ആപ്പിൾ ഗാഡ്ജെറ്റ്സ് കയ്യിലുള്ള ആളുകളുടെ എണ്ണം ഇന്നത്തെ കാലത്ത് വളരെ കൂടുതലാണ്. ഐഫോൺ ആകട്ടെ, ഐപാഡുകൾ ആകട്ടെ, വാച്ചുകൾ ആകട്ടെ, ആപ്പിൾ എന്നത് ഒരു ബ്രാൻഡ് സിംബൽ ആയിട്ടുണ്ട്. അതിൽത്തന്നെ ആപ്പിൾ വാച്ചിന് നിരവധി ഉപയോഗങ്ങളുണ്ട്. ഇപ്പോൾ ആപ്പിൾ വാച്ച് ഒരാളുടെ ജീവൻ രക്ഷിച്ച വാർത്തയാണ് പുറത്തുവരുന്നത്.
26 വയസുള്ള ഒരു ടെക്കിയെയാണ് ആപ്പിൾ വാച്ച് രക്ഷിച്ചത്. സ്കൂബാ ഡൈവിങ്ങിനിടെ വെയ്റ്റ് ബെൽറ്റ് അഴിഞ്ഞുപോയി അപകടത്തിൽപെട്ട ഒരു യുവാവിനെയാണ് ആപ്പിൾ വാച്ചിന്റെ മുന്നറിയിപ്പ് മൂലം തക്ക സമയത്ത് രക്ഷപ്പെടുത്താൻ പറ്റിയത്. ഇന്ത്യ ടുഡേ ടെക്കാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
മുംബൈയിലെ ഒരു ഈ കോമേഴ്സ് കമ്പനിയിൽ ജോലി ചെയ്യുന്ന 26കാരനാണ് അപകടം സംഭവിച്ചത്. അവധിക്കാലം ആഘോഷിക്കാൻ പുതുച്ചേരിയിൽ എത്തിയതായിരുന്നു യുവാവ്. സ്കൂബാ ഡൈവിങ് ചെയ്യുന്നതിനിടെ 36 അടി താഴ്ചയിൽ വെച്ച് യുവാവിന്റെ വെയ്റ്റ് ബെൽറ്റ് അഴിഞ്ഞുപോയി. ഇതോടെ യുവാവ് പൊടുന്നനെ മുകളിലേക്ക് തള്ളിക്കയറാൻ തുടങ്ങി.
പെട്ടെന്നാണ് ആ കയറ്റം ഉണ്ടായത്. സ്വയം നിയന്ത്രിക്കാനോ സഹായം അഭ്യർത്ഥിക്കാനോ ആ സമയത്ത് യുവാവിന് സാധിച്ചിരുന്നില്ല. ഈ സമയത്ത് യുവാവ് ധരിച്ചിരുന്ന ആപ്പിൾ വാച്ച് അൾട്രാ അടിയന്തിര മുന്നറിയിപ്പുകൾ നൽകുകയും സൈറൺ മുഴക്കുകയും ചെയ്തു.
'കടൽ പ്രക്ഷുബ്ധമായിരുന്നു. കാഴ്ചയും കുറവായിരുന്നു. പൊടുന്നനെ മുകളിലേക്ക് പോകുമ്പോൾ ഏകദേശം 36 അടി താഴ്ചയിലായിരുന്നു ഞാൻ' എന്നാണ് യുവാവിനെ ഉദ്ധരിച്ച ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആപ്പിൾ വാച്ച് അൾട്രയ്ക്ക് ഇത്തരത്തിൽ ഡൈവിന്റെ ആഴവും മറ്റും മോണിറ്റർ ചെയ്യാൻ സാധിക്കും.
പൊടുന്നനെയുള്ള, കുത്തനെയുള്ള കയറ്റങ്ങൾ ശ്രദ്ധയിൽപ്പെടുമ്പോൾ ആപ്പിൾ വാച്ച് മുന്നറിയിപ്പുകൾ നൽകാറുണ്ട്. 'എനിക്ക് കാര്യം എന്താണെന്ന് മനസിലാകുന്നതിന് മുൻപുതന്നെ ആപ്പിൾ വാച്ച് മുന്നറിയിപ്പുകൾ നൽകി. മെല്ലെ മുകളിലേക്ക് പൊങ്ങണമെന്നും ഇപ്പോഴുള്ളത് വളരെ വേഗത്തിലാണെന്നും വാച്ച് മുന്നറിയിപ്പ് നൽകിയിരുന്നു'. യുവാവ് പറയുന്നു. എന്നാൽ അദ്ദേഹത്തിന് വേഗത സ്വയം നിയന്ത്രിക്കാൻ അദ്ദേഹത്തിന് സാധിക്കുമായിരുന്നില്ല. ആപ്പിൾ വാച്ച് നൽകിയ മുന്നറിയിപ്പ് ശബ്ദം കേട്ട ഇൻസ്ട്രക്ടർ പൊടുന്നനെ ഇടപെടുകയായിരുന്നു.
ഈ അനുഭവം ആപ്പിൾ സിഇഒ ടിം കുക്കിനോടും യുവാവ് പങ്കുവെച്ചിരുന്നു. താങ്കളുടെ അനുഭവം പങ്കുവെച്ചതിന് നന്ദി എന്നും മുന്നറിയിപ്പ് കേട്ടത് മൂലം താങ്കളെ രക്ഷിക്കാൻ കഴിഞ്ഞതിൽ സന്തോഷം എന്നുമാണ് ടിം കുക്ക് മറുപടി നൽകിയത്.
2022ലാണ് ആപ്പിൾ വാച്ച് അൾട്രാ ലോഞ്ച് ചെയ്തത്. ഔട്ഡോർ സാഹസിക ആക്ടിവിറ്റികൾക്കും മറ്റും ഉപയോഗിക്കാവുന്ന തരത്തിലുള്ളതാണ് ആപ്പിൾ വാച്ച് അൾട്രാ. ഉയർന്ന പിച്ചിലുള്ള സൈറണാണ് ഇവയ്ക്കുള്ളത്. മറ്റ് ശബ്ദങ്ങളെയെല്ലാം ഭേദിച്ച് 180 മീറ്റർ വരേയ്ക്കും ഈ സൈറണിന്റെ ശബ്ദം കേൾക്കാനാകും.
Content Highlights: apple watch saves techie from steep ascent while scuba diving