വീഴാനില്ല, പൊരുതാനുറച്ച് ബിഎസ്എൻഎൽ; ഇ-സിം പദ്ധതിക്കായി ടാറ്റയോടൊപ്പം കൈകോർക്കാൻ തീരുമാനം

ഓഗസ്റ്റിൽ തമിഴ്നാട് സർക്കിളിൽ ബിഎസ്എൻഎൽ ഇ-സിം സേവനങ്ങൾ നടപ്പാക്കിയിരുന്നു

ഒരുകാലത്ത് രാജ്യത്തെ ടെലികോം മുൻനിര സേവനദാതാവായിരുന്ന ബിഎസ്എൻഎൽ ഇപ്പോൾ കിതപ്പിലാണ്. സ്വകാര്യ സേവനദാതാക്കളുടെ വരവോടെ അവരോട് പിടിച്ചുനിൽക്കാൻ പറ്റാതെ വന്നിരിക്കുകയാണ് കമ്പനിക്ക്. സാങ്കേതികവിദ്യ അനുദിനം വളരുന്ന സാഹചര്യത്തിൽ അതിനോട് താദാത്മ്യപ്പെടാൻ സാധിക്കാത്തതിന്റെ പ്രശ്നം വേറെയുണ്ട്. ലോകം 5g യുഗത്തിലേക്ക് കടന്നിരിക്കുമ്പോൾ ബിഎസ്എൻഎല്ലിന് ഇപ്പോഴും രാജ്യത്തൊട്ടാകെ 4g പോലും ലഭ്യമാക്കാൻ കഴിഞ്ഞിട്ടില്ല. ഇങ്ങനെയെല്ലാമിരിക്കെ സ്വകാര്യ കമ്പനികളോട് മത്സരിക്കാനായി ഇ-സിം മേഖലയിലേക്ക് കൂടി കടക്കുകയാണ് ബിഎസ്എൻഎൽ.

ടാറ്റയുമായി ചേർന്നാണ് ബിഎസ്എൻഎൽ ഇ-സിം സർവീസുകൾ ആരംഭിക്കുന്നത്. ടാറ്റ കമ്മ്യൂണിക്കേഷൻസിന്റെ മൂവ് എന്ന പ്ലാറ്റ്ഫോമുമായി ചേർന്നാണ് ബിഎസ്എൻഎൽ ഈ ഉദ്യമത്തിന് തുടക്കം കുറിക്കുന്നത്. സിം കാർഡ് ഇല്ലാതെതന്നെ ഉപയോക്താക്കൾക്ക് നമ്പർ ആക്ടിവേറ്റ് ചെയ്യാൻ സാധിക്കുന്ന സംവിധാനമാണ് ഇ-സിം. രണ്ട് സിം കാർഡ് ഇടാൻ സാധിക്കുന്ന ഫോണുകളിൽ ഒരു സിം ആയി ഈ ഇ-സിം ഉപയോഗിക്കാവുന്നതാണ്.

ടാറ്റ കമ്മ്യൂണിക്കേഷൻസിന്റെ ജിഎസ്എംഎ അക്രെഡിറ്റെഡ് സബ്‌സ്‌ക്രിപ്‌ഷൻ മാനേജ്‌മന്റ് പ്ലാറ്റ്ഫോമാണ് മൂവ്. രാജ്യവ്യാപകമായി ഇവരാണ് ബിഎസ്എൻഎല്ലുമായി ഇ-സിം പദ്ധതിക്ക് കൈകോർക്കുന്നത്. ഇ-സിം ലോഞ്ച് ചെയ്‌താൽ പലവിധ പ്രതിസന്ധികളിൽ ഉഴലുന്ന ബിഎസ്എൻഎല്ലിന് വലിയ ഒരു ആത്മവിശ്വാസമാകും. 2g, 3g, 4g സർവീസുകളിൽ ഇ-സിം സേവനങ്ങൾ ലഭിക്കും.

ഓഗസ്റ്റിൽ തമിഴ്നാട് സർക്കിളിൽ ബിഎസ്എൻഎൽ ഇ-സിം സേവനങ്ങൾ നടപ്പാക്കിയിരുന്നു. ഇതിന് പുറമെ സ്വകാര്യ സേവനദാതാക്കളോട് കിടപിടിക്കാൻ നിരവധി ശ്രമങ്ങളും കമ്പനി നടത്തിവരികയാണ്. രാജ്യവ്യാപകമായി 4g നെറ്റ്‌വർക്ക് വ്യാപിപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് ഡൽഹിയിൽ കമ്പനി തങ്ങളുടെ 4g നെറ്റ്‌വർക്ക് സേവനം ആരംഭിച്ചത്. പോസ്റ്റൽ ഡിപ്പാർട്ട്മെന്റുമായി ചേർന്ന് സിം കാർഡുകൾ ഏവർക്കും ലഭ്യമാക്കാനും റീചാർജ് സർവീസുകൾ ലഭ്യമാക്കാനുമായി ബിഎസ്എൻഎൽ കരാർ ഒപ്പിട്ടിട്ടുമുണ്ട്.

Content Highlights: BSNL to join with tata to offer e sim services in india

To advertise here,contact us