചുവിടലുകൾ പ്രഖ്യാപിക്കുന്നത്. തൊഴിലാളികൾക്ക് മറ്റൊരു സാധ്യത കണ്ടുപിടിക്കാനുള്ള സമയം നൽകാതെ വരെ പിരിച്ചുവിടലുകൾ നടത്തിയ കമ്പനികളുണ്ട്. എന്നാൽ എല്ലാ കമ്പനികളും ഇങ്ങനെയല്ല എന്നതും പ്രത്യേകം പറയേണ്ടതാണ്. ചില കമ്പനികൾ ജീവനക്കാർക്ക് കൃത്യമായി നോട്ടീസ് നൽകുകയും, കൃത്യമായി അലവൻസുകളും മറ്റും നൽകുകയും ചെയ്യുന്നുണ്ട്.

Content Highlights: how to know silent layoffs which is so common in tech industry

To advertise here,contact us