മഴക്കാലമല്ലേ; വെള്ളത്തിലൂടെ കാര്‍ ഓടിക്കുമ്പോള്‍ ശ്രദ്ധിക്കാന്‍; എപ്പോഴാണ് എഞ്ചിന്‍ ഓഫ് ചെയ്യേണ്ടത്

മഴക്കാലത്ത് വെള്ളക്കെട്ടുള്ള റോഡുകള്‍ സാധാരണമാണ്. അതിനാല്‍ നിങ്ങളുടെ വാഹനം എത്രത്തോളം വെള്ളത്തില്‍ ഓടിക്കാന്‍ കഴിയുമെന്നത് അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്

മഴക്കാലത്ത് റോഡുകളില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് ഒരു സാധാരണ പ്രശ്‌നമാണ്. അത്തരം സാഹചര്യങ്ങളില്‍ കാര്‍ ഓടിക്കുന്നവര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വെള്ളംനിറഞ്ഞ് കിടക്കുന്ന റോഡ് മുറിച്ചുകടക്കണോ വേണ്ടയോ എന്നതാണ്. കാര്‍ വെള്ളത്തിന് നടുവില്‍ നിര്‍ത്തിപ്പോയാല്‍ എഞ്ചിന്‍ പൂര്‍ണ്ണമായും കേടാകുകയും ചെയ്യും. അത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ചില പ്രധാന കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്.

ഒരു കാറിന് എത്ര വെള്ളത്തിലൂടെ സുരക്ഷിതമായി കടന്നുപോകാന്‍ കഴിയും?

വെള്ളത്തിലൂടെ കാര്‍ ഓടിക്കുന്നതിന് മുന്‍പ് ജലനിരപ്പ് വിലയിരുത്തേണ്ടത് വളരെ പ്രധാനമാണ്. കാറിന്റെ ടയറുകളുടെ പകുതിയോളം വെള്ളമെത്തിയാല്‍ അത് സുരക്ഷിതമാണെന്ന് കണക്കാക്കപ്പെടുന്നു. അങ്ങനെയാണെങ്കില്‍ നിങ്ങള്‍ക്ക് കാര്‍ എളുപ്പത്തില്‍ ഓടിക്കാന്‍ കഴിയും. ചക്രത്തിന്റെ അടിഭാഗത്തോ അല്‍പ്പം മുകളിലോ വെള്ളം നില്‍ക്കുന്നിടത്തോളം കാറിന്റെ പ്രധാന ഭാഗങ്ങളിലേക്ക് വെള്ളം കയറാനുള്ള സാധ്യത കുറവാണ്. കാറിന്റെ ബമ്പറില്‍ വെള്ളം എത്തിയാലോ അതിലും കൂടുതലായാലോ അപകടസാധ്യത കൂടുതലാണ്. അത്തരം റോഡുകളില്‍ വാഹനമോടിക്കുന്നത് എപ്പോഴും ഒഴിവാക്കണം.

എഞ്ചിന്‍ ഓഫ് ചെയ്യേണ്ടത് എപ്പോഴാണ്

വാഹനമോടിക്കുമ്പോള്‍ ജലനിരപ്പ് പെട്ടെന്ന് ഉയര്‍ന്ന് ഹുഡിലോ ഹെഡ്ലൈറ്റ് വരെയോ എത്തിയാല്‍ ഉടന്‍ ജാഗ്രത പാലിക്കണം. കാരണം കാറിന്റെ എഞ്ചിന് പ്രവര്‍ത്തിക്കാന്‍ വായു ആവശ്യമാണ്. ആ വായൂ എയര്‍ ഫില്‍ട്ടര്‍ വഴിയാണ് പ്രവേശിക്കുന്നത്. ഹുഡില്‍ വെള്ളം എത്തിയാല്‍ അത് എയര്‍ ഫില്‍ട്ടര്‍ വഴി എഞ്ചിനിലേക്കും പ്രവേശിക്കാം. ഹുഡില്‍ വെള്ളം എത്തിയതായി തോന്നിയാലുടന്‍ എഞ്ചിന്‍ ഓഫ് ചെയ്യണം.

എഞ്ചിന്‍ സിലിണ്ടറുകളില്‍ വെള്ളം കയറുമ്പോള്‍ എഞ്ചിന്‍ ജാം ആകും. ഓട്ടോമൊബൈല്‍ ഭാഷയില്‍ ഇതിനെ 'ഹൈഡ്രോലോക്ക്' എന്ന് വിളിക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍ എഞ്ചിന്‍ പൂര്‍ണ്ണമായും കേടാകുകയും നന്നാക്കാന്‍ വളരെയധികം ചെലവ് വരികയും ചെയ്യും. കൂടാതെ വെള്ളത്തിലൂടെ വാഹനമോടിക്കുമ്പോള്‍ കാര്‍ പെട്ടെന്ന് നിന്നുപോയാല്‍ അത് റീസ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിക്കുന്നത് ഒഴിവാക്കുക. എഞ്ചിന്‍ ഓഫാക്കി വീണ്ടും താക്കോല്‍ തിരിക്കുന്നത് വെള്ളം എഞ്ചിനിലേക്ക് വേഗത്തില്‍ തള്ളിവിടും.

ഈ കാര്യങ്ങള്‍ ഓര്‍ത്തുവയ്ക്കുക

  • വെള്ളം കെട്ടിക്കിടക്കുന്ന റോഡിലൂടെ എപ്പോഴും കാര്‍ ഫസ്റ്റ് അല്ലെങ്കില്‍ സെക്കന്‍ഡ് ഗിയറില്‍ ഓടിക്കുക. ഇത് കാറിന് പൂര്‍ണ്ണ പവര്‍ നല്‍കുന്നു.
  • എഞ്ചിന്‍ ഉയര്‍ന്ന വേഗതയില്‍ പ്രവര്‍ത്തിക്കാന്‍ ആക്‌സിലറേറ്റര്‍ ചെറുതായി അമര്‍ത്തിപ്പിടിക്കുക. ഇത് മഫ്‌ളറിലേക്ക് വെള്ളം കയറുന്നത് തടയും.
  • ആക്‌സിലറേറ്റര്‍ അമര്‍ത്തുമ്പോള്‍ കാറിന്റെ വേഗത നിയന്ത്രണത്തിലാക്കാനും അത് സ്തംഭിക്കുന്നത് തടയാനും ക്ലച്ച് പകുതി അമര്‍ത്തിപ്പിടിക്കുക.
  • കാര്‍ വെള്ളത്തില്‍ നിന്ന് പുറത്തെത്തിക്കുമ്പോള്‍ ബ്രേക്കുകള്‍ അല്‍പം അയഞ്ഞതായിരിക്കും.അതിനാല്‍, കാര്‍ ഉണങ്ങിയ സ്ഥലത്തേക്ക് മാറ്റിയ ശേഷം ബ്രേക്ക് രണ്ടുമൂന്നു തവണ പതുക്കെ അമര്‍ത്തുക. ഇതിലൂടെ ബ്രേക്കിലെ നനവ് മാറുകയും ബ്രേക്ക് വീണ്ടും സാധാരണ പോലെ പ്രവര്‍ത്തിക്കുകയും ചെയ്യും

Content Highlights : Waterlogged roads are common during the monsoon season. Therefore, it is important to know the depth of water through which your vehicle can be driven.

To advertise here,contact us